---
title: "വറ്റി വരണ്ട് എരവട്ടൂര്‍ നരിക്കിലാപ്പുഴ; സംരക്ഷണം വേണമെന്ന് യൂത്ത് ലീഗ് "
english_title: "Dry Eravatoor Narikkilappuzha; Youth League demands protection"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26415/dry-eravatoor-narikkilappuzha-youth-league-demands-protection"
published_at: "2022-02-14T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a7a92c74f8_vvvv - Copy (3) - Copy copy.jpg"
keywords: []
---

# വറ്റി വരണ്ട് എരവട്ടൂര്‍ നരിക്കിലാപ്പുഴ; സംരക്ഷണം വേണമെന്ന് യൂത്ത് ലീഗ് 

> **Lead Summary:** **പേരാമ്പ്ര:** പതിറ്റാണ്ടുകളായി പേരാമ്പ്ര പഞ്ചായത്തിലെ എരവട്ടൂര്‍ പ്രദേശത്തെ ജല സ്രോതസ്സായി നിലനിന്ന നരിക്കിലാപുഴ ഇന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്.

## Article Content

**പേരാമ്പ്ര:** പതിറ്റാണ്ടുകളായി പേരാമ്പ്ര പഞ്ചായത്തിലെ എരവട്ടൂര്‍ പ്രദേശത്തെ ജല സ്രോതസ്സായി നിലനിന്ന നരിക്കിലാപുഴ ഇന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്.

വേനല്‍ കാലങ്ങളില്‍ പോലും രണ്ടാള്‍ പൊക്കത്തില്‍ വെള്ളം നിലനിന്നിരുന്ന പുഴ ഇന്ന് കാടും പായലും മൂടി ചളി നിറഞ് വെള്ളം വറ്റി കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്.

എരവട്ടൂരിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ നീന്തല്‍ പഠിക്കാനും വേനല്‍ കാലങ്ങളിലെ ജല ക്ഷാമത്തിന് പരിഹാരമായി അലക്കാനും മറ്റും പുഴ ഉപയോഗപ്പെടുത്തിയിരുന്നു.

പുഴയുടെ സമീപത്തു നിലവില്‍ ചേര്‍മല ഭാഗത്തേക്കുള്ള കുടിവെള്ള പദ്ധതിയുടെ കിണറുമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്നേ നടന്ന പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നരികിലാപ്പുഴ നവീകരണ പദ്ധതിക്ക് ശേഷമാണ് പുഴ നശിച്ചു തുടങ്ങിയത്.

ഒരു കൊടിയോളം രൂപ മുടക്കി നടത്തിയ പ്രവര്‍ത്തിയില്‍ തുടക്കം മുതലേ യൂത്ത് ലീഗ് അടക്കമുള്ള സംഘടനകള്‍ അപാകത ചൂണ്ടി കാണിച്ചിരുന്നു. ഇത് വിജിലന്‍സ് അന്വേഷണം നടത്തുകയും ഇതിന് ഉത്തരവാദികളായ കരാറുകാരനോടും ഉദ്യോഗസ്ഥരോടും നഷ്ടം തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു.

ചാനിയം കടവ് റോഡ് നിര്‍മാണത്തിലെ അപാകത മൂലം മഴക്കാലത്ത് ഓവുചാല്‍ വെള്ളവും ഇപ്പോള്‍ എത്തുന്നത് പുഴയിലേക്കാണ്. കൂടാതെ കനാല്‍ വെള്ളം പുഴയിലേക്ക് എത്തേണ്ട കാനയുടെ പല ഭാഗത്തും നികന്നത് മൂലം വെള്ളം പുഴയിലേക്ക് എത്താത്ത അവസ്ഥയും നിലവിലുണ്ട്.

വേനല്‍ കാലത്ത് പോലും രണ്ടാള്‍ പൊക്കം വെള്ളമുണ്ടായിരുന്ന നരിക്കിലാപുഴ സംരക്ഷണത്തിന് വേണ്ടി നിര്‍മിച്ച ചുറ്റുമതില്‍ കോറിവെയ്സ്റ്റ് അടക്കം നിറച്ച് ആഴം കുറച്ച് അതിന് മുകളിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.

ഇത് സ്വാഭാവികമായ നീരുറവ അടയാനും വേനല്‍ കാലത്ത് വെള്ളം വറ്റാനും കാരണമായിട്ടുണ്ട്. മീന്‍ വളര്‍ത്തല്‍, നീന്തല്‍ കുളം, ബോട്ടിങ് തുടങ്ങി നിരവധി സാധ്യതകളുള്ള ഒരു ഏക്കറോളം വരുന്ന പുഴയിലെ കൊറിവെയ്‌സ്‌റ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കി പുഴ വീണ്ടെടുക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് എരവട്ടൂര്‍ ശാഖ മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

ആര്‍.എം നിഷാദ്, പി.എം റിഷാദ്, പി. അന്‍സാര്‍, സഫീര്‍ മഠത്തില്‍, പി. ഷഫീക്, ജംസല്‍ ആനേരിക്കുന്ന്, കെ.ടി അന്‍ഷാദ്, കെ.കെ ഷിയാസ്, സുഹൈല്‍ മൂര്‍ക്കത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26415/dry-eravatoor-narikkilappuzha-youth-league-demands-protection)