---
title: "മദ്യ-മയക്കുമരുന്ന് മാഫിയയില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ ജനകീയ കൂട്ടായ്മ "
english_title: "People's Alliance to Save the Nation from the Alcohol and Drug Mafia"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23622/peoples-alliance-to-save-the-nation-from-the-alcohol-and-drug-mafia"
published_at: "2022-01-31T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f7aa1fd8df1_0000 WATERMARK.jpg"
keywords: []
---

# മദ്യ-മയക്കുമരുന്ന് മാഫിയയില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ ജനകീയ കൂട്ടായ്മ 

> **Lead Summary:** ** പേരാമ്പ്ര: **മദ്യ-മയക്കുമരുന്ന് മാഫിയയില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ ചാലിക്കര അങ്ങാടിയിലും പരിസരങ്ങളിലും വര്‍ദ്ധിച്ചു വരുന്ന മദ്യ-മയക്കുമരുന്നു ഉപയോഗത്തിനെതിരെയും അവയുടെ വില്‍പനക്കെതിരെയും ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, മത-സാമൂഹ്യ സാംസ്‌കരിക സംഘടനകള്‍ എന്നിവരുടെ സംയുക്ത യോഗം തീരുമാനിച്ചു.

## Article Content

** പേരാമ്പ്ര: **മദ്യ-മയക്കുമരുന്ന് മാഫിയയില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ ചാലിക്കര അങ്ങാടിയിലും പരിസരങ്ങളിലും വര്‍ദ്ധിച്ചു വരുന്ന മദ്യ-മയക്കുമരുന്നു ഉപയോഗത്തിനെതിരെയും അവയുടെ വില്‍പനക്കെതിരെയും ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, മത-സാമൂഹ്യ സാംസ്‌കരിക സംഘടനകള്‍ എന്നിവരുടെ സംയുക്ത യോഗം തീരുമാനിച്ചു.

കഴിഞ്ഞ കുറെ കാലങ്ങളായി ചാലിക്കരയും പരിസര പ്രദേശങ്ങളും മദ്യ മയക്കുമരുന്ന് വില്പനക്കാരുടെ വിഹാര കേന്ദ്രങ്ങളാവുകയാണ്. പുറത്ത് നിന്ന് വന്നെത്തുന്ന മയക്കുമരുന്നുകളുടെ വില്‍പ്പനക്കാരും ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട് ലറ്റുകളില്‍ നിന്ന് മദ്യം വാങ്ങി അധിക വിലയ്ക്ക് വില്‍ക്കുന്ന ഏജന്റുമാരും ഇവിടെ സജീവമാണ്. ഒട്ടേറേ യുവാക്കളും, വിദ്യാര്‍ത്ഥികളും ഇവരുടെ ഇരകളാണ്.

കഴിഞ്ഞ ദിവസം മയക്കുമരുന്ന് ലഹരിയിലായിരുന്ന ചില യുവാക്കള്‍ ചാലിക്കര അങ്ങാടിയില്‍ അക്രമം നടത്തിയിരുന്നു. നാട്ടുകാരുടെയും പൊതുപ്രവര്‍ത്തകരുടെയും സമയോചിതമായ ഇടപെടല്‍ മൂലമാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഇല്ലാതായത്.

ചാലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ റീജനല്‍ സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്കും, സഹകരണ ബാങ്കില്‍ എത്തുന്ന ഇടപാടുകാര്‍ക്കും, സുഭിക്ഷയില്‍ എത്തുന്നവര്‍ക്കും ഈ മാഫിയ സംഘങ്ങള്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇതിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനും കുടുംബശ്രീ, പോലീസ്, എക്‌സൈസ് എന്നിവരുമായി സഹകരിച്ച് ശക്തമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ. മധുകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ലിമ പാലയാട്ട്, സി. ബാലന്‍, പി.എം. പ്രകാശന്‍, പി.കെ.കെ. നാസര്‍, എന്‍. ഹരിദാസ്, പി. സുരാജ്, കെ.പി. ആലികുട്ടി, സി. ആലിക്കുഞ്ഞ്, പി. അനില്‍കുമാര്‍, സി. അബ്ദുറിമാന്‍ എന്നിവര്‍ സംസാരിച്ചു. കെ. മധുകൃഷ്ണന്‍ ചെയര്‍മാനും, ലിമ പാലയാട്ട് വൈസ് ചെയര്‍ പേഴ്‌സനും, സുരാജ് പാലയാട്ട് കണ്‍വീനറുമായി ജനകീയ ജാഗ്രത സമിതി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23622/peoples-alliance-to-save-the-nation-from-the-alcohol-and-drug-mafia)