---
title: "വയനാടിനെ ചേര്‍ത്ത് പിടിച്ച് മോഹന്‍ലാല്‍ "
english_title: "Mohanlal holding Wayanad together"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/225247/mohanlal-holding-wayanad-together"
published_at: "2024-08-03T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66addfa9e9e8b_mohanlal.jpg"
keywords: []
---

# വയനാടിനെ ചേര്‍ത്ത് പിടിച്ച് മോഹന്‍ലാല്‍ 

> **Lead Summary:** ** മേപ്പാടി :** വയനാട്ടിലെ ദുരന്ത മുഖങ്ങളില്‍ ദുരിത ബാധിതര്‍ക്ക് ആശ്വാസമേകാന്‍ ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ എത്തി. ഇന്നലെ കരിപ്പൂര്‍ എത്തിയ മോഹന്‍ലാല്‍ കോഴിക്കോട് നിന്ന് റോഡുമാര്‍ഗമാണ് വയനാട്ടിലെത്തിയത്.

## Article Content

** മേപ്പാടി :** വയനാട്ടിലെ ദുരന്ത മുഖങ്ങളില്‍ ദുരിത ബാധിതര്‍ക്ക് ആശ്വാസമേകാന്‍ ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ എത്തി. ഇന്നലെ കരിപ്പൂര്‍ എത്തിയ മോഹന്‍ലാല്‍ കോഴിക്കോട് നിന്ന് റോഡുമാര്‍ഗമാണ് വയനാട്ടിലെത്തിയത്.

മേപ്പാടി മൗണ്ട് ടാബോര്‍ സ്‌കൂളിലെ ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാമ്പിലാണ് ആദ്യം എത്തിയത്. പിന്നീട് അദ്ദേഹം മുണ്ടക്കൈയിലെത്തി സേനാംഗങ്ങളെ അഭിനന്ദിച്ചു. നേരത്തെ മുഖ്യമന്ത്രി ദുരിതാശ്വാസ നിതിയിലേക്ക് 25 ലക്ഷം രൂപ നല്‍കിയിരുന്നു. ദുരന്ത മേഖലയുടെ പുനരുദ്ധാരണത്തിനായി വിശ്വശാന്തി ഫൗണ്ടേഷന്‍ വക 3 കോടി നല്‍കുമെന്നും സ്ഥിതി നിരീക്ഷിച്ച ശേഷം ഫൗണ്ടേഷന്‍ വീണ്ടും സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ നല്‍കുന്നതാണെന്നും അദേഹം പറഞ്ഞു.

2015 ല്‍ മോഹന്‍ലാല്‍ മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തകുമാരിയുടെയും പേരില്‍ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷന്‍. വെള്ളാര്‍മല സ്‌കൂളിന്റെ പുനരുദ്ധാരണം ഏറ്റെടുക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. 2018 -ലെ പ്രളയ സമയത്തും മോഹന്‍ലാല്‍ സംഭാവന നല്‍കിയിരുന്നു.

സൈനിക വേഷത്തിലാണ് മലയാളത്തിന്റെ പ്രിയ നടന്‍ എത്തിയത്. ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ നടന്നതെന്ന് അദേഹം പറഞ്ഞു. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ല. മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. വയനാട്ടില്‍ നടന്നത് വളരെ സങ്കടകരമായ കാര്യമാണ്. നേരിട്ട് കണ്ടാല്‍ മാത്രം മനസിലാകുന്നതാണ് ദുരന്തത്തിന്റെ തീവ്രത. എല്ലാവരും സഹായിക്കുന്നത് വലിയ കാര്യമാണ്. സാധാരണക്കാര്‍ മുതല്‍ സൈന്യം വരെ എല്ലാവരും ദൗത്യത്തിന്റെ ഭാഗമായി.

താന്‍ കൂടി അടങ്ങുന്നതാണ് മദ്രാസ് 122 ബറ്റാലിയന്‍. കഴിഞ്ഞ 16 വര്‍ഷമായി താനീ സംഘത്തിലെ അംഗമാണ്. അവരടക്കം രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനും മനസ് കൊണ്ട് അവരെ നമസ്‌കരിക്കാനുമാണ് താന്‍ വന്നതെന്നും അദേഹം പറഞ്ഞു.

സൈന്യം നിര്‍മ്മിച്ച് ബെയ്‌ലി പാലം വഴി മുണ്ടക്കൈയില്‍ എത്തിയ മോഹന്‍ലാല്‍ രക്ഷദാൗത്യത്തില്‍ ഏര്‍പ്പെട്ട സൈനികരുമായും, വോളണ്ടിയര്‍മാരുമായും സംസാരിച്ചു. ബെയ്ലി പാലം തന്നെ വലിയ അദ്ഭുതമാണ്. ഈശ്വരന്റെ സഹായം കൂടെയുണ്ട് ഇത് യാഥാര്‍ത്ഥ്യമായതിന് പിന്നിലെന്ന് കരുതുന്നു. ഒരോ വിഭാഗങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് ഉരുള്‍പൊട്ടല്‍ രൂക്ഷമായി ബാധിച്ച പ്രദേശങ്ങള്‍ മോഹന്‍ലാല്‍ സന്ദര്‍ശിച്ചത്.

ഉരുള്‍ പൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിന് അടുത്തുള്ള പുഞ്ചിരമറ്റം വരെ മോഹന്‍ലാല്‍ എത്തി കാര്യങ്ങള്‍ നോക്കി കണ്ടിരുന്നു. ഇതിന് പിന്നാലെ നാട്ടുകാരോടും മോഹന്‍ലാല്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുന്നുണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം മേജര്‍ രവിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പിന്നീടാണ് ഇദ്ദേഹം മാധ്യമങ്ങളെ കണ്ട് തന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി സഹായം പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/225247/mohanlal-holding-wayanad-together)