---
title: "കയറ്റിറക്ക് പ്രശ്നം; സികെ മെറ്റീരിയല്‍സില്‍ വീണ്ടും ചുമട്ട് തൊഴിലാളികള്‍ കയറ്റിറക്ക് തുടങ്ങി"
english_title: "The loading problem; The workers started loading and unloading again at CK Materials AT PERAMBRA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/253067/the-loading-problem-the-workers-started-loading-and-unloading-again-at-ck-materials-at-perambra"
published_at: "2024-12-01T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674bfc8ee4bf0_thozhil.JPG"
keywords: []
---

# കയറ്റിറക്ക് പ്രശ്നം; സികെ മെറ്റീരിയല്‍സില്‍ വീണ്ടും ചുമട്ട് തൊഴിലാളികള്‍ കയറ്റിറക്ക് തുടങ്ങി

> **Lead Summary:** **പേരാമ്പ്ര:** കയറ്റിറക്കുമായി ബന്ധപ്പെട്ട് നേരത്തെ തൊഴില്‍ പ്രശ്നമുണ്ടായ പേരാമ്പ്രയിലെ സികെ മെറ്റീരിയല്‍സില്‍ ചുമട്ടുതൊഴിലാളികളുടെ ജോലി പുനസ്ഥാപിച്ച് ജില്ലാ ലേബര്‍ ഓഫീസറുടെ ഉത്തരവ്. ഇത് പ്രകാരം സ്ഥാപനത്തില്‍ ചുമട്ടുതൊഴിലാളികള്‍ വീണ്ടും കയറ്റിറക്ക് നടത്താന്‍ തുടങ്ങിയതായി സംയുക്ത ചുമട്ട് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഹൈക്കോടതിയുടെ വിധിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ജില്ലാ ലേബര്‍ ഓഫീസറും ഉത്തരവ് പുറപ്പെടുവിച്ചത്.

## Article Content

**പേരാമ്പ്ര:** കയറ്റിറക്കുമായി ബന്ധപ്പെട്ട് നേരത്തെ തൊഴില്‍ പ്രശ്നമുണ്ടായ പേരാമ്പ്രയിലെ സികെ മെറ്റീരിയല്‍സില്‍ ചുമട്ടുതൊഴിലാളികളുടെ ജോലി പുനസ്ഥാപിച്ച് ജില്ലാ ലേബര്‍ ഓഫീസറുടെ ഉത്തരവ്. ഇത് പ്രകാരം സ്ഥാപനത്തില്‍ ചുമട്ടുതൊഴിലാളികള്‍ വീണ്ടും കയറ്റിറക്ക് നടത്താന്‍ തുടങ്ങിയതായി സംയുക്ത ചുമട്ട് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഹൈക്കോടതിയുടെ വിധിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ജില്ലാ ലേബര്‍ ഓഫീസറും ഉത്തരവ് പുറപ്പെടുവിച്ചത്.

2019-ല്‍ തുടങ്ങിയ സ്ഥാപനത്തില്‍ ചുമട്ട് തൊഴിലാളികളാണ് കയറ്റിറക്ക് നടത്തിയിരുന്നതെന്നും 2022-ലാണ് ഇതില്ലാതായതെന്നും നേതാക്കള്‍ പറഞ്ഞു. 2022-ല്‍ സ്ഥാപനത്തിലെ ആറ് തൊഴിലാളികള്‍ക്ക് ഹൈക്കോടതി ഉത്തരവ് പ്രകാരം തൊഴില്‍കാര്‍ഡ് അനുവദിച്ചു. ഇതിന് ശേഷം സ്ഥാപനത്തിലെ കയറ്റിറക്ക് ചുമട്ടുതൊഴിലാളികള്‍ക്ക് ലഭിച്ചില്ല. ഹൈക്കോടതിയുടെ അനുകൂല ഉത്തരവും സ്ഥാപന ഉടമ നേടിയിരുന്നു. ഇതിനെതിരെ തൊഴിലാളികള്‍ സ്ഥാപനത്തിന് മുന്നില്‍ ദിവസങ്ങള്‍ നീണ്ട സത്യാഗ്രഹ സമരവും നടത്തി.

ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് റിവ്യൂ പെറ്റീഷന്‍ നല്‍കുകയും ആദ്യ വിധി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഈ വിധിയിലും സ്ഥാപനത്തിലെ തൊഴിലാളികല്‍ക്ക് അനുവദിച്ച തൊഴില്‍ കാര്‍ഡ് റദ്ദാക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് നാല് ചുമട്ട് തൊഴിലാളികള്‍ വീണ്ടും റിട്ട് പെറ്റീഷന്‍ നല്‍കി. ഇതില്‍ കാര്‍ഡുകള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ കോടതി വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി ചര്‍ച്ചകള്‍ക്ക് ശേഷം ലേബര്‍ ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

സി.കെ. മെറ്റീരിയല്‍സ് സ്ഥാപനത്തിലെ കയറ്റിറക്കിന്റെ പൂര്‍ണ്ണമായ അവകാശം സി.1, സി.2 പൂളിലെ ചുമട്ടുതൊഴിലാളികള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ഉത്തരവില്‍ പറയുന്നത്. സേവനം സുഗമമാക്കാന്‍ ക്ഷേമനിധി ബോര്‍ഡ് ഒരു സൂപ്പര്‍വൈസറി ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.

ഉത്തരവിലൂടെ ചുമട്ടുതൊഴിലാളിയുടെ തൊഴിലെടുക്കാനുള്ള അവകാശം അംഗീകരിക്കപ്പെടുകയാണ് ചെയ്തിരിക്കുന്നതെന്ന് യൂണിയന്‍ നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നേതാക്കളായ പി.എം. രാമദാസന്‍, വി. മനോജന്‍, എന്‍.എം. അഷറഫ്, ഷമീര്‍ ചാലില്‍, എം.എം. മജീദ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/253067/the-loading-problem-the-workers-started-loading-and-unloading-again-at-ck-materials-at-perambra)