---
title: "രോഗികളായ 4 അംഗകുടുംബം ഇടിഞ്ഞ് വീഴാറായ വീട്ടില്‍ അധികൃതരുടെ കനിവിനായ് കാത്തിരിക്കുന്നു"
english_title: "A family of 4 sick people are waiting for the mercy of the authorities in the collapsed house"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22886/a-family-of-4-sick-people-are-waiting-for-the-mercy-of-the-authorities-in-the-collapsed-house"
published_at: "2022-01-27T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f23ce96866d_0000 WATERMARK.jpg"
keywords: []
---

# രോഗികളായ 4 അംഗകുടുംബം ഇടിഞ്ഞ് വീഴാറായ വീട്ടില്‍ അധികൃതരുടെ കനിവിനായ് കാത്തിരിക്കുന്നു

> **Lead Summary:** ** പേരാമ്പ്ര : **വയോധികനായ ഗൃഹനാഥനും ഭാര്യയും ഭിന്നശേഷിക്കാരനും നിരവധി രോഗങ്ങള്‍ക്ക് അടിമയുമായ മകനും വിധവയായ മകളും അടങ്ങുന്ന പാവപ്പെട്ട കുടുംബം താമസിക്കുന്നത് ഇടിഞ്ഞ് വീഴാറായ വീട്ടിലാണ്. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 19 ാം വാര്‍ഡില്‍ കൈപ്രം കരിങ്ങാറ്റിമ്മല്‍ ഭഗവതി ക്ഷേത്രത്തിന് സമീപം കിഴക്കെ കുറുങ്ങോട്ട് കുഞ്ഞികൃഷ്ണന്‍ അടിയോടിയുടെ വീടിനാണ് ഈ ദുര്‍ഗതി.

## Article Content

** പേരാമ്പ്ര : **വയോധികനായ ഗൃഹനാഥനും ഭാര്യയും ഭിന്നശേഷിക്കാരനും നിരവധി രോഗങ്ങള്‍ക്ക് അടിമയുമായ മകനും വിധവയായ മകളും അടങ്ങുന്ന പാവപ്പെട്ട കുടുംബം താമസിക്കുന്നത് ഇടിഞ്ഞ് വീഴാറായ വീട്ടിലാണ്. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 19 ാം വാര്‍ഡില്‍ കൈപ്രം കരിങ്ങാറ്റിമ്മല്‍ ഭഗവതി ക്ഷേത്രത്തിന് സമീപം കിഴക്കെ കുറുങ്ങോട്ട് കുഞ്ഞികൃഷ്ണന്‍ അടിയോടിയുടെ വീടിനാണ് ഈ ദുര്‍ഗതി.

പ്രായാധിക്യവും വാതരോഗവും മൂലം എഴുന്നേറ്റ് നടക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ് എഴുപതുകാരനായ കുഞ്ഞികൃഷ്ണന്‍. രോഗിയായ ഭാര്യ കല്യാണി അമ്മക്കും 25 കാരനായ ഭിന്നശേഷിക്കാരനായ മകനും വിധവയായ മകള്‍ക്കും അടച്ചുറപ്പുള്ള വീടെന്ന ആവശ്യവുമായി ഇയാള്‍ മുട്ടാത്ത വാതിലുകളില്ല. മറ്റ് വരുമാനങ്ങളൊന്നുമില്ലാതെ സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമ പെന്‍ഷനെ മാത്രം ആശ്രയിച്ചാണ് ഇവര്‍ കഴിയുന്നത്.

മകന്റെ ചികിത്സക്ക് നിത്യേനയെന്നോണം ആശുപത്രിയില്‍ കൊണ്ടുപോവണം. ഇതിന് വലിയൊരു തുകയും ആവശ്യമാണ്. ഏത് സമയവും നിലം പതിക്കാറായ വീട്ടിലാണ് ഇവരുടെ താമസം. ഓടുകള്‍ പൊളിഞ്ഞ് മരത്തിന്റെ കഴുക്കോലും പട്ടികയും ചിതലരിച്ച് നിലത്ത് വീഴാറായ അവസ്ഥയില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ ഇട്ട് മൂടിയ നിലയിലാണ് വീടുള്ളത്.

കഴിഞ്ഞ 30 വര്‍ഷത്തോളമായി ഇവര്‍ ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് വീടിനുള്ള അപേക്ഷ നല്‍കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. ലൈഫ് പദ്ധതികള്‍ ഉള്‍പ്പെടെയുള്ള ഭവന നിര്‍മ്മാണ പദ്ധതികള്‍ ഉണ്ടായിട്ടും ഈ നിര്‍ദ്ധന കുടുംബത്തിന് അധികൃതരുടെ കനിവ് ഇതുവരെ ലഭിച്ചിട്ടില്ല.

ഈ പ്രദേശത്ത് വീടിന് ധനസഹായത്തിന് പരിഗണിക്കേണ്ട ഏറ്റവും അര്‍ഹതപ്പെട്ട കുടുംബം ഇതായിട്ടും മറ്റുള്ളവര്‍ക്ക് വീട് അനുവദിച്ചു നല്‍കിയിട്ടുണ്ടെന്നും ഓരോ വര്‍ഷവും അടുത്ത വര്‍ഷം പരിഗണിക്കുമെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22886/a-family-of-4-sick-people-are-waiting-for-the-mercy-of-the-authorities-in-the-collapsed-house)