---
title: "വിദ്യാര്‍ത്ഥിനിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച സംഭവം കെഎസ്‌യു പ്രവര്‍ത്തകര്‍ ബാങ്കിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു"
english_title: "KSU activists stage sit-in protest in front of bank over student loan denial"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24382/ksu-activists-stage-sit-in-protest-in-front-of-bank-over-student-loan-denial"
published_at: "2022-02-04T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fcc75772887_0000 WATERMARK.jpg"
keywords: []
---

# വിദ്യാര്‍ത്ഥിനിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച സംഭവം കെഎസ്‌യു പ്രവര്‍ത്തകര്‍ ബാങ്കിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു

> **Lead Summary:** ** പേരാമ്പ്ര :** വിദ്യാര്‍ത്ഥിനിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച സംഭവത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ബാങ്കിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. വിദ്യാഭ്യാസ വായ്പ അനുവദിച്ച് കിട്ടുന്നിലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ കഴിഞ്ഞ ദിവസം ബാങ്കിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. 2 ദിവസത്തിനകം തീരുമാനമുണ്ടാവുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

## Article Content

** പേരാമ്പ്ര :** വിദ്യാര്‍ത്ഥിനിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച സംഭവത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ബാങ്കിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. വിദ്യാഭ്യാസ വായ്പ അനുവദിച്ച് കിട്ടുന്നിലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ കഴിഞ്ഞ ദിവസം ബാങ്കിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. 2 ദിവസത്തിനകം തീരുമാനമുണ്ടാവുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

രണ്ട് ദിവസം കഴിഞ്ഞിട്ടും വായ്പ കൊടുത്തില്ല എന്നാരോപിച്ചാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ബാങ്കിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. വായ്പ അനുവദിച്ച് കിട്ടിയില്ലെങ്കില്‍ പരീക്ഷ എഴുതാന്‍ പറ്റാത്ത അവസ്ഥയിലാണ് പേരാമ്പ്ര സ്വദേശിനിയായ വിദ്യാര്‍ത്ഥിനി. ബാംഗലുരു മദര്‍ തെരേസ കോളെജില്‍ ബിഎസ്്സി നേഴ്സിംഗിന് പഠിക്കുന്ന അവ്യലക്ഷ്മിയുടെ വിദ്യാഭ്യാസ വായ്പയായി 4 ലക്ഷം രൂപയുടെ ആവശ്യത്തിനായി ഇവിടെ അപേക്ഷ നല്‍കിയിട്ട് ആറ് മാസം കഴിഞ്ഞെന്നും ഇതുവരെ വായ്പ അനുവദിച്ചു കിട്ടിയില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞിരുന്നു.

ആവശ്യമായ മുഴുവന്‍ രേഖകളും ഇവര്‍ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്രയും തുക അനുവദിക്കാനാവില്ലെന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ച് തരാമെന്നും അന്ന് പറഞ്ഞ ബാങ്ക് അധികൃതര്‍ പിന്നീട് 2.5 ലക്ഷം രൂപയേ അനുവദിക്കാനാവൂ എന്നും അറിയിച്ചതായും അവര്‍ പറഞ്ഞു. പിന്നീട് പല തവണ ബാങ്കില്‍ കയറി ഇറങ്ങിയിട്ടും വായ്പ അനുവദിച്ച് കിട്ടിയില്ല.

ഇവരുടെ അപേക്ഷയും അനുബന്ധ രേഖകളും അന്തിമാനുമതിക്കായി കല്പറ്റയിലെ റീജണല്‍ ഓഫീസിന് കൈമാറിയിട്ടുണ്ടെന്നും 2 ദിവസത്തിനകം തീരുമാനമുണ്ടാവുമെന്നും, മാനേജ്മെന്റ് സീറ്റില്‍ പഠിക്കുന്നവരുടെ വായ്പാകാര്യങ്ങളില്‍ അനുമതി നല്‍കേണ്ടത് റീജണല്‍ ഓഫീസില്‍ നിന്നാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നു.

തീരുമാന മുണ്ടാകാത്ത സാഹചര്യത്തിലാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ബാങ്കിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. സമരത്തില്‍ കെഎസ്‌യു ജില്ല വൈസ് പ്രസിഡന്റ് വി.ടി. സൂരജ്, നിയോജക മണ്ഡലം പ്രസിഡന്റ് മുആദ് നരിനട, ആദില്‍ മുണ്ടിയത്ത്, മുഹമ്മദ് ഷാഫി, നജീബ് ചെറുവണ്ണൂര്‍, സിയാദ് അന്നച്ചാലില്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24382/ksu-activists-stage-sit-in-protest-in-front-of-bank-over-student-loan-denial)