---
title: "വിവാഹം ; പുതു സന്ദേശമോതി പേരാമ്പ്രയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍"
english_title: "marriage Social workers of Pudu Sandeshmothi Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/264441/marriage-social-workers-of-pudu-sandeshmothi-perambra"
published_at: "2025-01-19T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678cf63d89654_akk.JPG"
keywords: []
---

# വിവാഹം ; പുതു സന്ദേശമോതി പേരാമ്പ്രയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍

> **Lead Summary:** **പേരാമ്പ്ര :** ഉറപ്പിച്ച വിവാഹമെന്ന സ്വപ്നത്തിന് ഒരു യുവതിക്ക് കാത്തിരിക്കേണ്ടി വന്നത് നീണ്ട നാലു വര്‍ഷങ്ങള്‍. കുടുംബത്തിന്റെ സാമ്പത്തിക പ്രയാസം കാരണമാണ് വിവാഹം നീണ്ടു പോയത്. ഇത് പേരാമ്പ്ര ചേര്‍മല സാംബവ കോളനിയിലെ അഞ്ജലി എന്ന യുവതിയുടെ ജീവിത യാഥാര്‍ത്ഥ്യം. എന്നാല്‍ ഇന്ന് ഈ യുവതി മംഗല്യവതിയായിരിക്കുകയാണ്.

## Article Content

**പേരാമ്പ്ര :** ഉറപ്പിച്ച വിവാഹമെന്ന സ്വപ്നത്തിന് ഒരു യുവതിക്ക് കാത്തിരിക്കേണ്ടി വന്നത് നീണ്ട നാലു വര്‍ഷങ്ങള്‍. കുടുംബത്തിന്റെ സാമ്പത്തിക പ്രയാസം കാരണമാണ് വിവാഹം നീണ്ടു പോയത്. ഇത് പേരാമ്പ്ര ചേര്‍മല സാംബവ കോളനിയിലെ അഞ്ജലി എന്ന യുവതിയുടെ ജീവിത യാഥാര്‍ത്ഥ്യം. എന്നാല്‍ ഇന്ന് ഈ യുവതി മംഗല്യവതിയായിരിക്കുകയാണ്.

യുവതിയുടെയും കുടുംബത്തിന്റെയും അവസ്ഥയറിഞ്ഞ പേരാമ്പ്രയിലെ അസറ്റ് ചാരിറ്റബ്ള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ വിഷയം ഏറ്റെടുക്കുകയായിരുന്നു. ഇന്ന് കാലത്ത് കുറിക്കപ്പെട്ട മംഗള മുഹൂര്‍ത്തത്തില്‍ പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രമുറ്റത്ത് അഞ്ജലിക്ക് മലപ്പുറം ഇരിങ്ങല്ലൂര്‍ പാലാനിയിലെ അഖില്‍കുമാര്‍ താലിചാര്‍ത്തി. പീക്കോക്ക് നിറത്തിലുള്ള സാരിയില്‍ അണിഞ്ഞൊരുങ്ങി സുന്ദരിയായി എത്തിയ വധുവിന്റെ എല്ലാ ഒരുക്കങ്ങളും അസറ്റ് പേരാമ്പ്ര ഏറ്റെടുത്ത് നല്‍കുകയായിരുന്നു.

സമൂഹ നന്മ വിളിച്ചോതുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. ക്ഷേത്രം മേല്‍ശാന്തി ശ്രീഹരി നമ്പൂതിരി വിവാഹ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ദൈന്യത അനുഭവിക്കുന്ന കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തി രക്ഷിതാക്കളുടെ സ്ഥാനത്ത് നിന്ന് വിവാഹം നടത്താന്‍ അസറ്റ് ചെയര്‍മാന്‍ സി.എച്ച്.  ഇബ്രാഹിം കുട്ടിയും അധ്യാപകനായ വി.കെ. റഷീദും ഏറെ നാളായി ഓടിനടക്കുകയായിരുന്നു.

വിവാഹ ശേഷം ഡിഗ്‌നിറ്റി കോളെജില്‍ വെച്ച് നടത്തിയ സുഹൃത്ത് സല്‍ക്കാരത്തില്‍ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നൂറുകണക്കിന് ആളുകള്‍ എത്തിച്ചേരുകയും വധൂവരന്മാരെ ആശീര്‍വദിക്കുകയും ചെയ്തു. സുഹൃത്ത് സല്‍ക്കാരത്തിന് എത്തിയവരെ സ്വീകരിച്ചതും അവര്‍ക്ക് ഭക്ഷണം വിളമ്പിയതും കോളെജിലെ എന്‍എസ്എസ് വളണ്ടിയര്‍മാരാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/264441/marriage-social-workers-of-pudu-sandeshmothi-perambra)