തിരുവനന്തപുരം: ജനുവരി നാലു മുതല്‍ എട്ടുവരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം തലസ്ഥാനത്തിന്റെ സാംസ്‌കാരിക സമ്പന്നതയ്ക്കു മാറ്റുകൂട്ടുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതസംഘ രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡിസംബര്‍ ആദ്യവാരം നടത്താനിരുന്ന മത്സരമാണ് ജനുവരിയിലേക്ക് മാറ്റിയത്.
ഈ വര്‍ഷത്തെ കലോത്സവത്തില്‍ തദ്ദേശീയ കലാരൂപങ്ങളായ മംഗലംകളി, മലപുലയാട്ടം, ഇരുളനൃത്തം, പളിയനൃത്തം, പണിയനൃത്തം എന്നിവ പുതുതായി മത്സരയിനങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദേശം പതിനയ്യായിരത്തോളം വിദ്യാര്‍ഥികള്‍ സംസ്ഥാനതലത്തില്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കും.
2016-നുശേഷമാണ് തിരുവനന്തപുരം വീണ്ടും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു ആതിഥേയത്വം വഹിക്കുന്നത്. പ്രധാന വേദിയായ പുത്തരിക്കണ്ടം മൈതാനം, അയ്യങ്കാളി ഹാള്‍, നിശാഗന്ധി ഓഡിറ്റോറിയം, ടാഗോര്‍ തിയേറ്റര്‍, എസ്.എം.വി. സ്‌കൂള്‍, മോഡല്‍ സ്‌കൂള്‍ ഉള്‍പ്പെടെ നഗരത്തില്‍ 25ലധികം വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് കലോത്സവ സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരികള്‍. മന്ത്രി ജി.ആര്‍.അനില്‍ ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ബാബു കെ. ജനറല്‍ കോഡിനേറ്ററുമായി സ്വാഗതസംഘം രൂപവത്കരിച്ചു.
State School Arts Festival from January 4th to 8th at thiruvananthapuram