---
title: "പെരുവണ്ണാമുഴിയില്‍ പൊലീസിനെ ആക്രമിച്ച് കടന്നു കളഞ്ഞ ലഹരി സംഘത്തിലെ ഒരാള്‍ പിടിയില്‍"
english_title: "One of the drug gang who attacked the police in Peruvannamuzhi was arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/255316/one-of-the-drug-gang-who-attacked-the-police-in-peruvannamuzhi-was-arrested"
published_at: "2024-12-10T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675871e55c314_areee.JPG"
keywords: []
---

# പെരുവണ്ണാമുഴിയില്‍ പൊലീസിനെ ആക്രമിച്ച് കടന്നു കളഞ്ഞ ലഹരി സംഘത്തിലെ ഒരാള്‍ പിടിയില്‍

> **Lead Summary:** **പെരുവണ്ണമൂഴി: ** പെരുവണ്ണാമുഴിയില്‍ പൊലീസിനെ ആക്രമിച്ച് കടന്നു കളഞ്ഞ ലഹരി സംഘത്തിലെ ഒരാള്‍ പിടിയില്‍. ഇന്നലെ വൈകുന്നേരം 6 മണിയോടുകൂടി പെരുവണ്ണമൂഴി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊത്തിയ പാറയില്‍ വാഹന പരിശോധനയ്ക്കിടെയാണ് പൊലീസിനെ ആക്രമിച്ച് വാഹനം ഉപേക്ഷിച്ച് ലഹരി സംഘം കടന്നുകളഞ്ഞത്. ലഹരി സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയിലായി. ആയഞ്ചേരി കുനിയില്‍ കിഴക്കയില്‍ നജീദ് ആണ് അറസ്റ്റിലായത്.

## Article Content

**പെരുവണ്ണമൂഴി: ** പെരുവണ്ണാമുഴിയില്‍ പൊലീസിനെ ആക്രമിച്ച് കടന്നു കളഞ്ഞ ലഹരി സംഘത്തിലെ ഒരാള്‍ പിടിയില്‍. ഇന്നലെ വൈകുന്നേരം 6 മണിയോടുകൂടി പെരുവണ്ണമൂഴി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊത്തിയ പാറയില്‍ വാഹന പരിശോധനയ്ക്കിടെയാണ് പൊലീസിനെ ആക്രമിച്ച് വാഹനം ഉപേക്ഷിച്ച് ലഹരി സംഘം കടന്നുകളഞ്ഞത്. ലഹരി സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയിലായി. ആയഞ്ചേരി കുനിയില്‍ കിഴക്കയില്‍ നജീദ് ആണ് അറസ്റ്റിലായത്.

പൊലീസ് പെട്രോളിങ്ങിനിടെ കൊത്തിയ പാറയില്‍ വെച്ച് കെ എല്‍ 18 ക്യു 730 നമ്പര്‍ ഫോര്‍ച്യൂണര്‍ കാറില്‍ ഒരു സംഘം എംഡിഎംഎ ഉപയോഗിക്കുന്നത് കാണുകയും വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. പൊലീസ് ലഹരി സംഘത്തെ പിന്തുടരുകയും മുതുകാട് ശാന്തിപ്പാറ എത്തിയപ്പോള്‍ മുന്നില്‍ റോഡ് അവസാനിക്കുകയും സംഘം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടിയത്.

എംഡിഎംഎ ഉപയോഗിക്കുന്ന ഉപകരണവും പൊലീസ് കണ്ടെടുത്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മാരക ലഹരി മരുന്നായ എംഡിഎംഎ ഉപയോഗിച്ചതിനുമാണ് കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടെയുണ്ടായിരുന്ന സംഘത്തിലെ അഞ്ചുപേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/255316/one-of-the-drug-gang-who-attacked-the-police-in-peruvannamuzhi-was-arrested)