---
title: "സംസ്ഥാനത്ത് ഇന്നും കനത്ത മഴ; വടക്കന്‍ കേരളത്തില്‍ അതീവ ജാഗ്രത, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് "
english_title: "Heavy rain in the state today; North Kerala on high alert, orange alert in 5 districts"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/224453/heavy-rain-in-the-state-today-north-kerala-on-high-alert-orange-alert-in-5-districts"
published_at: "2024-07-31T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa243c1760e_mazhaa.jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്നും കനത്ത മഴ; വടക്കന്‍ കേരളത്തില്‍ അതീവ ജാഗ്രത, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

> **Lead Summary:** **തിരുവന്തപുരം: **സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.

## Article Content

**തിരുവന്തപുരം: **സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, നാളത്തെ ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. മണ്ണിടിച്ചില്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും അതീവ ജാഗ്രത നിര്‍ദേശമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്ത പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണം.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്നും നദീതീരങ്ങളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്നും ആളുകള്‍ മാറി താമസിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ കേരളാ തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്.

അതേസമയം, നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷന്‍), തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ (പാലക്കടവ് സ്റ്റേഷന്‍), ഗായത്രി (കൊണ്ടാഴി സ്റ്റേഷന്‍), കീച്ചേരി (കോട്ടപ്പുറം സ്റ്റേഷന്‍), പാലക്കാട് ജില്ലയിലെ ഭാരതപ്പുഴ (കുമ്പിടി സ്റ്റേഷന്‍), കണ്ണാടിപ്പുഴ (പുദുര്‍ സ്റ്റേഷന്‍), പുലംതോട് (പുലാമന്തോള്‍ സ്റ്റേഷന്‍), മലപ്പുറം ജില്ലയിലെ കടലുണ്ടി (കാരത്തോട് സ്റ്റേഷന്‍) എന്നീ നദികളിലാണ് കേന്ദ്ര ജല കമ്മീഷന്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷന്‍), തൃശൂര്‍ ജില്ലയിലെ ചാലക്കുടി (അരങ്ങാലി സ്റ്റേഷന്‍), കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി (കുറ്റ്യാടി സ്റ്റേഷന്‍), കാസര്‍ഗോഡ് ജില്ലയിലെ ചന്ദ്രഗിരി (പൂക്കയം സ്റ്റേഷന്‍), പയസ്വിനി (എരിഞ്ഞിപുഴ സ്റ്റേഷന്‍) എന്നീ നദികളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/224453/heavy-rain-in-the-state-today-north-kerala-on-high-alert-orange-alert-in-5-districts)