---
title: "കടിയങ്ങാട് ടൗണ്‍ ഇരുട്ടില്‍; വര്‍ഷം ഒന്ന് തികയും മുമ്പേ മിനിമാസ്റ്റ് ലൈറ്റുകള്‍ കണ്ണ് ചിമ്മി"
english_title: "Katiyangad town in darkness; The minimast lights blink before the year is over"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22295/katiyangad-town-in-darkness-the-minimast-lights-blink-before-the-year-is-over"
published_at: "2022-01-23T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ed49f070e9b_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കടിയങ്ങാട് ടൗണ്‍ ഇരുട്ടില്‍; വര്‍ഷം ഒന്ന് തികയും മുമ്പേ മിനിമാസ്റ്റ് ലൈറ്റുകള്‍ കണ്ണ് ചിമ്മി

> **Lead Summary:** ** പേരാമ്പ്ര:** കടിയങ്ങാട് പെരുവണ്ണാമൂഴി റോഡ് ജംങ്ഷനില്‍ പേരാമ്പ്ര-കുറ്റ്യാടി പാതയില്‍ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഒരു വര്‍ഷം തികയും മുമ്പേ കണ്ണടച്ചു.

## Article Content

** പേരാമ്പ്ര:** കടിയങ്ങാട് പെരുവണ്ണാമൂഴി റോഡ് ജംങ്ഷനില്‍ പേരാമ്പ്ര-കുറ്റ്യാടി പാതയില്‍ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഒരു വര്‍ഷം തികയും മുമ്പേ കണ്ണടച്ചു.

സമീപ പ്രദേശങ്ങളില്‍ വഴിയരികില്‍ സ്ഥാപിച്ച തെരുവ് വിളക്കുകളും കൂട്ടത്തോടെ കണ്ണടച്ചിട്ട് നാളുകളേറെയായി. ഇതോടെ സന്ധ്യ കഴിഞ്ഞാല്‍ കടിയങ്ങാട് ടൗണും പരിസരവും പൂര്‍ണ്ണമായും ഇരുട്ടിലാണ്.

ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ക്കും കൗമാരക്കാര്‍ക്കും മദ്യ-മയക്കുമരുന്ന് ലോബികളുടെയും തെരുവ് പട്ടികളുടേയും വിഹാര കേന്ദ്രമായി ടൗണ്‍ മാറിട്ടുണ്ട്.

രാത്രി ഏറെ വൈകി ദൂര സ്ഥലത്തു നിന്നും വന്നിറങ്ങുന്ന മുതുകാട്, പെരുവണ്ണാമൂഴി, പന്തിരിക്കര, പട്ടാണിപ്പാറ, ചക്കിട്ടപ്പാറയിലേക്കും മറ്റുമുള്ള യാത്രക്കാരും, പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളും, കുട്ടികളുമടക്കം പ്രയാസത്തിലാവുന്നതും നിത്യസംഭവമാണ്.

കത്താത്ത ബമ്പുകള്‍ക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നും ഭീമമായ തുക മാസം തോറും വൈദ്യുതചാര്‍ജായി നല്‍കുകയും ചെയ്യുന്നുണ്ട്.

ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ തകരാര്‍ പരിഹരിക്കണമെന്ന് പല തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22295/katiyangad-town-in-darkness-the-minimast-lights-blink-before-the-year-is-over)