---
title: "ബാങ്ക് നിഷേധിച്ച വിദ്യാഭ്യാസ വായ്പ അനുവദിപ്പിച്ച് വിദ്യാര്‍ത്ഥി സംഘടന"
english_title: "Student organization grants bank-denied education loans"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24419/student-organization-grants-bank-denied-education-loans"
published_at: "2022-02-04T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fcea0e66ad3_0000 WATERMARK.jpg"
keywords: []
---

# ബാങ്ക് നിഷേധിച്ച വിദ്യാഭ്യാസ വായ്പ അനുവദിപ്പിച്ച് വിദ്യാര്‍ത്ഥി സംഘടന

> **Lead Summary:** ** പേരാമ്പ്ര :** നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച കേരള ഗ്രാമീണ ബാങ്ക് വിദ്യാര്‍ത്ഥി സംഘടനയുടെ സമരത്തിനൊടുവില്‍ വായ്പ അനുവദിച്ചു. പേരാമ്പ്ര മുളിയങ്ങല്‍ സ്വദേശിനിയായ അവ്യ ലക്ഷ്മിയാണ് വിദ്യാഭ്യാസ വായ്പക്കായ് പേരാമ്പ്രയിലെ കേരള ഗ്രാമീണ ബാങ്കിനെ സമീപിച്ചത്.

## Article Content

** പേരാമ്പ്ര :** നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച കേരള ഗ്രാമീണ ബാങ്ക് വിദ്യാര്‍ത്ഥി സംഘടനയുടെ സമരത്തിനൊടുവില്‍ വായ്പ അനുവദിച്ചു. പേരാമ്പ്ര മുളിയങ്ങല്‍ സ്വദേശിനിയായ അവ്യ ലക്ഷ്മിയാണ് വിദ്യാഭ്യാസ വായ്പക്കായ് പേരാമ്പ്രയിലെ കേരള ഗ്രാമീണ ബാങ്കിനെ സമീപിച്ചത്.

ആറ് മാസം മുമ്പ് 4 ലക്ഷം രൂപയുടെ വായ്പക്ക് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ അനുവദിച്ച് കിട്ടിയിരുന്നില്ല. ഫീസടച്ചിലെങ്കില്‍ വിദ്യാര്‍ത്ഥിനിയുടെ ഒന്നാം വര്‍ഷ പരീക്ഷ മുടങ്ങുമെന്ന ഘട്ടമെത്തിയതോടെ രക്ഷിതാക്കളായ രാജുവും റീനയും തിങ്കളാഴ്ച ബാങ്കില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ഇടപെടലില്‍ രണ്ട് ദിവസത്തിനകം വായ്പ അനുവദിക്കാമെന്ന് അറിയിച്ചെങ്കിലും അതുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് ഇന്ന് കെ എസ് യു പ്രവര്‍ത്തകര്‍ ബാങ്കിന് മുന്നില്‍ ഉപരോധ സമരം നടത്തിയത്.

കാലത്ത് മുതല്‍ ആരംഭിച്ച സമരം രണ്ടര മണിക്കൂറോളം നീണ്ടു. പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം. സജീവ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. പൊലീസ് ഇന്‍സ്പക്ടറും കെ എസ് യു നേതാക്കളും ബാങ്ക് റീജണല്‍ മാനേജറുമായി ഫോണില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വായ്പ അനുവദിക്കാമെന്ന് സമ്മതിക്കുകയായിരുന്നു.

തുടര്‍ന്ന് വായ്പ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ബാങ്ക് അധികൃതര്‍ ഇവര്‍ക്ക് കൈമാറി. വിദ്യാര്‍ത്ഥിനി നേരിട്ടെത്തി ഒപ്പിട്ട് നല്‍കിയാല്‍ വായ്പ തുക ലഭിക്കും. മാസങ്ങളായി വിദ്യാര്‍ത്ഥിനിയും രക്ഷിതാക്കളും വായ്പക്കായി ബാങ്കില്‍ കയറി ഇറങ്ങുകയായിരുന്നു. അതിനാണ് ഇതോടെ അറുതിയായത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24419/student-organization-grants-bank-denied-education-loans)