---
title: "കാട്ടുപന്നികളും തെരുവുനായ്ക്കളും നാട്ടുകാര്‍ക്ക് ഭീഷണിയാവുന്നു "
english_title: "Wild boars and stray dogs are a threat to the locals at vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265225/wild-boars-and-stray-dogs-are-a-threat-to-the-locals-at-vadakara"
published_at: "2025-01-23T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6791de04084b5_dog.jpg"
keywords: []
---

# കാട്ടുപന്നികളും തെരുവുനായ്ക്കളും നാട്ടുകാര്‍ക്ക് ഭീഷണിയാവുന്നു 

> **Lead Summary:** **വടകര :** ചോറോട്, വില്യാപ്പള്ളി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നിക്കൂട്ടവും തെരുവുനായ്ക്കളും നാട്ടുകാര്‍ക്ക് ഭീഷണിയാവുന്നു. കാല്‍നടയായും ഇരുചക്ര വാഹനങ്ങളിലും സഞ്ചരിക്കുന്നവര്‍ക്കാണ് അപകടം സംഭവിക്കുന്നത്. കുരിക്കിലാടിനടുത്ത് അങ്ങാടിമലയില്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ട് വരികയായിരുന്ന കുഞ്ഞിനേയും അമ്മയേയും തെരുവുനായക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. കുഞ്ഞുമായി താഴേക്ക് എടുത്തു ചാടി രക്ഷപ്പെടുന്നതിനിടയില്‍ അമ്മയുടെ കാലിന്റെ എല്ലുപൊട്ടി പ്ലാസ്റ്ററിട്ട് കിടപ്പിലാണ്.

## Article Content

**വടകര :** ചോറോട്, വില്യാപ്പള്ളി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നിക്കൂട്ടവും തെരുവുനായ്ക്കളും നാട്ടുകാര്‍ക്ക് ഭീഷണിയാവുന്നു. കാല്‍നടയായും ഇരുചക്ര വാഹനങ്ങളിലും സഞ്ചരിക്കുന്നവര്‍ക്കാണ് അപകടം സംഭവിക്കുന്നത്. കുരിക്കിലാടിനടുത്ത് അങ്ങാടിമലയില്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ട് വരികയായിരുന്ന കുഞ്ഞിനേയും അമ്മയേയും തെരുവുനായക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. കുഞ്ഞുമായി താഴേക്ക് എടുത്തു ചാടി രക്ഷപ്പെടുന്നതിനിടയില്‍ അമ്മയുടെ കാലിന്റെ എല്ലുപൊട്ടി പ്ലാസ്റ്ററിട്ട് കിടപ്പിലാണ്.

മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ എട്ടോളം പേരെയാണ് തെരുവുനായ്ക്കള്‍ കടിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അംഗനവാടികളടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലമാണിത്. വിദ്യാര്‍ത്ഥികള്‍ ഭയത്തോടെ വന്നു പോകുന്ന സാഹചര്യമുള്ളത്.

അംഗനവാടികള്‍, കുരിക്കിലാട് യു.പി സ്‌കൂള്‍, ചേറോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഗോകുലം പബ്ലിക് സ്‌കൂള്‍, കോ-ഓപ്‌റേറ്റീവ് കോളേജ്, മേഴ്‌സി കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് വന്നു പോകുന്നത്. രക്ഷിതാക്കളും ഭയത്തിലാണ്. തൊട്ടടുത്ത പ്രദേശങ്ങളായ കുറിഞ്ഞാലിയോടും കൂട്ടങ്ങാരത്തുമെല്ലാം കാട്ടു പന്നികള്‍ സൗര്യ വിഹാരം നടത്തുന്നുണ്ട്.

നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും അധികൃതരെ പ്രതിഷേധം അറിയിക്കുന്നുണ്ടെങ്കിലും നടപടി ഉണ്ടാവുന്നില്ല എന്ന ആക്ഷേപമുണ്ട്. പെറ്റുപെരുകിയതാണ് തെരുവു നായ്ക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണങ്ങള്‍ക്ക് കാരണം. ഈ ഭാഗങ്ങളില്‍ കണ്ടുവരുന്ന വലിയ കാട്ടുപന്നികളും കൂട്ടത്തോടെയാണ് സഞ്ചരിക്കുന്നത്. നായ്ക്കളെ പിടി കൂടി വന്ധ്യംകരണത്തിനുള്ള കുത്തിവയ്പ് നടത്താനും കാട്ടുപന്നികളെ വെടിവയ്ക്കാനുമുള്ള നടപടി സ്വീകരിക്കേണ്ടത് പ്രദേശിക ഭരണകൂടങ്ങളുടെ ചുമതലയില്‍പെട്ടതാണ്.

തെരുവുനായക്കളുടെ പെറ്റുപെരുകല്‍ തടയാനുള്ള എബിസി ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ നടപ്പിലാക്കാനും പന്നികളെ വെടിവെക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുമുള്ള അധികാരം പഞ്ചായത്ത് ഭരണാധികാരികളില്‍ നിക്ഷിപ്തമാണ്. ജീവനും സ്വത്തിനും ഭീഷണിയാകും തരത്തില്‍ പെറ്റുപെരുകുമ്പോഴും പഞ്ചായത്ത് അധികൃതര്‍ മൗനം പാലിക്കുന്നതില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265225/wild-boars-and-stray-dogs-are-a-threat-to-the-locals-at-vadakara)