---
title: "പുറ്റാട് ചെറുകുന്ന് തലച്ചില്ലേന്‍ പരദേവതാ ക്ഷേത്രത്തില്‍ കെട്ടിയാടുന്ന വട്ടം പിടിതിറ വിസ്മയ കാഴ്ചയായി"
english_title: "Puttad Cherukunnu Thalachillen Paradevata Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23782/puttad-cherukunnu-thalachillen-paradevata-temple"
published_at: "2022-02-01T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f8e0dde65a6_0000 WATERMARK.jpg"
keywords: []
---

# പുറ്റാട് ചെറുകുന്ന് തലച്ചില്ലേന്‍ പരദേവതാ ക്ഷേത്രത്തില്‍ കെട്ടിയാടുന്ന വട്ടം പിടിതിറ വിസ്മയ കാഴ്ചയായി

> **Lead Summary:** ** പേരാമ്പ്ര: **പുറ്റാട് ചെറുകുന്ന് തലച്ചില്ലേന്‍ പരദേവതാ ക്ഷേത്രത്തില്‍ കെട്ടിയാടുന്ന വട്ടം പിടിതിറ കാണികള്‍ക്ക് വിസ്മ കാഴ്ചയാണ്. പച്ചമുളയും പച്ചപാളയും കുരുത്തോലയും കൊണ്ടു ഉണ്ടാക്കിയ വലിയമുടി തലയില്‍ വെച്ച് വട്ടംകറങ്ങി കൊണ്ട് ഓലചൂട്ടിന്റെ വെളിച്ചത്തിലാണ് വട്ടം പിടിതിറ കെട്ടിയാടുന്നത്. തിറയുടെ വലതുകൈയ്യില്‍ ചുരികയും ഇടതു കൈയ്യില്‍ കുന്തവും പിടിക്കും.

## Article Content

** പേരാമ്പ്ര: **പുറ്റാട് ചെറുകുന്ന് തലച്ചില്ലേന്‍ പരദേവതാ ക്ഷേത്രത്തില്‍ കെട്ടിയാടുന്ന വട്ടം പിടിതിറ കാണികള്‍ക്ക് വിസ്മ കാഴ്ചയാണ്. പച്ചമുളയും പച്ചപാളയും കുരുത്തോലയും കൊണ്ടു ഉണ്ടാക്കിയ വലിയമുടി തലയില്‍ വെച്ച് വട്ടംകറങ്ങി കൊണ്ട് ഓലചൂട്ടിന്റെ വെളിച്ചത്തിലാണ് വട്ടം പിടിതിറ കെട്ടിയാടുന്നത്. തിറയുടെ വലതുകൈയ്യില്‍ ചുരികയും ഇടതു കൈയ്യില്‍ കുന്തവും പിടിക്കും.

ചുരിക പിടിച്ച വലുതു കൈയ്യിലും ഇടതു കൈയ്യിലെ കുന്തത്തിലും പിടിച്ചു കൊണ്ട് ക്ഷേത്ര തറവാടുമായി ബന്ധപ്പെട്ട രണ്ടു പേര്‍ തിറയ്ക്ക് ഒപ്പവും ഉണ്ടാകും. തിറയ്ക്ക് മുമ്പില്‍ രണ്ട് ഭാഗത്തായി വാദ്യക്കാരും അവര്‍ക്ക് മുമ്പിലായി ക്ഷേത്ര തറവാടുമായി ബന്ധമുള്ള ഇരുപതോളം പേര്‍ വെള്ളമുണ്ട് തറ്റു ഉടുത്ത് ഇരു കൈയ്യിലും കത്തിച്ച ഓല ചൂട്ടുമായി രണ്ടു വശങ്ങളിലായും നില്‍ക്കും.

അവര്‍ക്ക് പിന്നിലായി തലയില്‍ ചുവന്ന പട്ടുകെട്ടി കൈയ്യില്‍ വാളും പരിചയും പിടിച്ച് തിറയെ പോരിന് വിളിക്കുന്ന രീതിയില്‍ മറ്റൊരാളും നില്‍ക്കും. അയാളെ മറച്ചു പിടിച്ച് നാലോ അഞ്ചോ പേര്‍ മുന്നിലായും ഉണ്ടാകും. തലയില്‍ ചുവപ്പു കെട്ടിയ തന്നെ കളിയാക്കി പോരിനു വിളിക്കുന്ന ആളെ കിട്ടാനായി തിറ വളരെ പതുക്കെ വട്ടം കറങ്ങി കൊണ്ടാണ് മുന്നോട്ടു നീങ്ങുക. വട്ടം കറങ്ങുന്ന തിറ ഓരോ പ്രാവിശ്യവും ചൂട്ടു പിടിക്കുന്നവര്‍ക്ക് അഭിമുഖമായി എത്തുമ്പോള്‍ തലയില്‍ പട്ട് കെട്ടിയ ആള്‍ പോരിന് വിളിക്കുന്ന തരത്തില്‍ തിറയ്ക്ക് മുമ്പിലേക്ക് ചാടി അമരുന്നു. അപ്പോള്‍ അയാളെ എതിരിടാനായി തിറ മുന്നോട്ട് കുതിക്കും.

