---
title: "ഭാവഗായകന്‍ പി. ജയചന്ദ്രന്‍ അന്തരിച്ചു"
english_title: "Singer P. Jayachandran passed away at trishur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/262291/singer-p-jayachandran-passed-away-at-trishur"
published_at: "2025-01-09T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677ff08e4b406_aweeeeeeeeeeee.JPG"
keywords: []
---

# ഭാവഗായകന്‍ പി. ജയചന്ദ്രന്‍ അന്തരിച്ചു

> **Lead Summary:** **തൃശൂർ: **ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. അർബുദ ബാധിതനായ അദ്ദേഹം, തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 7.45-ഓടെയായിരുന്നു അന്ത്യം. ഒന്‍പതു ദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ ആശുപത്രി വിട്ടു. ഇന്ന് വൈകിട്ട് വീണ്ടും ആശുപത്രിയിലെത്തിച്ചു.

## Article Content

**തൃശൂർ: **ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. അർബുദ ബാധിതനായ അദ്ദേഹം, തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 7.45-ഓടെയായിരുന്നു അന്ത്യം. ഒന്‍പതു ദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ ആശുപത്രി വിട്ടു. ഇന്ന് വൈകിട്ട് വീണ്ടും ആശുപത്രിയിലെത്തിച്ചു.

1944 മാര്‍ച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി പാലിയത്ത് ജയചന്ദ്രക്കുട്ടന്‍ എന്ന പി ജയചന്ദ്രന്‍ എറണാകുളം ജില്ലയിലെ രവിപുരത്ത് ജനിച്ചു.

പി.ജയചന്ദ്രന്‍റെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, അനുരാഗഗാനം പോലെ, രാജീവനയനേ നീയുറങ്ങൂ, രാസാത്തി ഉന്നെ കാണാതെ നെഞ്ചം , പ്രായം നമ്മില്‍ മോഹം നല്‍കി, നിന്‍ മണിയറയിലെ, മറന്നിട്ടുമെന്തിനോ, ഹര്‍ഷബാഷ്പം തൂകി, കാട്ടുകുറിഞ്ഞി പൂവും ചൂടി, ഉപാസന, കരിമുകില്‍ കാട്ടിലെ, തുടങ്ങിയ ഗാനങ്ങള്‍ കാല– ഭാഷഭേദമന്യേ ആസ്വാദകര്‍ ഹൃദയത്തിലേറ്റിയവയാണ്.

ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ശബ്ദം സംഗീതലോകം ആഘോഷമാക്കുമ്പോഴായിരുന്ന ജയചന്ദ്രന്റെ വളര്‍ച്ച. എന്നാല്‍ യോശുദാസിനൊപ്പം ഭാവഗായകനെയും പ്രേക്ഷകര്‍ നെഞ്ചിലേറ്റി. പിന്നീട് കാലത്തിന് സ്പര്‍ശിക്കാനാവാത്ത നിത്യഹരിതശബ്ദമായി ഓരോ മലയാളിയുടെ മനസിലും മധുചന്ദ്രിക പെയ്തിറങ്ങി.

1965ൽ പുറത്തിറങ്ങിയ’കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചിത്രത്തിലെ ‘ഒരുമുല്ലപ്പൂമാലയുമായ് ’എന്ന ഗാനത്തിലൂടെയായിരുന്നു ഭാവഗായകന്റെ സിനിമ അരങ്ങേറ്റം. ആ ചിത്രം പുറത്തുവരുന്നതിനു മുന്‍പ് ദേവരാജന്‍- പി ഭാസ്കരന്റെ കൂട്ടുകെട്ടില്‍ പിറന്ന ‘മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം ജയചന്ദ്രനെ തേടിയെത്തി.

1985ല്‍ ശ്രീനാരായണ ഗുരുവിലെ ഗാനത്തിന് പി.ജയചന്ദ്രന്‍ ദേശീയപുരസ്കാരം നേടി. നാല് തവണ തമിഴ്നാട് സര്‍ക്കാര്‍ പുരസ്കാരവും ജെസി ഡാനിയല്‍ അവാര്‍ഡും ലഭിച്ചു.

ഭാര്യ ലളിത. മക്കള്‍ ലക്ഷ്മി, ദിനനാഥ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/262291/singer-p-jayachandran-passed-away-at-trishur)