---
title: " പൗരന്റെ പ്രമാണമാണ് ഭരണഘടനയെന്ന്  കല്പറ്റ നാരായണന്‍"
english_title: " Constitution is a citizen's document: Kalpetta Narayanan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266469/constitution-is-a-citizens-document-kalpetta-narayanan"
published_at: "2025-01-28T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798f2e1dbd57_1.png"
keywords: []
---

#  പൗരന്റെ പ്രമാണമാണ് ഭരണഘടനയെന്ന്  കല്പറ്റ നാരായണന്‍

> **Lead Summary:** **പേരാമ്പ്ര : **പൗരന്റെ പ്രമാണമാണ് ഭരണഘടനയെന്നും ആ പൗരനെ പ്രജയാക്കി മാറ്റി തങ്ങളുടെ ഇംഗിതങ്ങള്‍ വളഞ്ഞ വഴിയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പുത്തന്‍ ഭരണവര്‍ഗങ്ങളെ കരുതിയിരിക്കണമെന്ന് പ്രശസ്ത സാഹിത്യകാരന്‍ കല്പറ്റ നാരായണന്‍ പറഞ്ഞു.

## Article Content

**പേരാമ്പ്ര : **പൗരന്റെ പ്രമാണമാണ് ഭരണഘടനയെന്നും ആ പൗരനെ പ്രജയാക്കി മാറ്റി തങ്ങളുടെ ഇംഗിതങ്ങള്‍ വളഞ്ഞ വഴിയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പുത്തന്‍ ഭരണവര്‍ഗങ്ങളെ കരുതിയിരിക്കണമെന്ന് പ്രശസ്ത സാഹിത്യകാരന്‍ കല്പറ്റ നാരായണന്‍ പറഞ്ഞു.

ആര്‍.ജെ ഡി പേരാമ്പ്ര മേഖലാ സാംസ്‌കാരിക വേദി സംഘടിപ്പിച്ച 'ഭരണഘടന അപ്രസക്തമാകുന്നുവോ ' എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിംസയുടെ ചരിത്രമാണ് ലോക ചരിത്രം. അത് അഹിംസയുടെ ചരിത്രമാക്കിയത് മഹാത്മജിയാണ്. ആ അഹിംസ ചിന്തയും പാരമ്പര്യമായി ആര്‍ജ്ജിച്ച മൂല്യബോധവും ധാര്‍മ്മീകതയും സ്വാഭാവികമായി ഉള്‍ച്ചേര്‍ന്ന് തികഞ്ഞ ഇന്ത്യത്തം നിലനിര്‍ത്തുന്ന ഈ ഭരണഘടനയുടെ പതാകവാഹകരാകാന്‍ നമുക്കു കഴിയണം. രാജ്യം കാത്തുസൂക്ഷിക്കുന്ന മതേതരത്വം പോലെത്തന്നെ രാഷ്ട്രീയേതരത്വവും പ്രധാനമാണ്. കക്ഷി രാഷ്ട്രീയ ഭരണത്തില്‍ നിഷ്പക്ഷതയും നീതിബോധവും ഇല്ലാതാവുന്നത് ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു ശക്തമായി തടയാന്‍ രാജ്യത്തെ പൗരര്‍ക്ക് കഴിയേണ്ടതുണ്ട്.

വിയോജിപ്പുകള്‍ക്കുമുമ്പില്‍ അസഹിഷ്ണത കാട്ടുകഭരണാധികാരികളുടെ പൊതുസ്വഭാവമായിരിക്കുന്നു. വിയോജിക്കുന്നിടത്താണ് പൗരബോധമുയരുന്നതെന്ന് തിരിച്ചറിയണം. ഭരണത്തില്‍ നിന്നും മതത്തെ അകറ്റി നിര്‍ത്താനാവുന്നില്ല. തൃപ്തിപ്പെടുത്തലാണിതിനു പിന്നില്‍. ദൈവങ്ങള്‍ ഭരിക്കപ്പെടേണ്ടതുണ്ടോ എന്നും പരിശോധിക്കേണ്ട കാലം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ജെ.ഡി സാംസ്‌കാരിക വേദി പ്രസിഡന്റ് കെ.ജി രാമനാരായണന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്നു നടന്ന സെമിനാറില്‍ രാജീവന്‍ മല്ലിശ്ശേരി വിഷയാവതരണം നടത്തി. രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി ദാമോദരന്‍, സിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.ദിനേശന്‍, കോണ്‍ഗ്രസ്സ് നേതാവ് നിജേഷ് അരവിന്ദ്, ബി.ജെ.പി. ഉത്തര മേഖലാ പ്രസിഡണ്ട് ടി.പി ജയചന്ദ്രന്‍, മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി അംഗം സിപിഎ അസീസ്, കെ.കെ. പ്രേമന്‍, കെ.വി ബാലന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266469/constitution-is-a-citizens-document-kalpetta-narayanan)