---
title: "മലയോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പേരാമ്പ്ര താലൂക്ക് രൂപീകരിക്കണമെന്ന് എസ്ഡിപിഐ"
english_title: "SDPI Demands Formation Of Perambra Taluk Focusing On Hilly Areas"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/262892/sdpi-demands-formation-of-perambra-taluk-focusing-on-hilly-areas"
published_at: "2025-01-12T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6783ab57642fa_1.png"
keywords: []
---

# മലയോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പേരാമ്പ്ര താലൂക്ക് രൂപീകരിക്കണമെന്ന് എസ്ഡിപിഐ

> **Lead Summary:** **പേരാമ്പ്ര : **കുടിയേറ്റ മേഖലയായ കൂരാച്ചുണ്ട്, ചെമ്പനോട, കക്കയം, ചക്കിട്ടപാറ ഉള്‍പ്പെടെയുള്ള മലയോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പേരാമ്പ്ര താലൂക്ക് രൂപീകരിക്കണമെന്ന് എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര : **കുടിയേറ്റ മേഖലയായ കൂരാച്ചുണ്ട്, ചെമ്പനോട, കക്കയം, ചക്കിട്ടപാറ ഉള്‍പ്പെടെയുള്ള മലയോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പേരാമ്പ്ര താലൂക്ക് രൂപീകരിക്കണമെന്ന് എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഇത് യാഥാര്‍ഥ്യമായാല്‍ കിഴക്കന്‍ മലയോര മേഖലയിലുള്ളവര്‍ക്ക് ഏറെ സഹായകമാകുമെന്നും ജില്ലയില്‍ തന്നെ മറ്റു താലൂക്കുകള്‍ അനുവദിച്ചിട്ടും അനുയോജ്യമായ എല്ലാ സൗകര്യങ്ങളോടും കൂടെ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം പേരാമ്പ്രയില്‍ ഉല്‍ഘാടനം ചെയ്ത് വര്‍ഷങ്ങളായിട്ടും ഭരണ- പ്രതിപക്ഷ കക്ഷികള്‍ പേരാമ്പ്ര താലൂക്ക് അനുവദിക്കാതിരിക്കുന്നത് കടുത്ത വിവേചനവും അവഗണനയുമാണെന്ന് എസ്ഡിപിഐ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.

പേരാമ്പ്ര ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസ്സില്‍ എസ്ഡിപിഐ നല്‍കിയ നിവേദനത്തിന് പേരാമ്പ്ര താലൂക്ക് രൂപീകരിക്കുന്നത് സംബന്ധിച്ചും ആയതിന്റെ ആവശ്യകത സംബന്ധിച്ചും സര്‍ക്കാരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശമനുസരിച്ച് വടകര, കൊയിലാണ്ടി തഹസില്‍ദാര്‍മാരോട് പ്രഫോര്‍മ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും താലൂക്ക് ഓഫീസ് രൂപീകരണം സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കേണ്ട വിഷയമായതിനാല്‍ മേല്‍ റിപ്പോര്‍ട്ട് ലഭ്യമാക്കി സമയബന്ധിതമായി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതാണെന്നും ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ രേഖാമൂലം അറിയിച്ചിരുന്നതും കൊയിലാണ്ടി താലൂക്കിലെ 13ഉം വടകര താലൂക്കുകളിലെ അഞ്ചും അടക്കം 18 വില്ലേജുകള്‍ ഉള്‍പ്പെടുത്തി പേരാമ്പ്ര താലൂക്ക് രൂപവത്കരിക്കാനുള്ള കരട് രൂപരേഖ തഹസില്‍ദാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതുമാണ്.

തുടര്‍ നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ഒരു ലക്ഷം ഒപ്പ് ശേഖരണം നടത്തി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും പേരാമ്പ്രയില്‍ താലൂക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലഘുലേഖ വിതരണം, ഗൃഹ സമ്പര്‍ക്കം, പോസ്റ്റര്‍ പ്രചരണം എന്നിവ സംഘടിപ്പിക്കുമെന്നും എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് വി നൗഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഓര്‍ഗനൈസിംഗ് എ പി നാസര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രവര്‍ത്തക സമിതി അംഗം കെ പി മുഹമ്മദ് അഷ്‌റഫ്, ഹമീദ് എടവരാട്, വി കുഞ്ഞമ്മത്, ഷബ്‌ന റാഷിദ് കെ എം, പി സി അശ്‌റഫ് എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/262892/sdpi-demands-formation-of-perambra-taluk-focusing-on-hilly-areas)