---
title: "വിദ്യാഭ്യാസ വായ്പ അനുവദിച്ച് കിട്ടുന്നിലെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ ബാങ്കില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു"
english_title: "Parents are staging a sit-in protest at the bank alleging that they are not getting education loans"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23839/parents-are-staging-a-sit-in-protest-at-the-bank-alleging-that-they-are-not-getting-education-loans"
published_at: "2022-02-01T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f913fd01fc8_0000 WATERMARK.jpg"
keywords: []
---

# വിദ്യാഭ്യാസ വായ്പ അനുവദിച്ച് കിട്ടുന്നിലെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ ബാങ്കില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു

> **Lead Summary:** ** പേരാമ്പ്ര :** വിദ്യാഭ്യാസ വായ്പ അനുവദിച്ച് കിട്ടുന്നിലെന്ന് ആരോപിച്ച് പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ ബാങ്കില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. വായ്പ അനുവദിച്ച് കിട്ടിയില്ലെങ്കില്‍ പരീക്ഷ എഴുതാന്‍ പറ്റാത്ത അവസ്ഥയിലാണ് പേരാമ്പ്ര സ്വദേശിനിയായ വിദ്യാര്‍ത്ഥിനി. പേരാമ്പ്ര ടിബി റോഡില്‍ പ്രവര്‍ത്തിക്കുന്ന കേരള ഗ്രാമീണ ബാങ്കിലാണ് പിന്നോക്ക ജാതിയില്‍പ്പെട്ട ദമ്പതികള്‍ സമരം നടത്തുന്നത്.

## Article Content

** പേരാമ്പ്ര :** വിദ്യാഭ്യാസ വായ്പ അനുവദിച്ച് കിട്ടുന്നിലെന്ന് ആരോപിച്ച് പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ ബാങ്കില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. വായ്പ അനുവദിച്ച് കിട്ടിയില്ലെങ്കില്‍ പരീക്ഷ എഴുതാന്‍ പറ്റാത്ത അവസ്ഥയിലാണ് പേരാമ്പ്ര സ്വദേശിനിയായ വിദ്യാര്‍ത്ഥിനി. പേരാമ്പ്ര ടിബി റോഡില്‍ പ്രവര്‍ത്തിക്കുന്ന കേരള ഗ്രാമീണ ബാങ്കിലാണ് പിന്നോക്ക ജാതിയില്‍പ്പെട്ട ദമ്പതികള്‍ സമരം നടത്തുന്നത്.

പേരാമ്പ്ര ഗോലശാലക്കല്‍ താഴ ഇ.കെ. രാജു, ഭാര്യ റീന എന്നിവരാണ് ഇന്ന് കാലത്ത് മുതല്‍ ബാങ്ക് ശാഖയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ബാംഗലുരു മദര്‍ തെരേസ കോളെജില്‍ ബിഎസ്്സി നേഴ്സിംഗിന് പഠിക്കുന്ന അവ്യലക്ഷ്മിയുടെ വിദ്യാഭ്യാസ വായ്പക്കായി ഇവിടെ അപേക്ഷ നല്‍കിയിട്ട് ആറ് മാസം കഴിഞ്ഞെന്നും ഇതുവരെ വായ്പ അനുവദിച്ചു കിട്ടിയില്ലെന്നും ഇവര്‍ ട്രൂവിഷനോട് പറഞ്ഞു.

വിദ്യാഭ്യാസ ആവശ്യത്തിനായി 4 ലക്ഷം രൂപയുടെ വായ്പക്കായിരുന്നു. ആവശ്യമായ മുഴുവന്‍ രേഖകളും ഇവര്‍ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്രയും തുക അനുവദിക്കാനാവില്ലെന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ച് തരാമെന്നും അന്ന് പറഞ്ഞ ബാങ്ക് അധികൃതര്‍ പിന്നീട് 2.5 ലക്ഷം രൂപയേ അനുവദിക്കാനാവൂ എന്നും അറിയിച്ചതായി രക്ഷിതാക്കള്‍ പറഞ്ഞു. പിന്നീട് പല തവണ ബാങ്കില്‍ കയറി ഇറങ്ങിയിട്ടും വായ്പ അനുവദിച്ച് കിട്ടിയില്ല.

മകളുടെ പരീക്ഷാ തിയ്യതി അടുത്തിട്ടും ബാങ്ക് അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു അനുകൂല നടപടിയും ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് കുത്തിയിരിപ്പ് സമരം ആരംഭിച്ചതെന്നും ഇവര്‍ പറഞ്ഞു. നാളെ ആരംഭിക്കുന്ന പരീക്ഷക്ക് മറ്റ് വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഹാള്‍ടിക്കറ്റ് ലഭിച്ചപ്പോള്‍ ഫീസ് അടക്കാത്തതിന്റെ പേരില്‍ തങ്ങളുടെ മകള്‍ക്ക് മാത്രം ഹാള്‍ടിക്കറ്റ് ലഭിച്ചിട്ടില്ലെന്നും ഇതിന് ഉത്തരവാദികള്‍ ബാങ്ക് അധികൃതരാണെന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍ ഇവരുടെ അപേക്ഷയും അനുബന്ധ രേഖകളും അന്തിമാനുമതിക്കായി കല്പറ്റയിലെ റീജണല്‍ ഓഫീസിന് കൈമാറിയിട്ടുണ്ടെന്നും 2 ദിവസത്തിനകം തീരുമാനമുണ്ടാവുമെന്നും, മാനേജ്മെന്റ് സീറ്റില്‍ പഠിക്കുന്നവരുടെ വായ്പാകാര്യങ്ങളില്‍ അനുമതി നല്‍കേണ്ടത് റീജണല്‍ ഓഫീസില്‍ നിന്നാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23839/parents-are-staging-a-sit-in-protest-at-the-bank-alleging-that-they-are-not-getting-education-loans)