---
title: "കുറ്റ്യാടി പുഴയോരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നതായി പരാതി "
english_title: "Complaint of dumping of plastic waste on the banks of Kuttyadi river"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23792/complaint-of-dumping-of-plastic-waste-on-the-banks-of-kuttyadi-river"
published_at: "2022-02-01T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f8ea46baa24_0000 WATERMARK.jpg"
keywords: []
---

# കുറ്റ്യാടി പുഴയോരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നതായി പരാതി 

> **Lead Summary:** ** പേരാമ്പ്ര :** കുറ്റ്യാടി പുഴയോരത്ത് മാലിന്യങ്ങള്‍ തള്ളുന്നതായി പരാതി. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കുന്നശ്ശേരി ഭാഗത്തെ പുഴയോരത്താണ് മാലിന്യം തള്ളുന്നത്. ഇവിടെ വാഴയില്‍ കടവത്ത് താഴെ ഭാഗത്ത് ചാക്കുകളിലാക്കിയ നിലയിലാണ് വീടുകളിലെ അവശിഷ്ടങ്ങള്‍ കൊണ്ടു വന്നിടുന്നത്. നാല് ദിവസം മുന്‍പാണ് പ്ലാസ്റ്റിക് ചാക്കുകളിലാക്കി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഗാര്‍ഹിക മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിച്ചത്.

## Article Content

** പേരാമ്പ്ര :** കുറ്റ്യാടി പുഴയോരത്ത് മാലിന്യങ്ങള്‍ തള്ളുന്നതായി പരാതി. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കുന്നശ്ശേരി ഭാഗത്തെ പുഴയോരത്താണ് മാലിന്യം തള്ളുന്നത്. ഇവിടെ വാഴയില്‍ കടവത്ത് താഴെ ഭാഗത്ത് ചാക്കുകളിലാക്കിയ നിലയിലാണ് വീടുകളിലെ അവശിഷ്ടങ്ങള്‍ കൊണ്ടു വന്നിടുന്നത്. നാല് ദിവസം മുന്‍പാണ് പ്ലാസ്റ്റിക് ചാക്കുകളിലാക്കി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഗാര്‍ഹിക മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിച്ചത്.

ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ കുറ്റ്യാടി പുഴയുടെ ഈ ഭാഗങ്ങളില്‍ കുളിക്കുന്നതിനും നീന്തുന്നതിനും പുഴ കാണുന്നതിനുമായി എത്തിച്ചേരുന്നുണ്ട്. വാഹനങ്ങളില്‍ എത്തിച്ചേരുന്ന ഇത്തരക്കാരാവാം ഇവിടെ മാലിന്യം നിക്ഷേപിച്ചതെന്ന് പരിസരവാസികള്‍ കരുതുന്നു. പാറക്കെട്ടുകളും ഉരുളന്‍ കല്ലുകളും ചെറുചെടികളും നിറഞ്ഞ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലമാണിത്.

ജാനകിക്കാട് ഇക്കോ ടൂറിസം സെന്ററിനോട് ചേര്‍ന്ന പ്രകൃതി മനോഹരമായ ഈ പുഴയോരവും പുഴയും മലിനമാക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ മാലിന്യ നിക്ഷേപത്തിനെതിരെ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. കുറ്റ്യാടി പുഴയോരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നവരെ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23792/complaint-of-dumping-of-plastic-waste-on-the-banks-of-kuttyadi-river)