---
title: "വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിപ്പ് നല്‍കാന്‍ ലീഗ് യോഗം ചേര്‍ന്നു"
english_title: "The League held a meeting to give the vice presidential election whip"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222197/the-league-held-a-meeting-to-give-the-vice-presidential-election-whip"
published_at: "2024-07-23T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f42ea8c700_yogam.jpg"
keywords: []
---

# വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിപ്പ് നല്‍കാന്‍ ലീഗ് യോഗം ചേര്‍ന്നു

> **Lead Summary:**  നാദാപുരം : ഇന്ന് രാവിലെ 11.30 ന് നടക്കുന്ന നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന മുസ്ലിം ലീഗ് നിലപാട് ഇന്ന് രാവിലെ അറിയാം. പാര്‍ട്ടി ജനപ്രതിനിധികളായ 12 പേര്‍ക്കും വിപ്പ് നല്‍കാനുള്ള അടിയന്തിര യോഗം ഇന്ന് രാവിലെ 10 ന് നാദാപുരം ലീഗ് ഹൗസില്‍ ചേര്‍ന്നു.

## Article Content

 നാദാപുരം : ഇന്ന് രാവിലെ 11.30 ന് നടക്കുന്ന നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന മുസ്ലിം ലീഗ് നിലപാട് ഇന്ന് രാവിലെ അറിയാം. പാര്‍ട്ടി ജനപ്രതിനിധികളായ 12 പേര്‍ക്കും വിപ്പ് നല്‍കാനുള്ള അടിയന്തിര യോഗം ഇന്ന് രാവിലെ 10 ന് നാദാപുരം ലീഗ് ഹൗസില്‍ ചേര്‍ന്നു.

രാവിലെ 11.30 നാണ് തെരഞ്ഞെടുപ്പ്. വിവാദത്തെ തുര്‍ന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ച അഖില മര്യാട്ടിനെ വീണ്ടും മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ വിയോജിപ്പ് അറിയിച്ച മുസ്ലിം ലീഗ് ഇന്നലെ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ ജനപ്രതിനിധികളുടെയും നേതാക്കളുടെയും യോഗം ചേര്‍ന്നിരുന്നു.

ഡിസിസി ആവശ്യത്തെ തുടര്‍ന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് പങ്കെടുത്താണ് ഇന്നലെ നാദാപുരം ലീഗ് ഹൗസില്‍ യോഗം ചേര്‍ന്നത്. മുസ്ലിം ലീഗ് നാദാപുരം പഞ്ചായത്ത് കമ്മറ്റിയാണ് തങ്ങളുടെ വിയോജിപ്പ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്.

ഇതോടെ നാദാപുരം വൈസ് പ്രസിഡന്റ്  സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി. ഇത് ഇന്നത്തെ യോഗത്തില്‍ പരിഹരിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസ് ജനപ്രതിനിധി ഏത് സ്ഥാനം വഹിക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത് അതില്‍ മറ്റ് പാര്‍ട്ടികളുടെ തീരുമാനം വേണ്ടന്ന നിലപാട് തുടരുന്ന കോണ്‍ഗ്രസ് നേതാക്കളുണ്ട്. നാദാപുരത്ത് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്.

കോണ്‍ഗ്രസിന് അഖിലയ്ക്ക് പുറമേയുള്ള ഏക വനിതാ അംഗം റീന ആശാവര്‍ക്കറാണ്. ഈ പദവി ജോലിക്ക് തടസമായതിനാല്‍ സ്റ്റാന്റിംഗ് കമ്മറ്റി പദവി അവര്‍ നിരസിച്ചിരുന്നു. മുസ്ലിം ലീഗുമായും യുഡിഎഫിലും ചര്‍ച്ച ചെയ്യാതെയാണ് ആരോപണ വിധേയമയ അഖിലയെ കോണ്‍ഗ്രസ് നേതൃത്വം വീണ്ടും മത്സരിപ്പിക്കാന്‍ തയ്യാറായതാണ് മുസ്ലിംലീഗിനെ ചൊടുപ്പിച്ചത്.

സമൂഹമാധ്യമത്തിലൂടെ ഉയര്‍ന്നുവന്ന ചില കാര്യങ്ങളിലെ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് അഖില മര്യാട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന അഖില മര്യാട്ട് തല്‍സ്ഥാനത്തുനിന്നും സ്വയം രാജി വെച്ചിരുന്നു.

അതിനെ തുടര്‍ന്ന് പ്രസ്തുത വിഷയത്തെ കുറിച്ച് അന്വേഷിക്കുന്നതിനായ് ഡിസിസി വൈസ് പ്രസിഡന്റ് പി.കെ. ഹബീബ്, ഡിസിസി ജനറല്‍ സെക്രട്ടറി പ്രമോദ് കക്കട്ടില്‍ എന്നിവരടങ്ങുന്ന ഒരു കമ്മീഷനെ ഡിസിസി നിയമിച്ചിരുന്നു. ഇവര്‍ ഈ കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ഡിസിസിക്ക് കൈമാറിയിട്ടുണ്ട്.

അഖില മര്യാട്ട് ഈ വിഷയത്തില്‍ ഒരു തരത്തിലും കുറ്റക്കാരിയല്ലെന്നും അവര്‍ ചതിക്കപ്പെടുകയാണ് ഉണ്ടായതെന്നും ബോധ്യപ്പെട്ടിരിക്കുന്നതായി കമ്മീഷന്‍ അംഗങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിഷയത്തില്‍ അഖില മര്യാട്ട് ഇരയാണെന്നും അവരോടൊപ്പം പാര്‍ട്ടിയും പൊതു സമൂഹവും ഉറച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.

ഒരു തരത്തിലുള്ള കുറ്റവും തെറ്റും അഖിലയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ ഒരു വേട്ടക്കാരനാല്‍ വഞ്ചിക്കപ്പെടുകയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന നാദാപുരം വൈസ് പ്രസിഡന്റ്  സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പില്‍ അഖില മര്യാട്ടിനെ വീണ്ടും മത്സരിപ്പിക്കുവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.

സമൂഹമാധ്യമത്തിലൂടെ അഖില മര്യാട്ടിനെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ അവര്‍ നടത്തുന്ന പോരാട്ടത്തിന് കോണ്‍ഗ്രസ് അവരോടൊപ്പം നില്‍ക്കും. പൊലീസ് ഈ കാര്യത്തില്‍ അലംഭാവം കാണിക്കുകയാണെന്നും അടിയന്തിരമായി പൊലീസ് അഖിലക്കെതിരെ വ്യക്തിഹത്യ നടത്തുന്നവനെതിരെ നിയമനടപടികള്‍ ഊര്‍ജിതപ്പെട്ടുത്തണമെന്നും ഡിസിസി പ്രസ്താവനയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222197/the-league-held-a-meeting-to-give-the-vice-presidential-election-whip)