---
title: "എരവട്ടൂരില്‍ മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് കസ്റ്റഡിയില്‍ "
english_title: "A young man who tried to pawn a mukkupandam in Eravattur is in police custody"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237771/a-young-man-who-tried-to-pawn-a-mukkupandam-in-eravattur-is-in-police-custody"
published_at: "2024-09-24T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2a90e596be_swarnam.JPG"
keywords: []
---

# എരവട്ടൂരില്‍ മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് കസ്റ്റഡിയില്‍ 

> **Lead Summary:** **പേരാമ്പ്ര**: എരവട്ടൂരില്‍ മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് കസ്റ്റഡിയില്‍. എടവരാട് സ്വദേശി കുന്നത്ത് മീത്തല്‍ ആസിഫ് അലിയാണ് കസ്റ്റഡിയിലായത്.

## Article Content

**പേരാമ്പ്ര**: എരവട്ടൂരില്‍ മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് കസ്റ്റഡിയില്‍. എടവരാട് സ്വദേശി കുന്നത്ത് മീത്തല്‍ ആസിഫ് അലിയാണ് കസ്റ്റഡിയിലായത്.

പേരാമ്പ്ര റീജണല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ എരവട്ടൂര്‍ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പൊലീസ് കസ്റ്റഡിയിലാവുന്നത്.

ഇന്ന് ഉച്ചയോടെ 11 ഗ്രാം 510 മില്ലി തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ച് യുവാവ് 30,000 രൂപ ആവശ്യപ്പെടുകയായിരുന്നു. സ്വര്‍ണ്ണം കയ്യില്‍ ലഭിച്ച ബാങ്ക് ജീവനക്കാര്‍ക്ക് ഇത് വ്യാജമാണെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ഇത് വ്യാജമാണെന്ന് തിരിച്ചറിയുകയുകയായിരുന്നു.

തുടര്‍ന്ന് ജീവനക്കാര്‍ വിവരം പേരാമ്പ്രയിലെ ഹെഡ് ഓഫീസില്‍ അറിയിക്കുകയായിരുന്നു. അവിടെ നിന്നും എത്തിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പേരാമ്പ്ര പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് എത്തി ഇയാളെ ചോദ്യം ചെയ്യാന്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇയാള്‍ ഇതേ ബാങ്കില്‍ സ്വര്‍ണ്ണം പണയം വെച്ച് വായ്പ എടുത്ത വ്യക്തിയാണ്. ഈ വ്യാജ സ്വര്‍ണ്ണം പണയം വെക്കാന്‍ മറ്റൊരാള്‍ നല്‍കിയതാണെന്ന് ആസിഫ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237771/a-young-man-who-tried-to-pawn-a-mukkupandam-in-eravattur-is-in-police-custody)