---
title: "സംസ്ഥാന സ്‌കൂള്‍ കലോത്സവം; 25 വേദിയില്‍ 249 മത്സരയിനം"
english_title: "State School Arts Festival; 249 competitions in 25 venues at thiruvananthapuram"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/259864/state-school-arts-festival-249-competitions-in-25-venues-at-thiruvananthapuram"
published_at: "2024-12-30T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677235beb5f03_kalolsavam.jpg"
keywords: []
---

# സംസ്ഥാന സ്‌കൂള്‍ കലോത്സവം; 25 വേദിയില്‍ 249 മത്സരയിനം

> **Lead Summary:** **തിരുവനന്തപുരം:** ജനുവരി നാലു മുതല്‍ എട്ടു വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കലോത്സവ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

**തിരുവനന്തപുരം:** ജനുവരി നാലു മുതല്‍ എട്ടു വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കലോത്സവ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മേളയുടെ ഉദ്ഘാടനം ജനുവരി നാലിന് രാവിലെ 10 ന് മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഒന്‍പതര മിനിറ്റ് ദൈര്‍ഘ്യമുള്ള കലോത്സവ സ്വാഗതഗാനത്തോടൊപ്പം കേരളകലാമണ്ഡലം ചിട്ടപ്പെടുത്തിയ നൃത്താവിഷ്‌കാരം വേദിയില്‍ അവതരിപ്പിക്കും.

വയനാട് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നൃത്തശില്‍പ്പമൊരുക്കും. നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരങ്ങള്‍. പതിനയ്യായിരംപേര്‍ പങ്കെടുക്കും. പ്രചാരണത്തിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും കലോത്സവ പോസ്റ്ററുകള്‍, ബാനര്‍ എന്നിവ പ്രദര്‍ശിപ്പിക്കും.

സ്വര്‍ണക്കപ്പ് 31ന് കാസര്‍കോടുനിന്നും പുറപ്പെട്ട് തിരുവനന്തപുരം നഗരാതിര്‍ത്തിയില്‍ മൂന്നിന് പ്രവേശിക്കും. പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വീകരണം ഒരുക്കും.

30, 31 തീയതികളില്‍ സ്‌കൂള്‍ തലത്തില്‍ കലോത്സവത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കും. ജനുവരി മൂന്നിന് വൈകിട്ട് മുതല്‍ ഭക്ഷണം വിതരണം ചെയ്തുതുടങ്ങും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/259864/state-school-arts-festival-249-competitions-in-25-venues-at-thiruvananthapuram)