---
title: "ബൈപ്പാസിന് തോട് നികത്തിയതോടെ നെല്‍കൃഷി നശിച്ചു"
english_title: "Paddy cultivation was destroyed as the bypass was filled with bark"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22899/paddy-cultivation-was-destroyed-as-the-bypass-was-filled-with-bark"
published_at: "2022-01-27T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f247c2741dc_0000 WATERMARK.jpg"
keywords: []
---

# ബൈപ്പാസിന് തോട് നികത്തിയതോടെ നെല്‍കൃഷി നശിച്ചു

> **Lead Summary:** ** പേരാമ്പ്ര :** പേരാമ്പ്ര ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി തോട് നികത്തിയതോടെ നെല്‍കൃഷി നശിച്ചു. കക്കാട് വയലില്‍ എ.കെ. കരുണാകരന്‍ നായരുടെ ഒന്നര ഏക്കറോളം വരുന്ന വയലിലെ നെല്‍കൃഷിയാണ് നശിച്ചത്.

## Article Content

** പേരാമ്പ്ര :** പേരാമ്പ്ര ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി തോട് നികത്തിയതോടെ നെല്‍കൃഷി നശിച്ചു. കക്കാട് വയലില്‍ എ.കെ. കരുണാകരന്‍ നായരുടെ ഒന്നര ഏക്കറോളം വരുന്ന വയലിലെ നെല്‍കൃഷിയാണ് നശിച്ചത്.

വയലിന്റെ കിഴക്ക് ഭാഗത്ത് കൂടിയാണ് തോട് ഉണ്ടായിരുന്നത്. ഇത് മണ്ണിട്ട് നികത്തിയതോടെ വയലില്‍ വെള്ളം കെട്ടി നിന്ന് കൃഷി നശിക്കുകയായിരുന്നു. കൊയ്യാന്‍ പാകമായ മകരം നെല്ലാണ് വെള്ളം ഒഴിഞ്ഞു പോകാതായതോടെ പാടത്ത് വീണ് നശിച്ചത്. നെല്ല് പാടത്ത് വീണതോടെ കളയും നിറഞ്ഞു. സാധാരണ ഗതിയില്‍ നല്ല വിളവ് ലഭിച്ചുകൊണ്ടിരുന്നതാണ്. എന്നാല്‍ ഇത്തവണ വിളവിന്റെ മൂന്നിലൊന്നു പോലും ഇവര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണുള്ളത്.

എണ്‍പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൊഴിലാളികള്‍ക്ക് കൊടുത്ത കൂലിക്ക് പോലും നെല്ല് ലഭിക്കുകയില്ല. തരിശ് പാടങ്ങളെല്ലാം കൃഷിയോഗ്യമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് വര്‍ഷാവര്‍ഷം കൃഷി ചെയ്തു പോരുന്ന കര്‍ഷകര്‍ക്ക് ഇത്തരമൊരു ദുരുയോഗം ഉണ്ടായിരിക്കുന്നത്.

വെള്ളം ഒഴിഞ്ഞുപോകാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ഈ മേഖലയില്‍ റോഡ് പ്രവര്‍ത്തി കുറച്ച് ദിവസങ്ങള്‍ നീട്ടിവെക്കുകയോ ചെയ്തിരുന്നെങ്കില്‍ തങ്ങള്‍ക്ക് വിളവെടുക്കാന്‍ കഴിയുമായിരുന്നെന്ന് കര്‍ഷകര്‍ പറയുന്നു.

ഉദ്ഘാടകന്റെ സൗകര്യമനുസരിച്ച് റോഡുകളുടെയും പാലങ്ങളുടെയും പ്രവര്‍ത്തി ഉദ്ഘാടനങ്ങള്‍ നീട്ടിവെക്കുന്ന നാട്ടിലാണ് കര്‍ഷകന്റെ വിയര്‍പ്പിന് വില കല്‍പ്പിക്കാത്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22899/paddy-cultivation-was-destroyed-as-the-bypass-was-filled-with-bark)