---
title: "വട്ടംപിടി തിറ കാണികള്‍ക്ക് വിസ്മയ കാഴ്ചയായി "
english_title: "The circular screen was an amazing sight for the audience"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267316/the-circular-screen-was-an-amazing-sight-for-the-audience"
published_at: "2025-02-01T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679df33709caa_vattam.jpg"
keywords: []
---

# വട്ടംപിടി തിറ കാണികള്‍ക്ക് വിസ്മയ കാഴ്ചയായി 

> **Lead Summary:** **പേരാമ്പ്ര:** ഓലച്ചൂട്ടിന്റെ വെളിച്ചത്തില്‍ മാത്രം കെട്ടിയാടുന്ന വട്ടംപിടി തിറ കാണികള്‍ക്കെന്നും വിസ്മയ കാഴ്ചയാണ്. പേരാമ്പ്ര പുറ്റാട് ചെറുകുന്ന് തലച്ചില്ലോന്‍ പരദേവത ക്ഷേത്രത്തില്‍ മകരം 21 പുലര്‍ച്ചെ 3 മണിക്കാണ് വട്ടം പിടിതിറ കെട്ടിയാടുക. പച്ചമുളയും പച്ചപാളയും കുരുത്തോലയും കൊണ്ടു ഉണ്ടാക്കിയ വലിയമുടി കിഴക്കോട്ട് തിരിഞ്ഞു നിന്ന് തലയില്‍ വെക്കുന്നതോടെയാണ് വട്ടം പിടിതിറ ആരംഭിക്കുന്നത്.

## Article Content

**പേരാമ്പ്ര:** ഓലച്ചൂട്ടിന്റെ വെളിച്ചത്തില്‍ മാത്രം കെട്ടിയാടുന്ന വട്ടംപിടി തിറ കാണികള്‍ക്കെന്നും വിസ്മയ കാഴ്ചയാണ്. പേരാമ്പ്ര പുറ്റാട് ചെറുകുന്ന് തലച്ചില്ലോന്‍ പരദേവത ക്ഷേത്രത്തില്‍ മകരം 21 പുലര്‍ച്ചെ 3 മണിക്കാണ് വട്ടം പിടിതിറ കെട്ടിയാടുക. പച്ചമുളയും പച്ചപാളയും കുരുത്തോലയും കൊണ്ടു ഉണ്ടാക്കിയ വലിയമുടി കിഴക്കോട്ട് തിരിഞ്ഞു നിന്ന് തലയില്‍ വെക്കുന്നതോടെയാണ് വട്ടം പിടിതിറ ആരംഭിക്കുന്നത്.

തിറയുടെ വലതു കൈയ്യില്‍ ചുരികയും ഇടതു കൈയ്യില്‍ കുന്തവും പിടിക്കും. ചുരിക പിടിച്ച വലതു കൈയ്യിലും ഇടതു കൈയ്യില്‍ പിടിച്ച കുന്തത്തിലും പിടിച്ചു കൊണ്ട് ക്ഷേത്ര തറവാടുമായി ബന്ധപ്പെട്ട രണ്ടു പേരും തിറയ്ക്ക് ഒപ്പമുണ്ടാകും. വട്ടംകറങ്ങി കൊണ്ട് ഓലചൂട്ടിന്റെ വെളിച്ചത്തില്‍ മാത്രമാണ് തിറ കെട്ടിയാടുന്നത്.

തിറയ്ക്ക് മുമ്പിലായി രണ്ട് ഭാഗത്ത് വാദ്യക്കാരും അവര്‍ക്ക് മുമ്പിലായി ക്ഷേത്ര തറവാടുമായി ബന്ധപ്പെട്ട ഇരുപതോളം പേര്‍ വെള്ളമുണ്ട് തറ്റു ഉടുത്ത് ഇരുകൈയ്യിലും കത്തിച്ച ഓല ചൂട്ടുമായി രണ്ടു വശങ്ങളിലായും ഉണ്ടാവും. അവര്‍ക്ക് പിന്നിലായി തലയില്‍ ചുവന്ന പട്ടുകെട്ടി കൈയ്യില്‍ വാളും പരിചയും പിടിച്ച് തിറയെ പോരിന് വിളിക്കുന്ന രീതിയില്‍ മറ്റൊരാളും നില്‍ക്കും. അയാളെ മറച്ചു പിടിച്ച് നാലോ അഞ്ചോ പേര്‍ മുന്നിലായും നില്‍ക്കും. തലയില്‍ ചുവപ്പു കെട്ടി തന്നെ കളിയാക്കി പോരിനു വിളിക്കുന്ന ആളെ കിട്ടാനായി തിറ സാവധാനം വട്ടം കറങ്ങി കറങ്ങിയാണ് മുന്നിലേക്ക് വരിക.

