---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌ക്കാരം കരസ്ഥമാക്കി "
english_title: "Perambra Block Panchayat won the award for Best Block Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227698/perambra-block-panchayat-won-the-award-for-best-block-panchayat"
published_at: "2024-08-12T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9e91e2f838_block.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌ക്കാരം കരസ്ഥമാക്കി 

> **Lead Summary:** **പേരാമ്പ്ര : **ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം 2022-23 പുരസ്‌കാരത്തില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌ക്കാരം കരസ്ഥമാക്കി. 10 ലക്ഷം രൂപ സമ്മാനതുകയായി ബ്ലോക്ക് പഞ്ചായത്തിന് ലഭിക്കും.

## Article Content

**പേരാമ്പ്ര : **ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം 2022-23 പുരസ്‌കാരത്തില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌ക്കാരം കരസ്ഥമാക്കി. 10 ലക്ഷം രൂപ സമ്മാനതുകയായി ബ്ലോക്ക് പഞ്ചായത്തിന് ലഭിക്കും.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജാണ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആര്‍ദ്ര കേരളം ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രിപറഞ്ഞു.

ആര്‍ദ്ര കേരളം പദ്ധതിയില്‍ 2022-23 വര്‍ഷം ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 1144.61 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റേയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച്, മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയും, പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു.

ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതു സ്ഥലങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്. എറണാകുളം ജില്ലയിയെ മണീട് ഗ്രാമപഞ്ചായത്താണ് സംസഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയത്.

മികച്ച ജില്ല പഞ്ചായത്തായി എറണാകുളം ജില്ലാ പഞ്ചായത്തിനെയും കോര്‍പ്പറേഷനായി തിരുവനന്തപുരം കോര്‍പ്പറേഷനെയും മികച്ച മുന്‍സിപ്പാലിറ്റിയായി മലപ്പുറഗ ജില്ലയിലെ പൊന്നാനി മുന്‍സിപ്പാലിറ്റിയെയും തെരഞ്ഞെടുത്തു.

ജില്ലാതലത്തില്‍ കോഴിക്കോട് ജില്ലയിലെ മികച്ച പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌ക്കാരത്തിന് ഒന്നാം സ്ഥാനം കക്കോടി ഗ്രാമ പഞ്ചായത്തിനും രണ്ടാം സ്ഥാനം പെരുമണ്ണ ഗ്രാമ പഞ്ചായത്തിനും മൂന്നാം സ്ഥാനം അരിക്കുളം ഗ്രാമ പഞ്ചായത്തിനും ലഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227698/perambra-block-panchayat-won-the-award-for-best-block-panchayat)