---
title: "ഹരിത ഭവനം പ്രൈമറി അധ്യാപകര്‍ക്കുള്ള ശില്പശാലയുടെ ജില്ലാതല ഉദ്ഘാടനം "
english_title: "District level inauguration of workshop for Harita Bhawanam primary teachers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231461/district-level-inauguration-of-workshop-for-harita-bhawanam-primary-teachers"
published_at: "2024-08-27T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd82fe01a29_haritham.JPG"
keywords: []
---

# ഹരിത ഭവനം പ്രൈമറി അധ്യാപകര്‍ക്കുള്ള ശില്പശാലയുടെ ജില്ലാതല ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര:** കോഴിക്കോട് ജില്ല വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷനും ചേര്‍ന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്‌മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 'ഹരിത ഭവനം' പദ്ധതിയുടെ സന്ദേശം പ്രൈമറി സ്‌കൂള്‍ അധ്യാപകരിലേക്കും വിദ്യാര്‍ത്ഥികളിലേക്കും എത്തിക്കാനായി പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ശില്പശാലകള്‍ക്ക് തുടക്കമായി.

## Article Content

**പേരാമ്പ്ര:** കോഴിക്കോട് ജില്ല വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷനും ചേര്‍ന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്‌മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 'ഹരിത ഭവനം' പദ്ധതിയുടെ സന്ദേശം പ്രൈമറി സ്‌കൂള്‍ അധ്യാപകരിലേക്കും വിദ്യാര്‍ത്ഥികളിലേക്കും എത്തിക്കാനായി പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ശില്പശാലകള്‍ക്ക് തുടക്കമായി.

ശില്പശാലകളുടെ ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര ബിആര്‍സി ഹാളില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു നിര്‍വഹിച്ചു. പേരാമ്പ്ര എഇഒകെ വി പ്രമോദ് അധ്യക്ഷനായി.

പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍ പ്രസിഡണ്ട് വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു. ബിപിസി വി.പി നിത, ഹെഡ്മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ കെ സജീവന്‍, ഫൗണ്ടേഷന്‍ സെക്രട്ടറി സെഡ്.എ സല്‍മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബാബു പറമ്പത്ത് ശില്പശാല നയിച്ചു. മാലിന്യമുക്ത നവ കേരളത്തിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പേരാമ്പ്ര ഉപജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി കെ.പി സമീര്‍ കണ്‍വീനറും കെ അഷിത ജോയിന്റ് കണ്‍വീനറും ഉപജില്ലയിലെ 9 ഗ്രാമപഞ്ചായത്ത് പരിധിയിലെയും ഓരോ അധ്യാപകര്‍ അംഗങ്ങളും ആയി സമിതി രൂപീകരിച്ചു. മാലിന്യ സംസ്‌കരണം, ഊര്‍ജ്ജ സംരക്ഷണം, ജലസംരക്ഷണം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളില്‍ സ്വയം പര്യാപ്തമായ യൂണിറ്റുകളാക്കി നമ്മുടെ വീടുകളെ മാറ്റുന്ന പദ്ധതിയാണിത്.

ജില്ലയിലെ മുഴുവന്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വീടുകള്‍ ഹരിതഭവനങ്ങളും വിദ്യാലയങ്ങള്‍ ഹരിത വിദ്യാലയങ്ങളും ആക്കി മാറ്റുകയാണ് ചെയ്യുക. ഇതിന്റെ ഭാഗമായി വീടുകളിലും വിദ്യാലയങ്ങളിലും 3 പെട്ടികള്‍ വയ്ക്കണം ഒന്നാമത്തെതില്‍ പ്ലാസ്റ്റിക്, രണ്ടാമത്തേതില്‍ ചെരുപ്പ്, ബാഗ്, റെക്‌സിന്‍, തെര്‍മോകോള്‍, മൂന്നാമത്തേതില്‍ ചില്ല് എന്നിവ കഴുകി ഉണക്കി ശേഖരിക്കണം. ശേഖരിച്ചവ നിശ്ചിത ഇടവേളകളില്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറണം.

പെട്ടികള്‍ വെച്ചതിന്റെ ഫോട്ടോയും ഹരിത കര്‍മ്മ സേനയ്ക്ക് മാലിന്യം കൈമാറിയതിന്റെ രസീത് സ്‌കാന്‍ ചെയ്തതും ഹരിത ഭവനത്തിനായി രൂപീകരിച്ച ജില്ലാതല വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യണം. ഇങ്ങനെ ചെയ്യുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ട്.

ഊര്‍ജ സംരക്ഷണത്തിനായി ഒരു സ്വിച്ച് പോലും അനാവശ്യമായി ഓണ്‍ ചെയ്ത് വെക്കുന്നില്ല എന്ന് ഉറപ്പുവരുത്തും; ഊര്‍ജ ക്ഷമതയുളള ഇലക്ട്രിക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കും. ജല സംരക്ഷണത്തിനായി ഒരു തുള്ളി വെള്ളം പോലും ദുരൂപയോഗപ്പെടുത്തുന്നില്ല എന്ന് ഉറപ്പു വരുത്തും. ഭക്ഷ്യസുരക്ഷയ്ക്കായി വീട്ടുവളപ്പില്‍ പരമാവധി കൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231461/district-level-inauguration-of-workshop-for-harita-bhawanam-primary-teachers)