---
title: "വ്യാപാര സംരക്ഷണ സന്ദേശ ജാഥക്ക് നാളെ പേരാമ്പ്രയില്‍ സ്വീകരണം"
english_title: "Trade protection message march to be welcomed in Perambra tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/263293/trade-protection-message-march-to-be-welcomed-in-perambra-tomorrow"
published_at: "2025-01-14T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6786162ea76e8_JHADA.JPG"
keywords: []
---

# വ്യാപാര സംരക്ഷണ സന്ദേശ ജാഥക്ക് നാളെ പേരാമ്പ്രയില്‍ സ്വീകരണം

> **Lead Summary:** **പേരാമ്പ്ര**: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന വ്യാപാര സംരക്ഷണ സന്ദേശ ജാഥക്ക് നാളെ പേരാമ്പ്രയില്‍ സ്വീകരണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര**: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന വ്യാപാര സംരക്ഷണ സന്ദേശ ജാഥക്ക് നാളെ പേരാമ്പ്രയില്‍ സ്വീകരണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വ്യാപാരി വ്യവസായികളെയും ചെറുകിട വ്യവസായികളെയും അനുബന്ധ തൊഴിലാളികളെയും ബാധിക്കുന്ന തരത്തില്‍ വ്യാപാരമേഖലയില്‍ രൂപപ്പെട്ടുവരുന്ന രൂക്ഷമായ പ്രതിസന്ധികള്‍ക്കെതിരായി ആരംഭിക്കുന്ന അതിശക്തമായ പ്രക്ഷോഭപരിപാടികളുടെ ഭാഗമായാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യപാര സംരക്ഷണ സന്ദേശ ജാഥ നടത്തുന്നത്.

വ്യാപാര രംഗത്ത് കുത്തകകള്‍ മാത്രം നിലനിന്നാല്‍ മതിയെന്ന നയം സര്‍ക്കാരുകള്‍ തിരുത്തുക. നോട്ട് നിരോധനവും ജിഎസ്ടിയും വിവിധ തരത്തിലുള്ള സര്‍ക്കാര്‍ നയങ്ങളും മൂലം ചെറുകിട വ്യാപാരമേഖല നേരിടുന്ന തകര്‍ച്ചയും സാമ്പത്തിക മാന്ദ്യത്താല്‍ പതിനായിരക്കണക്കിന് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്ത സാഹചര്യത്തില്‍ ഇത്തരം പ്രതിസന്ധികളില്‍ നിന്നും വ്യാപാര വ്യവസായ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ 2025 ഫിബ്രവരി 13ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്നതിന്റെ മുന്നോടിയായാണ് വ്യാപാര സംരക്ഷണ സന്ദേശ സംസ്ഥാന ജാഥ നടത്തുന്നത്. ജിഎസ്ടിയിലെ അപാകതകള്‍ പരിഹരിക്കുക,. കെട്ടിട വാടകയില്‍ ചുമത്തിയ 18% ജി.എസ്. ടി.പിന്‍വലിക്കുക, വിലക്കയറ്റം തടയുക, ഓണ്‍ലൈന്‍ വ്യാപാരം നിയമം മൂലം നിയന്ത്രിക്കുക, ചെറുകിട വ്യാപാര മേഖലയിലെ പ്രത്യക്ഷ വിദേശ നിക്ഷേപം ഒഴിവാക്കുക, ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുവാന്‍ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുക, വാടക നിയന്ത്രണ നിയമം അടിയന്തിരമായി നടപ്പിലാക്കുക, വികസനാവശ്യങ്ങള്‍ക്കായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് പുരനരധിവാസവും നഷ്ടപരി ഹാരവും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നിയമ നിര്‍മ്മാണം നടത്തുക, വാണിജ്യവകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, വ്യാപാരമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപാരികളുടെ വിവിധ ലൈസന്‍സ് ഫീസുകള്‍ കുറയ്ക്കുക, വ്യാപാരികളുടെ വൈദ്യുതി താരിഫില്‍ ഇളവ് അനുവദിക്കുക, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ കെട്ടിടങ്ങളിലെ വാടകക്കാരായ വ്യാപാരികള്‍ക്ക് അവരുടെ സ്ഥാപനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി കൈമാറുന്നതിനുള്ള നിയമസാധുത ഉറപ്പുവ രുത്തുക, അനിയന്ത്രിത വഴിയോര വ്യാപാരം ഒഴിവാക്കുക, വന്യജീവി ആക്രണം തടയുന്നതിനുള്ള ഫലപ്രദമായ നിയമ നിര്‍മ്മാണം നടത്തുക, വ്യാപാരി ക്ഷേമനിധി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ നടത്തുന്നത്. ജനുവരി 15ന് വൈകു 4 മണിക്ക് പേരാമ്പ്ര ടാക്‌സി സ്റ്റാന്റ് പരിസരത്ത് നിന്ന് ജാഥയെ സ്വീകരിക്കും.

മാര്‍ക്കറ്റ് പരിസരത്ത് നടക്കുന്ന സീകരണ യോഗത്തില്‍ വ്യാപാരി നേതാക്കള്‍ സംബന്ധിക്കുമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് എ.എം കുഞ്ഞിരാമന്‍, സെക്രട്ടറി ബി.എം. മുഹമ്മദ്, വി.കെ. ഭാസ്‌ക്കരന്‍, രാമചന്ദ്രന്‍ ഗുഡ് വില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/263293/trade-protection-message-march-to-be-welcomed-in-perambra-tomorrow)