---
title: "പൂര്‍ണ്ണ - ഉറൂബ് നോവല്‍ അവാര്‍ഡ് രമേശ് കാവിലിന് "
english_title: "Purna - Urub Novel Award to Ramesh Kavil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223099/purna-urub-novel-award-to-ramesh-kavil"
published_at: "2024-07-26T23:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3e54a02dc4_ramesh_kavil.JPG"
keywords: []
---

# പൂര്‍ണ്ണ - ഉറൂബ് നോവല്‍ അവാര്‍ഡ് രമേശ് കാവിലിന് 

> **Lead Summary:** **പേരാമ്പ്ര : **പൂര്‍ണ്ണ - ഉറൂബ് നോവല്‍ അവാര്‍ഡ് 2024 കവിയും ഗാനരചയിതാവുമായ രമേശ് കാവിലിന്. രമേശ് കാവില്‍ രചിച്ച പാതിര എന്ന നോവലിനാണ് മികച്ച അപ്രകാശിത നോവലിനുള്ള അവാര്‍ഡിന് അര്‍ഹമായത്.

## Article Content

**പേരാമ്പ്ര : **പൂര്‍ണ്ണ - ഉറൂബ് നോവല്‍ അവാര്‍ഡ് 2024 കവിയും ഗാനരചയിതാവുമായ രമേശ് കാവിലിന്. രമേശ് കാവില്‍ രചിച്ച പാതിര എന്ന നോവലിനാണ് മികച്ച അപ്രകാശിത നോവലിനുള്ള അവാര്‍ഡിന് അര്‍ഹമായത്.

25000 രൂപയും പ്രശസ്തിപത്രവും ശിലാഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഗാന രചനയില്‍ വളരെ ശ്രദ്ധേയനായി മാറിയ രമേശ് കാവില്‍ തന്റെ മേഖലയില്‍ നടത്തിയ മാറ്റം അവിടെയും തന്റെതായ കയ്യൊപ്പ് ചാര്‍ത്തിയിരിക്കുകയാണ് അവാര്‍ഡ് ലഭിച്ചതിലൂടെ. രണ്ട് മാസം മുമ്പ് എഴുതിതീര്‍ത്ത നോവലായ പാതിര വായനക്കാരന്റെ കൈകിലേക്ക് എത്തുന്നതേയുള്ളൂ.

മലയാളിയുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന ഒട്ടനവധി ഹൃദ്യമായ സിനിമാ ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച ഇദ്ദേഹത്തിന് മികച്ച ഗാനരചയിതാവിനുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നാല് തവണ ലഭിച്ചിട്ടുണ്ട്. 2019 ല്‍ നാടക രചയിതാവിനുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡും നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

അടൂര്‍ ഭാസി ഫൗണ്ടേഷന്‍ പുരസ്‌കാരം തോപ്പില്‍ ഭാസി സ്മാരക സമിതി പുരസ്‌കാരം ഉള്‍പ്പെടെ 50 ലധികം സംസ്ഥാനതല പുരസ്‌കാരങ്ങള്‍ ലഭിച്ചു.

അധ്യാപകനായ രമേശ് കാവിലിനെ മികച്ച തിരക്കഥക്ക് പൊതുവിദ്യാദ്യാസ വകുപ്പും പുരസ്‌ക്കാരം നല്‍കി ആദരിച്ചു. 250 നാടകങ്ങള്‍ 20 ഓളം ചലച്ചിത്രങ്ങള്‍ എന്നിവക്കായി 2000ത്തിലധികം ഗാനങ്ങള്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയ നാടകം ഏകാഭിനയം, ലളിതഗാനം, കഥാപ്രസംഗം എന്നിവയുടെ രചനയും നിര്‍വ്വഹിച്ചു.

ദേശീയ തലത്തില്‍ സര്‍വ്വകലാശാലാ തലത്തില്‍ രണ്ടു തവണ ഒന്നാമതെത്തിയ സംഘഗാനത്തിന്റെ രചനയും നിര്‍വ്വഹിച്ചു. കോഴിക്കോട് ആകാശവാണിയുടെ ടൈറ്റില്‍ സോംഗിന്റെ രചനയും നിര്‍വ്വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയ തിരക്കഥാ മത്സരത്തിലും കവിയരങ്ങ് മല്‍സരത്തിലും ഒന്നാം സ്ഥാനം ലഭിച്ചു. ടെലിഫിലിമുകള്‍ക്ക് തിരക്കഥയെഴുതുകയും സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223099/purna-urub-novel-award-to-ramesh-kavil)