പേരാമ്പ്ര : ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നും വയനാടിന് അധിക സഹായമില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും കേരളത്തിലെ ദുരിത ബാധിതരോട് മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് പേരാമ്പ്രയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ പരിഗണന കേരളത്തോടും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സേന ഉപയോഗിച്ച ഹെലികോപ്പ്ടര്‍ വാടക ഇനത്തില്‍ 132.67 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നും വയനാടിന് അധിക സഹായമില്ലെന്ന കേന്ദ്ര മന്ത്രിയുടെ പാര്‍ലമെന്റിലെ പ്രഖ്യാപനം കേരളത്തോടുള്ള രാഷ്ട്രീയ വിവേചനമാണ്. ചൂരല്‍മല- മുണ്ടക്കൈ ദുരന്തത്തെ തീവ്രസ്വഭാവമുള്ള ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചാല്‍ അന്തര്‍ദേശീയ ഏജന്‍സികളില്‍ നിന്നുള്ള ധനസഹായം ലഭ്യമാകും.
ദേശീയ ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ് 13 പ്രകാരം ദുരിത ബാധിതരുടെ വായ്പ എഴുതി തള്ളുവാന്‍ പോലും തയ്യാറാകാതെ മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ദുരന്തത്തെ എല്‍ 3 പട്ടികയില്‍പ്പെടുത്തിയാല്‍ താല്പര്യമുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പ്രാദേശിക വികസന ഫണ്ട് ഇതിലേക്ക് വിനിയോഗിക്കാം. ഈ സൗകര്യം പോലും കേന്ദ്രം നിഷേധിക്കുകയാണ്. പാര്‍ലമെന്റ് അംഗങ്ങളുടെ നിവേദനം സ്വീകരിച്ചു കൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിനെതിരെ പറഞ്ഞ കാര്യ ങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വെച്ചതിലൂടെ വയനാട് എം.പി. പ്രിയങ്കാ ഗാന്ധി സ്വീകരിച്ച നിലപാടും ദുരൂഹമാണ്.
ജനുവരി 17 ന് ഒരു ലക്ഷം തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസും ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രനും നയിക്കുന്ന രണ്ട് ജാഥകളാണ് സംസ്ഥാനത്ത് പര്യടനം നടത്തുന്നത്. സംസ്ഥാന സെക്രട്ടറിമാരായ കെ.കെ. അഷറഫ് വൈസ് ക്യാപ്റ്റനും കെ.ജി. ശിവാനന്ദന്‍ ഡയറക്ടറുമായ വടക്കന്‍ ജാഥയില്‍ പി സുബ്രഹ്‌മണ്യന്‍, താവം ബാലകൃഷ്ണന്‍, വിജയന്‍ കുനിശേരി, കെ.വി. കൃഷ്ണന്‍, സി.കെ. ശശിധരന്‍, ചെങ്ങറ സുരേന്ദ്രന്‍, പി.കെ മൂര്‍ത്തി, കെ.സി. ജയപാലന്‍, കെ മല്ലിക, എലിസബത്ത് അസീസി, പി.കെ. നാസ്സര്‍ എന്നിവര്‍ അംഗങ്ങളാണ്.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ റദ്ദാക്കണം. പൊതു മേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന നിര്‍ത്തലാക്കണം. സ്ഥിരം തൊഴില്‍ ഇല്ലാതാക്കുവാനും കരാര്‍ തൊഴില്‍ വ്യാപിപ്പിക്കുവാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അദാനി കുംഭകോണം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം. ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ച ചെയ്തത് മുന്‍കാല ഒത്ത് തീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കണം.
കേരളത്തില്‍ വ്യവസായ, കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ഭൂമി ഇതര ആവശ്യങ്ങള്‍ക്ക് കൈമാറുന്നതിന് എഐടിയുസി എതിരാണ്. കുടിവെള്ള പദ്ധതികള്‍ സ്വകാര്യവല്‍ക്കരിക്കുവാന്‍ അനുവദിക്കില്ല. കൊച്ചി കുടിവെള്ള പദ്ധതി ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനിയായ സോയൂസിന് കൈമാറുവാനുള്ള നീക്കത്തെ ചെറുക്കും. എഡിബി കണ്‍സട്ടന്റ് തയ്യാറാക്കിയ എസ്റ്റിമേറ്റിന് സാങ്കേതികാനുമതി നല്‍കിയത് മൂലം പ്രാഥമിക ഘട്ടത്തില്‍ തന്നെ 184 കോടിയുടെ അധിക ചെലവ് ഉണ്ടാകും ഇത്തരം എസ്റ്റിമേറ്റുകളില്‍ വര്‍ദ്ധനവ് പത്തു ശതമാനം വരെ എന്ന വ്യവസ്ഥ ലംഘിച്ച് ഇരുപത്തി ഒന്ന് ശതമാനം വരെ എന്നത് കീഴ് വഴക്കങ്ങളുടെ ലംഘനമാണ് പൊതു വിപണിയില്‍ വിലക്കയറ്റം നിയന്ത്രിച്ചിരുന്ന സപ്ലൈക്കോയുടെ പ്രതിസന്ധി പരിഹരിക്കണം.
നെല്ല് സംഭരിച്ച ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 1337.88 കോടി രൂപയും സ്‌കൂളുകളിലെ ഉച്ചകഞ്ഞി വിതരണം കോവീഡ് നാളുകളിലെ ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങിയ ഇനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ 1153 രൂപയും സപ്ലൈക്കോയ്ക്ക് നല്‍കുവാനുണ്ട്. ഇത് ലഭിച്ചാല്‍ പ്രതിസന്ധി പരിഹരിക്കുവാനാകും.
തൊഴിലാളി ക്ഷേമനിധിളുടെ പ്രവര്‍ത്തനം കാലോചിതമായി പുനഃസംഘടിപ്പിക്കണം. നിര്‍മ്മാണ തൊഴിലാളി ക്ഷേമ നിധിയിലേക്കുള്ള വിഹിതം പിരിക്കുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ശുചീകരണം, സെക്യൂരിറ്റി തുടങ്ങിയ ജോലികളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള നിയമനങ്ങള്‍ നിര്‍ത്തലാക്കരുത്.
എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങളായി തൊഴിലിന് വേണ്ടി കാത്തിരിക്കുന്നവരെ സര്‍ക്കാര്‍ പരിഗണിക്കണം. കോഴിക്കോട് കോം ട്രസ്റ്റ് തുണിമില്‍ സംബന്ധിച്ച് നിയമസഭ പാസ്സാക്കിയ നിയമവും സുപ്രീം കോടതി വിധിയും നടപ്പിലാക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഇവിടെ തുടരുന്ന സമരം ഒത്തുതീര്‍പ്പിലെത്തിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകണം. വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിമാരായ കെ.ജി. ശിവാനന്ദന്‍, പി.കെ. നാസര്‍ എന്നിവരും പങ്കെടുത്തു.
The center is adopting an inhumane approach towards the disaster victims in Kerala; TJ Angelos