---
title: " എല്‍ഡിഎഫ് നടത്തിയ മാര്‍ച്ച് അപഹാസ്യമാണെന്ന്  യുഡിഎഫ്"
english_title: " March by LDF UDF Says It's Ridiculous"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222815/march-by-ldf-udf-says-its-ridiculous"
published_at: "2024-07-25T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a267b0e702a_ldf.jpg"
keywords: []
---

#  എല്‍ഡിഎഫ് നടത്തിയ മാര്‍ച്ച് അപഹാസ്യമാണെന്ന്  യുഡിഎഫ്

> **Lead Summary:** **പേരാമ്പ്ര :** ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ഇന്ന് എല്‍ഡിഎഫ് നടത്തിയ മാര്‍ച്ച് അപഹാസ്യമാണെന്ന് പഞ്ചായത്ത് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര :** ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ഇന്ന് എല്‍ഡിഎഫ് നടത്തിയ മാര്‍ച്ച് അപഹാസ്യമാണെന്ന് പഞ്ചായത്ത് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഗ്രാമപഞ്ചായത്തില്‍ വികസനം സ്തംഭിച്ചിരിക്കുകയാണെന്നാണ് പ്രധാന ആരോപണം. പ്രധാന നിര്‍വ്വഹണ ഏകോപനം നടത്തേണ്ട പ്രധാന സ്റ്റാന്റിഗ് കമ്മറ്റികളായ വികസനം, ക്ഷേമം എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനത്ത് എല്‍ഡിഎഫ് മെമ്പര്‍മാര്‍ തന്നെയാണ്. ഭരണവും സമരവും എന്ന ഇരട്ടത്താപ്പാണ് ഇവര്‍ നടത്തുന്നതെന്നും ഇവര്‍ ആരോപിച്ചു.

ഉപതിരഞ്ഞെടുപ്പിലൂടെ ഗ്രാമപഞ്ചായത്തിന്റെ ഭരണം നഷ്ടപ്പെടുകയും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചെറുവണ്ണൂരില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി 2400 ല്‍ പരം വോട്ടിന്റെ ലീഡ് നേടുകയും ചെയ്ത സാഹചര്യത്തില്‍ സമരങ്ങളിലൂടെ തങ്ങളുടെ അണികളെ ഒന്നിപ്പിക്കാനുള്ള രാഷ്ട്രീയ നാടകമാണ് ഇതെന്നും ഇവര്‍ ആരോപിച്ചു.

സംസ്ഥാന സര്‍ക്കാറിലെ തദ്ദേശ സ്വയംഭരണ വകുപ്പ് ഉപയോഗിച്ച് എഇ അടക്കമുള്ള ഉദ്യോഗസ്ഥ പോസ്റ്റുകളില്‍ ആളുകളെ നിയമിക്കാതെ ഭരണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ എല്ലാം സ്തംഭിച്ചിരിക്കുന്നു എന്ന് ആരോപിച്ച് സമരം ചെയ്യുന്നവര്‍ സമരം ചെയ്യേണ്ടത് വികസന സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.ആര്‍ രാഘവന്റെ അടുത്തേക്കാണ്. താല്കാലികമായി രാഷ്ട്രിയ നിയമനം തേടിയ ഡ്രൈവറോട് അന്തസ്സോടെ ഇറങ്ങി പോകാനാണ് പറയേണ്ടത് അല്ലാതെ കേസു നടത്തുകയല്ല വേണ്ടത്.

പഞ്ചായത്ത് പ്രസിഡണ്ടിന്റെ പേരില്‍ കേസില്ലാതെ വ്യാജ ആരോപണം ഉന്നയിക്കരുത്. വ്യാജ ഒപ്പിട്ടതായുള്ള പരാതിയില്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. റോഡുകള്‍ തകര്‍ന്നതിന് കാരണം ജല്‍ജീവന്‍ പദ്ധതിക്കായി കുഴിഴയടുത്തതിനാലാണെന്നും ജല്‍ ജീവന്‍ പദ്ധതി കരാര്‍ കമ്പനിക്കാരുടെ വിഹിതം സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്തതിനാല്‍ കടക്കെണിയിലായ കമ്പനികള്‍ വര്‍ക്ക് മുന്നോട്ട് കൊണ്ട് പോകുന്നതില്‍ അലംഭാവം കാണിക്കുന്നതിനാലാണ് റോഡുകള്‍ ശോചനാവസ്ഥയിലായതെന്നും അതിന്ന് പഞ്ചായത്തല്ല ഉത്തരവാദിയെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത്, വൈസ് പ്രസിഡന്റ് ആദില നിബ്രാസ്, ഗ്രാമപഞ്ചായത്തംഗം എ.കെ. ഉമ്മര്‍, ഡിസിസി അംഗം വി.ബി. രാജേഷ്, മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ കരീം കോച്ചേരി, യുഡിഎഫ് കണ്‍വീനര്‍ ശങ്കരന്‍ പിലാക്കാട്ട് എന്നിവര്‍സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222815/march-by-ldf-udf-says-its-ridiculous)