---
title: "13-ാം വയസില്‍ തെയ്യം കെട്ടിയാടി ശ്രദ്ധേയനായി അര്‍ജുന്‍ കൃഷ്ണ"
english_title: "A 13-year-old boy about to make his debut in Gulykan Theiyat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267571/a-13-year-old-boy-about-to-make-his-debut-in-gulykan-theiyat"
published_at: "2025-02-02T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a32869b910a_arjun.jpg"
keywords: []
---

# 13-ാം വയസില്‍ തെയ്യം കെട്ടിയാടി ശ്രദ്ധേയനായി അര്‍ജുന്‍ കൃഷ്ണ

> **Lead Summary:** **മുതുവണ്ണാച്ച: **തലയില്‍ തിരുമുടി മുഖത്ത് പാളയില്‍ വരച്ച കാലമുഖം ദേഹത്ത് വെളുത്ത ചായം അരക്ക് ചുറ്റും കുരുത്തോലയും അണിഞ്ഞ് ആട്ടക്കാരന്‍ അണിമറക്ക് മുന്നില്‍ വന്നു നിന്നു.

## Article Content

**മുതുവണ്ണാച്ച: **തലയില്‍ തിരുമുടി മുഖത്ത് പാളയില്‍ വരച്ച കാലമുഖം ദേഹത്ത് വെളുത്ത ചായം അരക്ക് ചുറ്റും കുരുത്തോലയും അണിഞ്ഞ് ആട്ടക്കാരന്‍ അണിമറക്ക് മുന്നില്‍ വന്നു നിന്നു.

തണ്ടാറച്ചന്‍ കുത്ത് വിളക്കുമായി മുന്നില്‍. വാദ്യക്കാര്‍ താളം കൊട്ടിയപ്പോള്‍ തോറ്റമുയര്‍ന്നു. 'തെക്കല്ലോ ദൈവമെ തിരുപിറവിയോ...  വടക്കല്ലോ ദൈവത്തൂടെ വാതില്‍മാടമേ....' കുരുത്തോല മട്ടലില്‍ തീര്‍ത്ത ദണ്ഡ് കയ്യില്‍ പിടിച്ച് 12 ഗുളികനില്‍ ഒന്നായ വിഷ്ണുമായയില്‍ പിറന്ന ഗുളികന്‍ തെയ്യം ആട്ടം തുടങ്ങി.

മുതുവണ്ണാച്ച പാലയാട്ട് സുബ്രഹ്‌മണ്യ ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ 13 വയസുകാരനായ അര്‍ജുന്‍ കൃഷ്ണയാണ് ഈ തെയ്യം കെട്ടിയാടി അരങ്ങേറ്റം കുറിച്ചത്. കൂത്താളി എയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ കൊച്ചു പണിക്കര്‍.

2 വര്‍ഷത്തോളമായി ഗുളികന്‍ തെയ്യം അഭ്യസിക്കാന്‍ തുടങ്ങിയിട്ട്. വാദ്യം, തെയ്യം കലയുടെ കുലപതിയായ കല്ലൂരിലെ എം.സി ബാലകൃഷ്ണ പണിക്കരുടെ ചെറുമകനും, ബജേഷ് പണിക്കര്‍ ലിജിന ബജേഷ് എന്നിവരുടെ മകനുമാണ് അര്‍ജുന്‍ കൃഷ്ണ. അച്ഛന്റെ തെയ്യക്കോലത്തില്‍ ചെറുപ്രായത്തില്‍ തന്നെ അര്‍ജുന്‍ കൃഷ്ണ ആകൃഷ്ടനായിരുന്നു.

കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ ശിക്ഷണത്തില്‍ ചെണ്ടവാദ്യത്തിലും ഈ കൊച്ചു മിടുക്കന്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഗുളികന്‍ തെയ്യത്തിനു ശേഷം ഭഗവതി, കാളി തുടങ്ങി മറ്റു തെയ്യങ്ങളിലും അരങ്ങേറ്റം നടത്താനുള്ള തെയ്യാറെടുപ്പിലാണ് അര്‍ജുന്‍ കൃഷ്ണ.

പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരല്‍ പൊട്ടി പിളര്‍ന്നുണ്ടായ അനര്‍ത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികന്‍. മലബാറിലെ തെയ്യക്കോലങ്ങളില്‍ ഒരു പ്രധാന ദേവത കൂടിയാണ് ഗുളികന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267571/a-13-year-old-boy-about-to-make-his-debut-in-gulykan-theiyat)