---
title: "പേരാമ്പ്രയില്‍ ഓവുചാല്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു"
english_title: "The construction work of Ovuchal has started in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267310/the-construction-work-of-ovuchal-has-started-in-perambra"
published_at: "2025-02-01T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679defd9cd71e_akalung.jpg"
keywords: []
---

# പേരാമ്പ്രയില്‍ ഓവുചാല്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര പട്ടണം മഴക്കാലത്ത് വെള്ളത്തില്‍ മുങ്ങുന്ന അവസ്ഥയില്‍ നിന്നും രക്ഷനേടാന്‍ പിയുകെസി റോഡില്‍ ചെമ്പ്ര റോഡ് ജംക്ഷനില്‍ ഓവുചാല്‍ നിര്‍മാണ പ്രവൃത്തി ആരംഭിച്ചു. പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തിന് മുന്‍പിലാണ് കലുങ്ക് നിര്‍മാണം നടക്കുന്നത്. ടൗണില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക എന്നതാണ് പ്രവര്‍ത്തിയുടെ ലക്ഷ്യം.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര പട്ടണം മഴക്കാലത്ത് വെള്ളത്തില്‍ മുങ്ങുന്ന അവസ്ഥയില്‍ നിന്നും രക്ഷനേടാന്‍ പിയുകെസി റോഡില്‍ ചെമ്പ്ര റോഡ് ജംക്ഷനില്‍ ഓവുചാല്‍ നിര്‍മാണ പ്രവൃത്തി ആരംഭിച്ചു. പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തിന് മുന്‍പിലാണ് കലുങ്ക് നിര്‍മാണം നടക്കുന്നത്. ടൗണില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക എന്നതാണ് പ്രവര്‍ത്തിയുടെ ലക്ഷ്യം.

മഴക്കാലത്ത് പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് മുതല്‍ ചെമ്പ്ര റോഡ് ബൈപാസ് വരെ വെള്ളം കെട്ടി നില്‍ക്കുന്നത് കാരണം കടകള്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥയും കടകളില്‍ വെള്ളം കയറി നാശനഷ്ടം സംഭവിക്കുകയും പതിവായിരുന്നു. മഴക്കാലത്ത് വാഹനങ്ങള്‍ക്ക് പോകാനോ ജനങ്ങള്‍ക്ക് നടക്കാനോ പറ്റാത്ത അവസ്ഥയും വാഹനം പോകുമ്പോള്‍ റോഡിന്റെ ഇരുവശങ്ങളിലുമുള്ള കടകളില്‍ വെള്ളം അടിച്ചു കയറുന്ന അവസ്ഥയുമാണുള്ളത്.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുകയും ടി.പി. രാമകൃഷ്ണന്‍ എംഎല്‍എക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദ്രുതഗതിയില്‍ നിര്‍മാണം ആരംഭിച്ചത്.

25 ലക്ഷം രൂപ ചെലവില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത് കണ്ണൂരിലെ ഡി.കെ.എച്ച് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ്. ബസ് സ്റ്റാന്‍ഡ് ഭാഗത്തു നിന്നും റോഡിന്റെ ഇടതുഭാഗം കട്ട് ചെയ്താണ് പണി ആരംഭിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചെമ്പ്ര റോഡില്‍ നിന്നും ബൈപാസ് ഉപയോഗപ്പെടുത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികാരികള്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267310/the-construction-work-of-ovuchal-has-started-in-perambra)