---
title: "ആനപ്പാറ ക്വാറി പ്രശ്‌നം ഉടന്‍ പരിഹരിക്കണം: ജില്ലാ ക്വാറി-ക്രഷര്‍ കോഡിനേഷന്‍ കമ്മറ്റി "
english_title: "Anappara quarry problem should be solved immediately: District Quarry-Crusher Coordination Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25027/anappara-quarry-problem-should-be-solved-immediately-district-quarry-crusher-coordination-committee"
published_at: "2022-02-07T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620126423beba_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ആനപ്പാറ ക്വാറി പ്രശ്‌നം ഉടന്‍ പരിഹരിക്കണം: ജില്ലാ ക്വാറി-ക്രഷര്‍ കോഡിനേഷന്‍ കമ്മറ്റി 

> **Lead Summary:** **കീഴരിയൂര്‍:** നിയമാനുസൃതം പ്രവര്‍ത്തിച്ച് വരുന്ന ക്വാറികളും ക്രഷറുകളും അടച്ചു പൂട്ടിക്കുവാനും അതിന്റെ മറവില്‍ ഉടമകളെ സാമ്പത്തിക ചൂഷണം ചെയ്യുവാനുമുള്ള ഒരു ആസൂത്രിത നീക്കം ജില്ലയില്‍ പലഭാഗത്തും നടന്ന് വരുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് കൊയിലാണ്ടി താലൂക്കില്‍ കീഴരിയൂര്‍ വില്ലേജിലെ ആനപ്പാറ ക്വാറിയിലെ പ്രശ്‌നങ്ങളുമെന്ന്് ജില്ലാ ക്വാറി-ക്രഷര്‍ കോഡിനേഷന്‍ കമ്മറ്റി.

## Article Content

**കീഴരിയൂര്‍:** നിയമാനുസൃതം പ്രവര്‍ത്തിച്ച് വരുന്ന ക്വാറികളും ക്രഷറുകളും അടച്ചു പൂട്ടിക്കുവാനും അതിന്റെ മറവില്‍ ഉടമകളെ സാമ്പത്തിക ചൂഷണം ചെയ്യുവാനുമുള്ള ഒരു ആസൂത്രിത നീക്കം ജില്ലയില്‍ പലഭാഗത്തും നടന്ന് വരുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് കൊയിലാണ്ടി താലൂക്കില്‍ കീഴരിയൂര്‍ വില്ലേജിലെ ആനപ്പാറ ക്വാറിയിലെ പ്രശ്‌നങ്ങളുമെന്ന്് ജില്ലാ ക്വാറി-ക്രഷര്‍ കോഡിനേഷന്‍ കമ്മറ്റി.

കഴിഞ്ഞ 30 വര്‍ഷമായി യാതൊരുവിധ പരാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഇടനല്‍കാതെ പ്രവര്‍ത്തിച്ച് വന്ന ക്വാറി ഒരു പ്രകോപനവുമില്ലാതെയാണ് കഴിഞ്ഞ 2 ആഴ്ച്ച മുമ്പ് ചില തല്‍പര കക്ഷികള്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും കോഡിനേഷന്‍ കമ്മിറ്റി പറഞ്ഞു.

ആവശ്യമായ മുഴുവന്‍ ലൈസന്‍സുകള്‍ക്കും പുറമെ ബഹു കേരള ഹൈക്കോടതിയുടെ സംരക്ഷണ ഉത്തരവും ഈ ക്വാറിക്കുണ്ട്.

ക്വാറിയുടെ നിയമാനുസൃതമായ ദൂരപരിധിക്ക് പുറത്ത് താമസിക്കുന്ന വയോധികരായ സ്ത്രീകളെയും പിഞ്ചു കുഞ്ഞുങ്ങളെയും അടക്കം സുരക്ഷാ കവചമായി മുന്നില്‍ അണി നിരത്തി പോലീസുമായി ഏറ്റു മുട്ടലുണ്ടാക്കുകയും നിയമപാലകരെ കയ്യേറ്റം ചെയ്യുകയുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്.

യഥാര്‍ത്ഥ വസ്തുതകള്‍ അന്വേഷിക്കാതെയും മനസ്സിലാക്കാതെയുമാണ് ചില രാഷ്ട്രീയ പാര്‍ട്ടികളും ഇടപെടലുകള്‍ നടത്തുന്നതെന്നും ഇവര്‍ പറഞ്ഞു.

പലവിധത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും നടന്ന് വരുന്ന ഈ സമയത്ത് അതിനെയെല്ലാം തുരങ്കം വെക്കുവാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമത്തിന്റെ ഭാഗമാണ് ക്വാറി- ക്രഷറുകള്‍ക്ക് എതിരായ ഇത്തരം നീക്കങ്ങളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നൂറു കണക്കിന് തൊഴിലാളികള്‍ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്നതും നിര്‍മ്മാണ മേഖലക്ക് ആവശ്യമായ കരിങ്കല്ല് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത് ഇത്തരത്തിലാണ്.

ഇതിനെ പരിസ്ഥിതി ചൂഷണത്തിന്റെ പേര് പറഞ്ഞ് ദ്രോഹിക്കുന്നതിന് പകരം അര്‍ഹമായ അംഗീകാരം നല്‍കണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

നിയമാനുസൃതം പ്രവര്‍ത്തിച്ച് വരുന്ന നടുവത്തൂര്‍ സ്റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനവും അതിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ക്വാറിയും കൂടാതെ മുക്കം കൂമ്പാറ ഭാഗത്ത് സമാന പ്രശ്‌നങ്ങള്‍ നേരിടുന്ന മൂന്നോളം ക്വാറികളും സുഗമമായി പ്രവര്‍ത്തിക്കുന്നതിന് ആവശ്യ മായ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നിലവില്‍ നിയമാനുസൃതം പ്രവര്‍ത്തിച്ച് വരുന്ന മുഴുവന്‍ ക്വാറി ക്രഷര്‍ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ നിയമ സംരക്ഷണം ഉറപ്പ് വരുത്തണമെന്നും അല്ലാത്ത പക്ഷം പ്രശ്‌ന പരിഹാരമാവുന്നത് വരെ ജില്ലയിലെ മുഴു വന്‍ ക്വാറി ക്രഷര്‍ സ്ഥാപനങ്ങളും അടച്ച് പൂട്ടുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ജില്ലാ ക്വാറി - ക്രഷര്‍ കോഡിനേഷന്‍ കമ്മറ്റിയുടെ അടിയന്തിര യോഗത്തില്‍ ഹബീബ് റഹ്മാന്‍, കെ.പി ഷാജി മുക്കം, സ്‌മൈല്‍ എം ആന്റോ, കെ.ആര്‍ രാജന്‍, സുകുമാരന്‍ മുക്കം, സിദ്ധാര്‍ത്ഥന്‍ നന്മണ്ട, ഹരിദാസന്‍, നസീര്‍ വള്ളിയോത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25027/anappara-quarry-problem-should-be-solved-immediately-district-quarry-crusher-coordination-committee)