---
title: "കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസ് സമരം   തീര്‍പ്പാക്കണമെന്ന് യൂത്ത് ലീഗ് "
english_title: " Youth League Demands End Of Private Bus Strike On Kuttiyadi Route "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226164/youth-league-demands-end-of-private-bus-strike-on-kuttiyadi-route"
published_at: "2024-08-06T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b25ac0dde2a_leeg.jpg"
keywords: []
---

# കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസ് സമരം   തീര്‍പ്പാക്കണമെന്ന് യൂത്ത് ലീഗ് 

> **Lead Summary:** **പേരാമ്പ്ര: **മൂന്ന് ദിവസമായി കോഴിക്കോട് - കുറ്റ്യാടി റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തുന്ന സമരം തീര്‍പ്പാക്കാന്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്ന് മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **മൂന്ന് ദിവസമായി കോഴിക്കോട് - കുറ്റ്യാടി റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തുന്ന സമരം തീര്‍പ്പാക്കാന്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്ന് മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ബസ് ജീവനക്കാര്‍ നടത്തുന്ന സമരം എന്ത് ആവശ്യം മുന്‍ നിര്‍ത്തിയാണെങ്കിലും അത് സാധാരണ യാത്രക്കാരെ പ്രയാസപ്പെടുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തണം. സമരം മൂലം കഴിഞ്ഞ മൂന്ന് ദിവസമായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് യാത്രക്കാരാണ് പ്രയാസപ്പെടുന്നത്. കെ.എസ്. ആര്‍.ടി.സി ബസില്‍ കണ്‍സഷന്‍ ലഭിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്‌ളാസുകളില്‍ പോവാന്‍ സാധിക്കുന്നില്ല. സമരം മുന്‍നിര്‍ത്തി കെ.എസ്. ആര്‍.ടി.സി അധിക സര്‍വ്വീസ് നടത്തി ഈ റൂട്ടിലെ യാത്രക്കാരെ സഹായിക്കാത്തത് പ്രതിഷേധാര്‍ഹമാണ്.

എത്രയും പെട്ടെന്ന് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ തയ്യാറാവാത്തപക്ഷം യൂത്ത് ലീഗ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് അദ്ധ്യക്ഷത വഹിച്ചു. ശിഹാബ് കന്നാട്ടി, കെ.സി മുഹമ്മദ്, സലിം മിലാസ്, സത്താര്‍ കീഴരിയൂര്‍, കെ.കെ റഫീഖ്, ടി.കെ നഹാസ്, ശംസുദ്ധീന്‍ വടക്കയില്‍, ജറീഷ് കുന്നത്ത്, പി.വി മുഹമ്മദ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226164/youth-league-demands-end-of-private-bus-strike-on-kuttiyadi-route)