---
title: "214 പേര്‍ നിരീക്ഷണത്തില്‍"
english_title: "214 people are under observation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221572/214-people-are-under-observation"
published_at: "2024-07-20T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669bd390c8ffa_nipa.png"
keywords: []
---

# 214 പേര്‍ നിരീക്ഷണത്തില്‍

> **Lead Summary:** **മലപ്പുറം: **മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

## Article Content

**മലപ്പുറം: **മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി. മലപ്പുറം ജില്ലയിലുള്ളവര്‍ എല്ലാവരും മാസ്‌ക്ക് ധരിക്കണം. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. കടകള്‍ രാവിലെ 10 മുതല്‍ 5 മണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുളളു. മദ്രസ, ട്യൂഷന്‍ സെന്റര്‍ നാളെ പ്രവര്‍ത്തിക്കരുത്. മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ക്ക് ആള്‍കൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു.

നിലവില്‍ 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരില്‍ 60 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മാവന്‍ എന്നിവര്‍ ക്വാറന്റീനിലാണ്. നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ക്വാറന്റീനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ കുട്ടിക്ക് പനിബാധയുളളതിനാല്‍ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ജൂലൈ 10 നാണ് പാണ്ടിക്കാട് സ്വദേശിയായ 14 കാരന് പനി ബാധിച്ചത്.

12 ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി. ഭേദമാകാതിരുന്നതോടെ 13 ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15 ന് ഇതേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221572/214-people-are-under-observation)