---
title: "ഒലീവ് പബ്‌ളിക് സ്‌കൂള്‍ 25 ന്റെ നിറവില്‍"
english_title: "Olive Public School turns 25 at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266378/olive-public-school-turns-25-at-perambra"
published_at: "2025-01-28T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679899543f41f_oliv.jpg"
keywords: []
---

# ഒലീവ് പബ്‌ളിക് സ്‌കൂള്‍ 25 ന്റെ നിറവില്‍

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്രയിലെ ആദ്യ സിബിഎസ്ഇ സ്‌കൂളായ ഒലീവ് പബ്ലിക് സ്‌ക്കൂളിന്റെ 25-ാം വാര്‍ഷികാഘോഷം ജനുവരി 29,30,31 തിയ്യതികളിലായി നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്രയിലെ ആദ്യ സിബിഎസ്ഇ സ്‌കൂളായ ഒലീവ് പബ്ലിക് സ്‌ക്കൂളിന്റെ 25-ാം വാര്‍ഷികാഘോഷം ജനുവരി 29,30,31 തിയ്യതികളിലായി നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പേരാമ്പ്രയിലെ സാധാരണക്കാരുടെ മക്കള്‍ക്കും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യ സാക്ഷാത്ക്കരണത്തിനായി സമാന ചിന്താഗതിക്കാരായ ഏതാനും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപം നല്‍കിയ ഹിമ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ് ഒലീവ് പബ്‌ളിക് സ്‌കൂള്‍ എന്ന വിദ്യഭ്യാസ സ്ഥാപനം ' 2001 ജൂണില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

തുടക്കത്തില്‍ നഴ്‌സറി മുതല്‍ ആറാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്ന വിദ്യാലയം പിന്നീട് പത്താം ക്ലാസ് വരെ സിബിഎസ്ഇ യുടെ അഫിലിയേഷന്‍ ലഭിക്കുകയും 2012 ല്‍ സീനിയര്‍ സെക്കണ്ടറിയായി ഉയരുകയും ചെയ്തു.

ജനുവരി 29 മുതല്‍ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കലാ കായിക മത്സരങ്ങള്‍, ശാസ്ത്ര പ്രദര്‍ശനങ്ങള്‍, വിവിധ മത്സരങ്ങള്‍ ബോധവത്ക്കരണ ക്ലാസുകള്‍, സംവാദ പരിപടികള്‍, മേളകള്‍ എന്നിവ ഒലീവ് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

ജനുവരി 29ാം തീയതി നഴ്‌സറി വാര്‍ഷികം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്യും. മലബാര്‍ ഗോള്‍ഡ് സിഎംഡി ജലില്‍ എടത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 30-ാം തീയതി ഓര്‍ക്കസ്ട്ര എന്ന പേരില്‍ രക്ഷിതാക്കളുടെ കലാപ്രകടനങ്ങള്‍ നടക്കും.

ചടങ്ങ് പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ജംഷീദ് ഉദ്ഘാടനം ചെയ്യും. പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മാനേജര്‍ എ.കെ. കരുണാകരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും.

31-ാം തീയതി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നടക്കും. മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.പി അഹമ്മദ് ആഘോഷങ്ങളുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. തണല്‍ ചെയര്‍മാന്‍ ഡോ ഇദരീസ്, പേരാമ്പ്ര ഡിവൈഎസ്പി വി.വി. ലതീഷ്, പ്രമുഖ ഹൃദ്രോഗ വിദഗ്ദന്‍ ഡോ ഒ ഷജീന്‍ എന്നിവര്‍ മുഖ്യാതിഥികളാവുന്ന ചടങ്ങില്‍ സാമൂഹ്യ വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. തുടര്‍ന്ന് പ്രധാന സ്റ്റേജ് പരിപാടികള്‍ അരങ്ങേറും.

വാര്‍ത്ത സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ കെ.വി. ജോര്‍ജ്, സ്‌ക്കൂള്‍ മാനേജര്‍ ടി.പി. അബ്ദുള്‍ മജീദ്, അധ്യാപികമാരായ ഒ.സി ലീന, മിനി ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266378/olive-public-school-turns-25-at-perambra)