---
title: "കീഴരിയൂര്‍ ആനപ്പാറ ക്വാറി: കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം അന്തിമ തീരുമാനമെന്ന് ആര്‍ഡിഒ"
english_title: "Keezhariyoor Anappara Quarry: The RDO said that the final decision will be taken after submitting the report to the Collector"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/25243/keezhariyoor-anappara-quarry-the-rdo-said-that-the-final-decision-will-be-taken-after-submitting-the-report-to-the-collector"
published_at: "2022-02-08T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62028598e6de6_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കീഴരിയൂര്‍ ആനപ്പാറ ക്വാറി: കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം അന്തിമ തീരുമാനമെന്ന് ആര്‍ഡിഒ

> **Lead Summary:** **കീഴരിയൂര്‍**: കീഴരിയൂര്‍ ആനപ്പാറ ക്വാറിയില്‍ കരിങ്കല്‍ ഖനനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് അറിയാന്‍ ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.

## Article Content

**കീഴരിയൂര്‍**: കീഴരിയൂര്‍ ആനപ്പാറ ക്വാറിയില്‍ കരിങ്കല്‍ ഖനനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് അറിയാന്‍ ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.

ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ പ്രദേശവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്നു. ഇതിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരപ്പന്തലും ആര്‍ഡിഒസി ബിജു സന്ദര്‍ശിച്ചു.

പൊലീസ് വീടുകളില്‍ കയറി പരിശോധന നടത്തുകയാണെന്നും പുരുഷന്മാരെ സ്ഥലത്തെത്തിയാല്‍ ജാമ്യമില്ലാ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും പ്രദേശവാസി കള്‍ പറഞ്ഞു.

റോഡില്‍ നിന്നും ക്വാറിയിലേക്കുള്ള ദൂരം, ക്വാറിയില്‍ നിന്ന് വീടുകളിലേക്കുള്ള ദൂരം എന്നിവയെല്ലാം കൃത്യതയോടെ അളന്നുതിട്ടപ്പെടുത്തി.

ഇതുസംബന്ധിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ടുനല്‍കുമെന്നും ക്വാറിയുടെ പ്രവര്‍ത്തനത്തിനെ കുറിച്ച് പഠിക്കട്ടെ എന്നും തുടര്‍ന്ന് നടപടി സ്വീകരിക്കാമെന്നും ആര്‍ഡിഒ പറഞ്ഞു.

ക്വാറി നടത്തിപ്പുമായി ബന്ധപ്പെട്ട രേഖകളും സമരസമിതിയുടെ പരാതികളും ആര്‍ഡിഒ പരിശോധിച്ചു. ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ക്വാറിയില്‍ വിശദ പരിശോധനയും നടന്നു.

എന്നാല്‍ വിഷയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നും അതിനു ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളുവെന്നും ആര്‍ഡിഒ പറഞ്ഞു.

ജിയോളജിസ്റ്റ് രശ്മി, മിനറല്‍ റവന്യൂ ഇന്‍സ്പെക്ടര്‍ പ്രവീണ്‍ കുമാര്‍, വില്ലേജ് ഓഫീസര്‍ അനില്‍കുമാര്‍ കാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/25243/keezhariyoor-anappara-quarry-the-rdo-said-that-the-final-decision-will-be-taken-after-submitting-the-report-to-the-collector)