---
title: "തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകളെ ആദരിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് "
english_title: "Perambra Block Panchayat honoring the gram panchayats who have done good work in the employment guarantee scheme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227970/perambra-block-panchayat-honoring-the-gram-panchayats-who-have-done-good-work-in-the-employment-guarantee-scheme"
published_at: "2024-08-13T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb39e89a02b_0000_ATTACH__OUT.jpg"
keywords: []
---

# തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകളെ ആദരിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 

> **Lead Summary:** ** പേരാമ്പ്ര : **തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകളെ ആദരിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 7 ഗ്രാമപഞ്ചായത്തുകളെയാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആദരിച്ചത്. തുടര്‍ന്ന് ജനപ്രതിനിധികള്‍ക്കുള്ള ഒരു അര്‍ദ്ധദിന പരിശീലനവും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര : **തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകളെ ആദരിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 7 ഗ്രാമപഞ്ചായത്തുകളെയാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആദരിച്ചത്. തുടര്‍ന്ന് ജനപ്രതിനിധികള്‍ക്കുള്ള ഒരു അര്‍ദ്ധദിന പരിശീലനവും സംഘടിപ്പിച്ചു.

തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ പ്രദാനം ചെയ്ത പേരാമ്പ്ര ഗ്രാമപഞ്ചായത്ത്, രണ്ടാം സ്ഥാനം നേടിയ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത്, ഏറ്റവും കൂടുതല്‍ എസ്ടി കുടുംബങ്ങള്‍ക്ക് 200 തൊഴില്‍ ദിനം നല്‍കിയ ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത്, ഏറ്റവും കുടുതല്‍ എസ്്‌സി കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കിയ കൂത്താളി ഗ്രാമ പഞ്ചായത്ത്, മുഴുവന്‍ തൊഴിലാളികള്‍ക്കും കൃത്യ സമയത്ത് വേതനം നല്‍കിയ നൊച്ചാട് ഗ്രാമ പഞ്ചായത്ത്, തൊഴിലുറപ്പില്‍ 130 ശതമാനം പണിപൂര്‍ത്തീകരിച്ച ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്, ഹരിത കേരള പദ്ധതി നടപ്പിലാക്കിയതിന് കായണ്ണ ഗ്രാമ പഞ്ചായത്ത് എന്നീ പഞ്ചായത്തുകളെയാണ് ആദരിച്ചത്.

പേരാമ്പ്ര വി.വി. ദക്ഷിണാമൂര്‍ത്തി ടൗണ്‍ ഹാളില്‍ വെച്ച് നടന്ന ആദരിക്കല്‍ ചടങ്ങ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. പാത്തുമ്മ അധ്യക്ഷത വഹിച്ചു. ജില്ല ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. റെജികുമാര്‍ മഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സുനില്‍, ഉണ്ണി വേങ്ങേരി, സി.കെ. ശശി, കെ.കെ. ബിന്ദു, ശാരദ പട്ടേരികണ്ടി, വി.കെ. പ്രമോദ്, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. സജീവന്‍, ശശികുമാര്‍ പേരാമ്പ്ര, പി.കെ. രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. അജിത, ഗിരിജ ശശി, പി.ടി. അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വിഡിഒ പി. കാദര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ജോയിന്റ് ബിഡിഒ പി.കെ. സുജീഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ജനപ്രതിനിധികള്‍ക്കുള്ള പരിശീലന പരിപാടിയില്‍ കില ഫാക്കല്‍റ്റിയും കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് ബിഡിഒയുമായ കെ.ടി. മനോജ്കുമാര്‍ ക്ലാസ് എടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227970/perambra-block-panchayat-honoring-the-gram-panchayats-who-have-done-good-work-in-the-employment-guarantee-scheme)