---
title: "കുറ്റ്യാടി കോഴിക്കോട് സംസ്ഥാന പാതയുടെ ശോച്യാവസ്ഥ; ഏകത പരിഷത്ത് പ്രവര്‍ത്തകര്‍ സത്യാഗ്രഹ സമരം നടത്തി"
english_title: "Dilapidated condition of Kuttyadi Kozhikode state highway; Ekta Parishad activists staged a satyagraha strike"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227710/dilapidated-condition-of-kuttyadi-kozhikode-state-highway-ekta-parishad-activists-staged-a-satyagraha-strike"
published_at: "2024-08-12T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9f2ad54526_road.jpg"
keywords: []
---

# കുറ്റ്യാടി കോഴിക്കോട് സംസ്ഥാന പാതയുടെ ശോച്യാവസ്ഥ; ഏകത പരിഷത്ത് പ്രവര്‍ത്തകര്‍ സത്യാഗ്രഹ സമരം നടത്തി

> **Lead Summary:** ** പേരാമ്പ്ര: **കുറ്റ്യാടി കോഴിക്കോട് സംസ്ഥാന പാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഏകത പരിഷത്ത് പ്രവര്‍ത്തകര്‍ സത്യാഗ്രഹ സമരം നടത്തി.

## Article Content

** പേരാമ്പ്ര: **കുറ്റ്യാടി കോഴിക്കോട് സംസ്ഥാന പാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഏകത പരിഷത്ത് പ്രവര്‍ത്തകര്‍ സത്യാഗ്രഹ സമരം നടത്തി.

നിത്യേന ചെറുതും വലുതുമായി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോവുന്ന ഈ റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് മാസങ്ങളായി.  റോഡ് നിറയെ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത് യാത്രക്കാരുടെ ജീവന് വരെ ഭീഷണിയാവുന്ന സ്ഥിതിയാണെന്നും ദിവസവും ഇരുചക്രവാഹനക്കാര്‍ അപകടത്തില്‍പെടുന്നതായും സമരക്കാര്‍ ആരോപിച്ചു.

ഇതിന് ശാശ്വത പരിഹാരം ഉണ്ടാവണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പേരാമ്പ്ര പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തിയത്.

സമരം ഏകതാ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്  പപ്പന്‍ കന്നാട്ടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വേലായുധന്‍ കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. ഏകതാ പരിഷത്ത് രക്ഷാധികാരി അബ്ദുള്ള പുനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡന്റ്  ഒ. കരുണാകരന്‍, എം. സുജാത, വി.എം. സമീഷ്, ഒ.കെ. ശാന്ത എന്നിവര്‍ സംസാരിച്ചു.

ഏകതാ പരിഷത്ത് ജില്ല സെക്രട്ടറി ബീന ചന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് രാജന്‍ കോവുപ്പുറത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഏകതാ പരിഷത്ത് നേതാക്കള്‍ അസിസ്റ്റന്റ് എഞ്ചിനിയറുമായി ചര്‍ച്ച നടത്തി. റോഡിലെ കുഴി അടക്കല്‍ പ്രവര്‍ത്തി ആരംഭിച്ചതായും ടാറിംഗ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അസിസ്റ്റന്റ് എഞ്ചിനിയര്‍ സമരക്കാരെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227710/dilapidated-condition-of-kuttyadi-kozhikode-state-highway-ekta-parishad-activists-staged-a-satyagraha-strike)