---
title: "ഗാര്‍ഹിക സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "Organized home safety awareness class at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/264908/organized-home-safety-awareness-class-at-meppayoor"
published_at: "2025-01-21T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678fb42edc215_alp.jpg"
keywords: []
---

# ഗാര്‍ഹിക സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: മേപ്പയൂര്‍ മഠത്തും ഭാഗം ശാന്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര അഗ്നി രക്ഷാനിലയത്തിന്റെ സഹകരണത്തോടെ ഗാര്‍ഹിക സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: മേപ്പയൂര്‍ മഠത്തും ഭാഗം ശാന്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര അഗ്നി രക്ഷാനിലയത്തിന്റെ സഹകരണത്തോടെ ഗാര്‍ഹിക സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു. ഓരോ വ്യക്തികളും അത്യാവശ്യം അറിഞ്ഞിരിക്കേണ്ടതായ ഗൃഹ സുരക്ഷാപാഠങ്ങള്‍ പ്രയോഗിക പരിശീലനം നല്‍കിക്കൊണ്ട് വിശദമാക്കി. പ്രത്യേകിച്ചും വീട്ടമ്മമാര്‍ പാചകത്തിലും വൈദ്യുതി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും നിര്‍ബന്ധമായും കരുതിയിരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും ക്ലാസില്‍ വിശദീകരിച്ചു.

ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ ഉപയോഗിക്കുന്നതിന്റെയും അത്യാവശ്യഘട്ടങ്ങളില്‍ രോഗികള്‍ക്ക് സിപി ആര്‍ കൊടുക്കുന്നതിനുമുള്ള പ്രായോഗിക പരിശീലനവും നല്‍കി. വീട്ടമ്മമാരുടെ സംശയങ്ങള്‍ക്ക് ഫയര്‍ ഓഫീസര്‍ മറുപടി നല്‍കി. ഇളമ്പിലാശ്ശേരി അമ്മദിന്റെ വീട്ടുമുറ്റത്ത് ചേര്‍ന്ന പരിപാടിയില്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു.

പ്രദേശത്തെ ഒരു വീട്ടില്‍ പാചകവാതകം ചോര്‍ന്ന് ഉണ്ടാകുമായിരുന്ന വലിയൊരു അപകടത്തെ സമയോചിതമായി ഇടപെട്ട് ഇല്ലാതാക്കിയ വി.പി അശോകനെ ചടങ്ങില്‍ ആദരിച്ചു. ശാന്തിനഗര്‍ അസോസിയേഷന്‍ സെക്രട്ടറി എം.കെ കുഞ്ഞമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ. കുഞ്ഞു മൊയ്തീന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/264908/organized-home-safety-awareness-class-at-meppayoor)