---
title: "സാഹിതി -അസറ്റ് മൂന്നാമത് അധ്യാപക ഐക്കണ്‍ പുരസ്‌കാരം ഡോ.എ.കെ.അബ്ദുല്‍ ഹക്കീമിന് "
english_title: "Sahitya-Asset 3rd Teacher Icon Award to Dr AK Abdul Hakeem"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231719/sahitya-asset-3rd-teacher-icon-award-to-dr-ak-abdul-hakeem"
published_at: "2024-08-28T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ced0afe9bea_award3.JPG"
keywords: []
---

# സാഹിതി -അസറ്റ് മൂന്നാമത് അധ്യാപക ഐക്കണ്‍ പുരസ്‌കാരം ഡോ.എ.കെ.അബ്ദുല്‍ ഹക്കീമിന് 

> **Lead Summary:** **പേരാമ്പ്ര: **2023-24 വര്‍ഷത്തെ സാഹിതി -അസറ്റ് മൂന്നാമത് അധ്യാപക ഐക്കണ്‍ പുരസ്‌കാരത്തിന് സമഗ്ര ശിക്ഷ അഭയാന്‍ കോഴിക്കോട് ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ഡോ. എ.കെ. അബ്ദുല്‍ ഹക്കീം അര്‍ഹനായി.

## Article Content

**പേരാമ്പ്ര: **2023-24 വര്‍ഷത്തെ സാഹിതി -അസറ്റ് മൂന്നാമത് അധ്യാപക ഐക്കണ്‍ പുരസ്‌കാരത്തിന് സമഗ്ര ശിക്ഷ അഭയാന്‍ കോഴിക്കോട് ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ഡോ. എ.കെ. അബ്ദുല്‍ ഹക്കീം അര്‍ഹനായി.

പതിനായിരത്തി ഒന്ന് രൂപയും പ്രശസ്ത ശില്പി ആര്‍ട്ടിസ്റ്റ് ബി.ഡി ദത്തന്‍ രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വിദ്യാഭ്യാസ രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണയിച്ചതെന്ന് അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടിയും സാഹിതി സെക്രട്ടറി ജനറല്‍ ബിന്നി സാഹിതിയും അവാര്‍ഡ് നിര്‍ണയ കമ്മറ്റി കണ്‍വീനര്‍ നസീര്‍ നൊച്ചാടും അറിയിച്ചു.

സെപ്റ്റംബര്‍ എട്ടിന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം എസ്.പി. ഗ്രാന്‍ഡ് ഡെയ്‌സില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അവാര്‍ഡ് സമ്മാനിക്കും.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പത്തോളം കൃതികളുടെ രചയിതാവായ ഇദ്ദേഹം കേരളത്തിലെ എല്ലാ മുന്‍നിര എഴുത്തുകാരുമായി അഭിമുഖവും നടത്തിയിട്ടുണ്ട്. കഴിഞ്ഞ 7 വര്‍ഷമായി കോഴിക്കോട് നടന്നു വരുന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ജനറല്‍ കണ്‍വീനറാണ്.

സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മറ്റി അംഗം, സര്‍വ്വ വിജ്ഞാനകോശം ഡയറക്ടര്‍ ബോര്‍ഡ് അംഗം, ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

ഭിന്ന ശേഷി വിദ്യാഭ്യസ മേഖലയില്‍ നടപ്പിലാക്കിയ നൂതനാശയങ്ങള്‍ക്ക് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ പ്ലാനിംഗ് ആന്റ് അഡ്മിനിസ്‌ട്രേഷന്റെ ദേശീയ തല അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

മുന്‍ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എം. സുജയ് ചെയര്‍മാനും ഫാ. സജി മേക്കാട്ട്, ഡോ. ഗിഫ്റ്റി എല്‍സാ വര്‍ഗ്ഗീസ്, അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടി, നസീര്‍ നൊച്ചാട്, ബിന്നി സാഹിതി എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231719/sahitya-asset-3rd-teacher-icon-award-to-dr-ak-abdul-hakeem)