---
title: "മഹാമാരിയിലും വാടാതെ വിഷരഹിത പച്ചക്കറി കൃഷിയുമായി പേരാമ്പ്ര എയുപി സ്‌കൂള്‍ "
english_title: "Perambra AUP School with non-toxic vegetable cultivation without pests"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24228/perambra-aup-school-with-non-toxic-vegetable-cultivation-without-pests"
published_at: "2022-02-03T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fbab04bd370_0000 WATERMARK.jpg"
keywords: []
---

# മഹാമാരിയിലും വാടാതെ വിഷരഹിത പച്ചക്കറി കൃഷിയുമായി പേരാമ്പ്ര എയുപി സ്‌കൂള്‍ 

> **Lead Summary:** **പേരാമ്പ്ര:** മഹാമാരിയിലും വാടാതെ വിഷരഹിത പച്ചക്കറി കൃഷിയുമായി പേരാമ്പ്ര എയുപി സ്‌കൂള്‍. കോവിഡ് മൂലം സ്‌കൂള്‍ വീണ്ടും അടച്ചെങ്കിലും പേരാമ്പ്ര കൃഷിഭവന്റെ സഹകരണത്തോടെ ബിആര്‍സി യുടെ നിര്‍ദ്ദേശപ്രകാരം പേരാമ്പ്ര എയുപി സ്‌കൂളില്‍ ആരംഭിച്ച 'തളിര്‍ 'ശൈത്യകാല വിഷരഹിത പച്ചക്കറി കൃഷി തഴച്ചുവളരുകയാണ്.

## Article Content

**പേരാമ്പ്ര:** മഹാമാരിയിലും വാടാതെ വിഷരഹിത പച്ചക്കറി കൃഷിയുമായി പേരാമ്പ്ര എയുപി സ്‌കൂള്‍. കോവിഡ് മൂലം സ്‌കൂള്‍ വീണ്ടും അടച്ചെങ്കിലും പേരാമ്പ്ര കൃഷിഭവന്റെ സഹകരണത്തോടെ ബിആര്‍സി യുടെ നിര്‍ദ്ദേശപ്രകാരം പേരാമ്പ്ര എയുപി സ്‌കൂളില്‍ ആരംഭിച്ച 'തളിര്‍ 'ശൈത്യകാല വിഷരഹിത പച്ചക്കറി കൃഷി തഴച്ചുവളരുകയാണ്.

വിദ്യാലയമുറ്റത്ത് തങ്ങളെ പരിചരിച്ചിരുന്ന പ്രിയകൂട്ടുകാര്‍ എത്രയും വേഗത്തില്‍ സ്‌കൂളില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പച്ചക്കറിതൈകള്‍. പേരാമ്പ്ര എയുപി സ്‌കൂള്‍ കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തില്‍ അധ്യാപകരാണ് ഇപ്പോള്‍ പച്ചക്കറി കൃഷി പരിപാലനം നടത്തുന്നത്. കുട്ടികള്‍ ക്ലാസുകളില്‍ ഇല്ലെങ്കിലും അധ്യാപകര്‍ സ്‌കൂളിലെത്തണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം സ്‌കൂളുകളുമായി ബന്ധപ്പെട്ട ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായിരിക്കുകയാണ്.

കുട്ടികളുടെ പങ്കാളിത്തത്തോടെയാണ് നടീല്‍ ഉത്സവം നടത്തിയതെങ്കിലും പരിചരണത്തിന് കുട്ടികള്‍ക്ക് പൂര്‍ണ്ണമായി അവസരം ലഭിച്ചില്ല. കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ ശ്രദ്ധകൊടുക്കുന്നതോടൊപ്പം പച്ചക്കറിതൈകള്‍ക്ക് ചിട്ടയായ പരിചരണം കൃത്യമായി നല്‍കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കുന്നു എന്നതിന് തെളിവാണ് ഈ പച്ചക്കറിതൈകള്‍.

കോവിഡിന്റെ മൂന്നാം തരംഗവും ഒമൈക്രോണും കാരണം കൂട്ടിലടക്കപ്പെട്ട കുരുന്നുകള്‍, എല്ലാ പ്രതിസന്ധികളും മാറി പച്ചക്കറി വിളവെടുപ്പിന് മുമ്പായി കുട്ടികള്‍ സ്‌കൂളില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് അധ്യാപകര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24228/perambra-aup-school-with-non-toxic-vegetable-cultivation-without-pests)