പേരാമ്പ്ര: തൊഴില്‍ തട്ടിപ്പിനിരയായി കിഴക്കന്‍ പേരാമ്പ്ര സ്വദേശി കംബോഡിയയില്‍ കുടുങ്ങി. കൂത്താളി പഞ്ചായത്തിലെ തണ്ടോറപ്പാറ കിഴക്കേ മാണിക്കോത്ത് കണ്ടി താമസിക്കും പേരാമ്പ്ര കുന്നുമ്മല്‍ രാജീവനാണ് (46) കംബോഡിയയില്‍ മറ്റ് അഞ്ച് ഇന്ത്യക്കാര്‍ക്കൊപ്പം കുടുങ്ങിയത്.
ജയിലിലാണെന്നാണ് ഒടുവില്‍ ലഭിച്ച വിവരമെന്ന് ഭാര്യ സിന്ധു പറഞ്ഞു. തായ്‌ലന്റില്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് പത്തനംതിട്ട സ്വദേശികളായ മുരളിയും ജോജിനുമാണ് രാജീവനെ സമീപിക്കുന്നത്. 1. 84 ലക്ഷം രൂപയും ഇതിനായി ഇവര്‍ വാങ്ങി. ജൂണ്‍ പത്തിന് നാട്ടില്‍ നിന്നും തിരിച്ച് ബാങ്കോക്കില്‍ ജോജിന്റെ അടുത്തെത്തി. ഇവിടെ നിന്നും മറ്റൊരിടത്താണ് ജോലി എന്ന് പറഞ്ഞ് പിന്നീട് വെസ്റ്റേണ്‍ കംബോഡിയയിലെ പോയ് പെറ്റ് എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. ജോലി ഓണ്‍ലൈന്‍ തട്ടിപ്പ് കമ്പനിയിലാണെന്ന് മനസിലായതിനെ തുടര്‍ന്ന് സെപ്തംബറില്‍ അവിടെ നിന്ന് പോകാന്‍ ശ്രമിച്ചു.
പാസ്‌പോര്‍ട്ടും രേഖയും തിരികെ വാങ്ങി. പിന്നിട് ഇവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോയെന്നും ഒടുവില്‍ ജയിലില്‍ അകപ്പെട്ടു എന്നുമാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. നവംബര്‍ 14-ന് രാജീവന്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. മകളുമായി വളരെ കുറഞ്ഞ സമയമാണ് സംസാരിച്ചത്. അവശനായ നിലയിലായിരുന്നു എന്നാണ് സംസാരത്തില്‍ മനസിലായതെന്ന് വീട്ടുകാര്‍ പറഞ്ഞു.
രാജീവനെ തിരികെ എത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കും ഇന്ത്യന്‍ എംബസിക്കും വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. രാജീവനെ നേരില്‍ കാണാന്‍ എംബസി ശ്രമവും നടത്തുന്നുണ്ട്. സിന്ധു നല്‍കിയ പരാതിയില്‍ പെരുവണ്ണാമൂഴി പൊലീസ് രാജീവനെ കൊണ്ടുപോയ മുരളിക്കും ജോജിനും എതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തിട്ടുമുണ്ട്.
A native of East Perambra was trapped in Cambodia due to employment fraud