അപ്പോഴെല്ലാം കുന്തത്തില്‍ പിടിച്ച ആളും കൈ പിടിച്ച ആളും ചേര്‍ന്നാണ് തിറയെ പിടിച്ചു നിര്‍ത്തുന്നത്. അതെ സന്ദര്‍ഭത്തില്‍ തന്നെ കത്തുന്ന ചൂട്ടുമായി രണ്ടു ഭാഗത്ത് നില്‍ക്കുന്നവര്‍ തിറയുടെ മുന്നിലേക്ക് മൂന്നു പ്രാവശ്യം ചാടി അമരുകയും അതേ രീതിയില്‍ പിന്നിലോട്ട് വന്നു നില്‍ക്കുകയും ചെയ്യും. ഇങ്ങനെ മുന്നോട്ടു വരുന്നതിറ മൂന്നു പ്രാവിശ്യം അമ്പലം ചുറ്റി കഴിഞ്ഞാല്‍ തന്നെ പോരിന് വിളിച്ച ആളെ കിട്ടാനായി അമ്പലം ചുറ്റും ഓടാന്‍ തുടങ്ങും. അവസാനം ഉറഞ്ഞു തുള്ളി ഓടുന്നതിറയെ ചൂട്ടു പിടിച്ചവര്‍ തന്നെ പിടിച്ച് അരിക്കല്ലില്‍ ഇരുത്തുന്നതോടെയാണ് രണ്ടര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വട്ടം പിടിതിറ അവസാനിക്കുന്നത്.

കേരളത്തില്‍ ഈ ക്ഷേത്രത്തില്‍ മാത്രം കെട്ടിയാടുന്നതിറയാണ് ഇത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രവുമായി ബന്ധപ്പെട്ട തറവാട്ടിലെ കാരണവന്മാര്‍ കാളയെയും നായാട്ടു നായയെയും വാങ്ങുന്നതിനായി വയനാട്ടിലെ പൂതാടി കോട്ട ക്ഷേത്രത്തിനടുത്ത് എത്തുകയും രാത്രി അവിടെ തങ്ങുകയും ചെയ്തു. ഉറക്കത്തില്‍ ആയോധന പരിശീലനത്തിന്റെ ശബ്ദം കേട്ടസ്ഥലത്തെ ലക്ഷ്യമാക്കി ചെന്നപ്പോള്‍ ദേവന്മാര്‍ തമ്മിലുള്ള കളരി അഭ്യാസങ്ങള്‍ കാണാന്‍ ഇടയായി.

ഈ ദേവന്മാരെ ധര്‍മ്മദേവന്മാരായി നാട്ടില്‍ കൊണ്ടുപോകാന്‍ കഴിയണെയെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഒരാള്‍ വാളും പരിചയുമായി കളരിക്ക് സമീപത്തേക്ക് ചാടി അമരുകയും ദേവന്മാരെ പോരിനു വിളിക്കുന്ന രീതിയില്‍ കളിയാക്കി ഇന്നു കാണുന്ന പുറ്റാട് ചെറുകുന്ന് ക്ഷേത്രത്തില്‍ എത്തിച്ചു എന്നതാണ് വട്ടം പിടിതിറയുടെ പിന്നിലെ ഐതിഹ്യം.

രണ്ടര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈതിറ കാണുവാന്‍ ജില്ലയുടെ പല ഭാഗത്ത് നിന്നും ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്. വളരെ വിഷമം പിടിച്ച വട്ടംപിടിതിറ ഉള്ളിയേരിയിലെ മൂന്നുറ്റാന്‍ രമേശനാണ് ഇപ്പോള്‍ ക്ഷേത്രത്തില്‍ കെട്ടിയാടുന്നത്. മകരം 20, 21 തിയ്യതികളിലാണ് എല്ലാ വര്‍ഷവും ഉത്സവം നടക്കാറ്. ഓലച്ചൂട്ടിന്റെ വെളിച്ചത്താല്‍ മാത്രം കൊട്ടിയാടുന്ന വട്ടം പിടിതിറ കാണുന്നവര്‍ക്ക് വിസ്മയ കാഴ്ച തന്നെയാണ് ഒരുക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23782/puttad-cherukunnu-thalachillen-paradevata-temple)