---
title: "അര്‍ജ്ജുനെ തേടി കോഴിക്കോടിന്റെ രക്ഷാപ്രവര്‍ത്തകര്‍ "
english_title: "Rescue workers of Kozhikode searching for Arjun"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221996/rescue-workers-of-kozhikode-searching-for-arjun"
published_at: "2024-07-22T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e1ad38a750_AMEEN.jpg"
keywords: []
---

# അര്‍ജ്ജുനെ തേടി കോഴിക്കോടിന്റെ രക്ഷാപ്രവര്‍ത്തകര്‍ 

> **Lead Summary:** **ബംഗലൂരു: **കര്‍ണ്ണാടകയിലെ ഷിരൂരില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജ്ജുനെ കണ്ടെത്താന്‍ കോഴിക്കോട് ജില്ലയിലെ രണ്ട് രക്ഷാപ്രവര്‍ത്തക സംഘങ്ങളും കര്‍ണ്ണാടയിലെത്തി.

## Article Content

**ബംഗലൂരു: **കര്‍ണ്ണാടകയിലെ ഷിരൂരില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജ്ജുനെ കണ്ടെത്താന്‍ കോഴിക്കോട് ജില്ലയിലെ രണ്ട് രക്ഷാപ്രവര്‍ത്തക സംഘങ്ങളും കര്‍ണ്ണാടയിലെത്തി.

ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ലോറിയും അര്‍ജ്ജുനും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അധികൃതരുടെ നിഗമനം. കഴിഞ്ഞ ദിവസങ്ങളില്‍ സാങ്കേതിക കാരണങ്ങളാല്‍ മറ്റുള്ളവരെ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് നിന്ന് അവിടുത്തെ സര്‍ക്കാര്‍ വിലക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ മലയാളിയായ രഞ്ജിത്ത് ഇസ്രയലിന്റെ നിര്‍ദേശ പ്രകാരമാണ് തെരച്ചില്‍ നടത്തിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് കേരളത്തില്‍ നിന്നുള്ള ടീമുകള്‍ അങ്ങോട്ട് പുറപ്പെട്ടത്.

ബിജു കക്കയത്തിന്റെ നേതൃത്വത്തിലുള്ള കൂരാച്ചുണ്ട് അമീന്‍ റസ്‌ക്യൂ ടീമിലെ 8 പേരും, എന്റെ മുക്കം, കര്‍മ ഓമശ്ശേരി, പുല്‍പറമ്പ് രക്ഷാസേന തുടങ്ങിയ സന്നദ്ധ സംഘടനകളില്‍പ്പെട്ട 18 പേരുമാണ് കര്‍ണ്ണാടകയിലേക്ക് തിരിച്ചത്.

തങ്ങളുടെ ഇത്തരം മേഖലകളിലെ സഹായങ്ങളുമായി കൂരാച്ചുണ്ട് അമീന്‍ റസ്‌ക്യൂ ടീമും അപകടസ്ഥലത്തെത്തി. ദുരന്തമേഖലകളില്‍ വേഗത്തില്‍ ഇടപെടാന്‍ പരിശീലനം നേടിയ കെആര്‍ടി ടീമിന്റെ എട്ടംഗസംഘമാണ് എന്‍ഡിആര്‍എഫിന്റെ നിര്‍ദേശപ്രകാരം ഞായറാഴ്ച അപകടസ്ഥലത്തെത്തിയത്. രക്ഷാദൗത്യത്തിന് സഹായകരമായ ഉപകരണങ്ങളുമായി രണ്ടു വാഹനങ്ങളിലായാണ് സംഘം എത്തിയിട്ടുള്ളത്.

പ്രദേശത്ത് ഇടവിട്ട് മഴപെയ്യുന്നതും ചെളിമണ്ണും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതായി ബിജു കക്കയം പറഞ്ഞു. ഷമീര്‍ പിച്ചന്‍വീട്ടില്‍, സാദിഖ് ഓണാട്ട്, റിനോജ് ജോസ്, ഷെഫീഖ് മൂസ, പി.എം.സിയാദ്, മുസ്തഫ ചിറക്കല്‍, ബഷീര്‍ കൊല്ലി എന്നിവരാണ് ഈ ടീമിലുള്ളത്.

എന്റെ മുക്കം, കര്‍മ ഓമശ്ശേരി, പുല്‍പറമ്പ് രക്ഷാസേന തുടങ്ങിയ സന്നദ്ധ സംഘടനകളില്‍പ്പെട്ടവര്‍ ഇന്ന് പുലര്‍ച്ചെ രണ്ടോടെ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ബോട്ട്, സ്‌കൂബാ ഡൈവിംഗ് സെറ്റ്, റോപ് തുടങ്ങിയ സംവിധാനങ്ങളും ഇവര്‍ കരുതിയിട്ടുണ്ട്. അര്‍ജ്ജുനെ കാണാനില്ലെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധമായിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഇതുവരെ പോകാതിരുന്നത്.

ഇന്നലെ രാത്രിയോടെ എന്തുവന്നാലും രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ലഭ്യമായവരെ കൂട്ടി പുലര്‍ച്ചെയോടെ കര്‍ണാടകയിലേക്ക് തിരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221996/rescue-workers-of-kozhikode-searching-for-arjun)