---
title: " 'ആസാദ് മന്‍സില്‍ 'താക്കോല്‍ദാനം ജനുവരി 24 ന് "
english_title: "'Azad Manzil' key handing over on 24th January at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/264914/azad-manzil-key-handing-over-on-24th-january-at-perambra"
published_at: "2025-01-21T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678fbbebcac2b_sew.jpg"
keywords: []
---

#  'ആസാദ് മന്‍സില്‍ 'താക്കോല്‍ദാനം ജനുവരി 24 ന് 

> **Lead Summary:** പേരാമ്പ്ര: മാറ്റിനിര്‍ത്തിയവരെ മാറോടണച്ച് കോണ്‍ഗ്രസ് 'ആസാദ് മന്‍സില്‍ 'താക്കോല്‍ദാനം ജനുവരി 24 ന് നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

പേരാമ്പ്ര: മാറ്റിനിര്‍ത്തിയവരെ മാറോടണച്ച് കോണ്‍ഗ്രസ് 'ആസാദ് മന്‍സില്‍ 'താക്കോല്‍ദാനം ജനുവരി 24 ന് നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളോടു സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ പേരാമ്പ്ര പഞ്ചായത്തിലെ എട്ടാം വാര്‍ഡ് പുറ്റം പൊയിലിലെ ഭിന്നശേഷിക്കാരായ ദമ്പതിമാര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാതൃകയായി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ ലിസ്റ്റില്‍ ആറാം സ്ഥാനവും, എട്ടാം വാര്‍ഡിലെ ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരുമായിരുന്നു ദമ്പതികള്‍. പലപ്രാവശ്യം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും വീട് ലഭ്യമാക്കുന്നതിന് ഒരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചില്ല. തുടര്‍ന്നാണ് ഒരു വര്‍ഷം മുന്‍പ് ദമ്പതിമാര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തനമാരംഭിച്ചത്. വീടിന്റെ മുഴുവന്‍ പണിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ജനുവരി 24 ന് വൈകുന്നേരം മൂന്നുമണിക്ക് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല താക്കോല്‍ദാനം നടത്തുന്ന ചടങ്ങില്‍ വടകരയുടെ എംപി ഷാഫി പറമ്പില്‍, എംഎല്‍എ ടി സിദ്ദിഖ്, ഡിസിസി പ്രസിഡണ്ട്മാര്‍ കെ പ്രവീണ്‍കുമാര്‍, എന്‍. സുബ്രഹ്‌മണ്യന്‍, കെ. ബാലനാരായണന്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.

2017 ല്‍ കുടുംബശ്രീ നേതൃത്വത്തില്‍ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് സര്‍വ്വേ ആരംഭിച്ചിരുന്നു. 2019ലും 2020 ലും അപേക്ഷ സ്വീകരിക്കുകയും ചെയ്തു. പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടു ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. 2023 കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

857 അപേക്ഷകരായിരുന്നു മൊത്തം ഉണ്ടായിരുന്നത്. പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍457 പേരെ അര്‍ഹരായി കണ്ടെത്തി. ഇതില്‍ വീണ്ടും ആക്ഷേപങ്ങള്‍ സ്വീകരിച്ചു. ഫൈനല്‍ ലിസ്റ്റില്‍ 484 പേരായി.

2023 പുതിയ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം അതിദരിദ്രരുടെ പട്ടിക 14 ക്ലേശ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി 99 പേരുടെ പട്ടിക തയ്യാറാക്കി. നേരത്തെ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ അഗതി ആശ്രയ ഗുണഭോക്താക്കള്‍ അതി ദരിദ്ര പട്ടികയില്‍ പെടുന്നില്ല എന്നതും വിരോധാഭാസമാണ്. 99 പേരുള്ള അധിദരിദ്ര പട്ടികയില്‍ ഉള്ള 12 പേര്‍ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളാണ്. ആകെ 15 പേര്‍ക്ക് മാത്രമേ വീട് ആവശ്യമുള്ളൂ. ഇതില്‍ 13 പേര്‍ക്ക് വീട് പൂര്‍ണമായോ ഭാഗികമായോ കിട്ടിയിട്ടുണ്ട്. ടരവിഭാഗത്തില്‍ 68 പേരാണ് എഗ്രിമെന്റ് വെച്ച് ഒന്നും രണ്ടും ഗഡുക്കള്‍ വാങ്ങിയത്.

എം.എന്‍ ലക്ഷംവീട് പദ്ധതി പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ നേരത്തെ നല്‍കിയ ഫണ്ട് വക മാറ്റി ചെലവഴിക്കാമെന്ന ധാരണയിലാണ് ഇപ്പോള്‍ എഗ്രിമെന്റ് വെപ്പിച്ചത്. പ്ലാന്‍ ഫണ്ടില്‍ നിന്ന് പണം എടുത്തുഎഗ്രിമെന്റ് വെപ്പിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ലൈഫ്ഭവന പദ്ധതിയില്‍ ആകെ പൂര്‍ണമായോ, ഭാഗികമായും നല്‍കിയ വീടുകളുടെ എണ്ണം 128 ആണ്. 14 ജനറല്‍ വിഭാഗവും, 25 എസ് സി വിഭാഗത്തില്‍പ്പെട്ടവരും, 13 അതി ദരിദ്ര പട്ടികയില്‍ പെട്ടവരും ആണ് പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. 128 ആളുകളില്‍ 76 പേര്‍ക്ക് ഭാഗികമായി മാത്രമേ തുക ലഭ്യമായിട്ടുള്ളൂ. പേരാമ്പ്ര പഞ്ചായത്തില്‍ മാത്രം 356 പേര്‍ ഇപ്പോഴും ലൈഫ് ഭവന പദ്ധതിയില്‍ അപേക്ഷ നല്‍കി കാത്തുനില്‍ക്കുകയാണ്. പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാറിന്റെ ജനവിരുദ്ധ നടപടിക്കെതിരെ സൃഷ്ടിപരമായ ഒരു സമരമാര്‍ഗത്തിന്റെ തുടക്കമാണ് പുറ്റംപൊയിലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചു നല്‍കുന്ന'ആസാദ് മന്‍സില്‍, എന്നും അവര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ പി.കെ രാഗേഷ്, വി.കെ രമേശന്‍, അഷ്‌റഫ് ചാലില്‍, റഷീദ് പുറ്റം പൊയില്‍, യു.സി രജീഷ്, കെ .പി. രാജൻ,  ഇ.എം രാജന്‍, ടി.എന്‍.കെ ബാലകൃഷ്ണന്‍, വി.പി ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/264914/azad-manzil-key-handing-over-on-24th-january-at-perambra)