പട്ട് തലയില്‍ കെട്ടി നില്‍ക്കുന്ന ആള്‍ക്ക് നേരെ വട്ടം കറങ്ങി വരുന്നതിറ എത്തുപ്പോള്‍ തലയില്‍ പട്ട് കെട്ടിയ ആള്‍ പോരാന് വിളിക്കുന്ന തരത്തില്‍ തിറക്ക് മുമ്പിലേക്ക് ചില സന്ദര്‍ഭങ്ങളില്‍ ചാടി അമരും. അപ്പോഴെല്ലാം കൈയ്യിലെ ചുരിക വിറപ്പിച്ചു കൊണ്ട് തന്നെ കളിയാക്കുന്ന ആളെ എതിരിടാന്‍ വേണ്ടി തിറ മുന്നോട്ട് കുതിക്കും. അപ്പോഴെല്ലാം കുന്തത്തില്‍പിടച്ച ആളും കൈ പിടിച്ച ആളും ചേര്‍ന്ന് തിറയെ പിടിച്ചു നിര്‍ത്തും. അതെ സന്ദര്‍ഭത്തില്‍ തന്നെ ചൂട്ടുമായി രണ്ടു ഭാഗത്ത് നില്‍ക്കുന്നവര്‍ തിറയുടെ മുന്നിലേക്ക് മൂന്നു പ്രാവശ്യം ചാടി കൊണ്ട് അമരുകയും അതേ രീതിയില്‍ പിന്നിലോട്ട് വന്നു നില്‍ക്കുകയും ചെയ്യും. ഇങ്ങനെ തുടര്‍ന്നു കൊണ്ട് മുന്നോട്ടു വരുന്ന തിറ മൂന്നു പ്രാവിശ്യം പരദേവതയുടെ (പൂതാടി കൊറ്റി കരുമകന്റെ ) അമ്പലം ചുറ്റി കഴിഞ്ഞാല്‍ തലയില്‍ ചുവപ്പ് കെട്ടിയ ആളും വാദ്യക്കാരും കൈയ്യിലെ കുന്തവും മാറി ചുരിക പിടിച്ചതിറയും രണ്ട് കൈയ്യില്‍ കത്തിച്ച ഓലച്ചൂട്ട് പിടിച്ചവരും മാത്രമായി മാറും.

പിന്നീട് തന്നെ കളിയാക്കി പോരിനു വിളിച്ച ആളെ തെരഞ്ഞു കൊണ്ട് തിറ അമ്പലത്തിന് ചുറ്റും തിരിഞ്ഞും മറഞ്ഞും ഓടാന്‍ തുടങ്ങുമ്പോള്‍ ചൂട്ടു പിടിക്കുന്നവര്‍ തിറയെ നോക്കി 'ഇങ്ങു പോരി ഇങ്ങു പോരി' എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് അമ്പലത്തിന് ചുറ്റും തിറക്കൊപ്പം ഓടും. അവസാനം തന്നെ കളിയാക്കിയ ആളെ കിട്ടുന്നതിനായി തിറ ഉറഞ്ഞു തുള്ളി അതിവേഗം തിരിഞ്ഞും മറഞ്ഞും ഓടുമ്പോള്‍ ചൂട്ടു പിടിക്കുന്നവരുടെ ഇടയില്‍ നിന്ന് തന്നെ ഉറഞ്ഞ് ഓടുന്ന തിറയെ പിടിച്ച് അരിക്കല്ലില്‍ ഇരുത്തുന്നതോടെയാണ് രണ്ടര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വട്ടംപിടി തിറ ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി അവസാനിക്കുന്നത്.

കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കെട്ടിയാടാത്തതിറയെന്ന മഹിമയും ഇതിനുണ്ട്. രണ്ടര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ തിറ കെട്ടിയാടണമെങ്കില്‍ നല്ല മെഴ് വഴക്കം തന്നെ വേണം. വളരെ പ്രയാസപ്പെട്ട് കെട്ടിയാടുന്ന വട്ടം പിടിതിറ മുന്നൂറ്റാന്‍ വിഭാഗത്തില്‍പ്പെട്ടവരാണ് കെട്ടിയാടി വരുന്നത്. മകരം ഇരുപതിനാണ് എല്ലാ കൊല്ലവും ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത്. തിറ കാണുവാന്‍ നാടിന്റെ നാനാഭാഗത്തു നിന്നും ധാരാളം ആളുകള്‍ ഉത്സവദിവസം ക്ഷേത്രത്തിലെത്താറുണ്ട്. ഓലച്ചൂട്ടിന്റെ വെളിച്ചത്താല്‍ മാത്രം കെട്ടിയാടുന്ന വട്ടംപിടിതിറ കാണുന്നവര്‍ക്ക് വിസ്മയ കാഴ്ചയാണ് ഒരുക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267316/the-circular-screen-was-an-amazing-sight-for-the-audience)