---
title: " കന്നാട്ടി വഞ്ചിക്കൂളി ദേവസ്ഥാനത്തെ പുനപ്രതിഷ്ഠ തിറ മഹോത്സവ ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം"
english_title: "The Punapritstha Thira Mahotsava celebrations of Kannatti Vanchikuli Devasthanam will begin tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/269271/the-punapritstha-thira-mahotsava-celebrations-of-kannatti-vanchikuli-devasthanam-will-begin-tomorrow"
published_at: "2025-02-10T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a9d5ba84feb_eeeeeeeeeee.jpg"
keywords: []
---

#  കന്നാട്ടി വഞ്ചിക്കൂളി ദേവസ്ഥാനത്തെ പുനപ്രതിഷ്ഠ തിറ മഹോത്സവ ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം

> **Lead Summary:** **പാലേരി:** കന്നാട്ടി വഞ്ചിക്കൂളി ദേവസ്ഥാനത്തെ പുനപ്രതിഷ്ഠ തിറ മഹോത്സവ ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാവും. പ്രാര്‍ത്ഥനമായ കാര്‍ഷിക സംസ്‌കാരത്തിന്റെ പുനര്‍ജനിയായി ആഘോഷിച്ചു വരുന്ന തിറയാട്ടങ്ങള്‍ ഇന്ന് സാമൂഹ്യ കൂട്ടായ്മയുടെ പ്രതീകങ്ങളായി മാറുകയാണ്.

## Article Content

**പാലേരി:** കന്നാട്ടി വഞ്ചിക്കൂളി ദേവസ്ഥാനത്തെ പുനപ്രതിഷ്ഠ തിറ മഹോത്സവ ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാവും. പ്രാര്‍ത്ഥനമായ കാര്‍ഷിക സംസ്‌കാരത്തിന്റെ പുനര്‍ജനിയായി ആഘോഷിച്ചു വരുന്ന തിറയാട്ടങ്ങള്‍ ഇന്ന് സാമൂഹ്യ കൂട്ടായ്മയുടെ പ്രതീകങ്ങളായി മാറുകയാണ്.

ഈ വര്‍ഷം അതിവിപുലമായ പരിപാടികള്‍ക്കാണ് ജനകീയ ആഘോഷ കമ്മിറ്റി രൂപം നല്‍കിയിട്ടുള്ളത്. ഫെബ്രുവരി 11 മുതല്‍ 18 വരെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെയാണ് ഉത്സവാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ദേവസ്ഥാനം തന്ത്രി പൊന്നമ്പത്ത് കുഞ്ഞിരാമന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് പുനപ്രതിഷ്ഠാ കര്‍മ്മങ്ങള്‍ നടക്കുക.

നാളെ കാലത്ത് 8.30 ന് നടക്കുന്ന ഗണപതി ഹോമത്തോടെ ഉത്സവാഘോഷങ്ങള്‍ക്ക് ആരംഭമാവും. വൈകിട്ട് 6 മണിക്ക് ക്ഷേത്രം മുഖ്യകര്‍മ്മി പി.ടി. ചോയിയുടെ നേതൃത്വത്തില്‍ ഉത്സവത്തിന് കൊടിയേറും. തുടര്‍ന്ന് നാമജപം. 7 മണിക്ക് പ്രശാന്ത് നരയം കുളത്തിന്റെ ആദ്ധ്യാത്മിക പ്രഭാഷണം, രംഗപൂജ, ഭരതനാട്യം, ഭക്തിഗാനം, കഥാപ്രസംഗം, ഗ്രൂപ്പ് ഡാന്‍സ്, തിരുവാതിര തുടങ്ങിയ കഥാപരിപാടികള്‍ അരങ്ങേറും.

രാത്രി 10 മണിക്ക് ഗിന്നസ് രതീപ് പാലേരിയുടെ വണ്‍മാന്‍ ഷോ. രണ്ടാം ദിവസമായ ഫെബ്രുവരി 12 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് നാമജപം 7 മണിക്ക് നാടോടി നൃത്തം, സംഘ നൃത്തങ്ങള്‍, സിനിമാറ്റിക് ഡാന്‍സ്, കോല്‍ക്കളി, ഭരതനാട്യം തുടങ്ങിയ പ്രാദേശിക കലാകാരന്മാരുടെ പരിപാടികള്‍ അരങ്ങേറും.

രാത്രി 10 മണിക്ക് ശ്രീലക്ഷ്മി നൃത്ത സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന ഭക്തിഗാന സുധ. വ്യാഴാഴ്ച വൈകിട്ട് ദീപാരാധനക്ക് ശേഷം വിവിധ കലാപരിപാടികള്‍ രാത്രി 7.30 ന് മനസിനെ അറിയാന്‍ ജയരാജ് പാലേരി നയിക്കുന്ന പ്രോഗ്രാം.

തുടര്‍ന്ന് ആക്ഷന്‍ സോംഗ്, നൃത്തനൃത്യങ്ങള്‍. രാത്രി 9.30 ന് പ്രശസ്ത ഗായകന്‍ പി. സത്യനും സംഘവും നയിക്കുന്ന കരോക്കെ ഗാനമേള. 14 വെള്ളി ദീപാരാധനക്കും നാമജപത്തിനും ശേഷം 7 മണിക്ക് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കുന്നു. 7.30 മുതല്‍ നാട്ടുത്സവം. നാടോടിനൃത്തങ്ങള്‍, സംഘ നൃത്തങ്ങള്‍, കൈ കൊട്ടിക്കളി, സംഘഗാനം തുടങ്ങി വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും.

ഫെബ്രുവരി 15 ശനിയാഴ്ച വൈകിട്ട് കലവറനിറക്കല്‍ ഘോഷയാത്ര. ഗോപുരത്തിലിടം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. രാത്രി 7 മണിക്ക് ഗിരീഷ് പാലേരിയും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനാമൃതം.

തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍, 8 മണിക്ക് പ്രശസ്ത മോട്ടിവേഷന്‍ ട്രയിനര്‍ രംഗിഷ് കടവത്ത് നടത്തുന്ന പ്രഭാഷണം. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍. രാത്രി 9 മണിക്ക് കോഴിക്കോട് കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന സൂപ്പര്‍ ടാലന്റ് ഷോ. ഫെബ്രുവരി 16 ന് കാലത്ത് മഹാഗണപതി ഹോമം, ഭഗവതി സേവ, ഭണ്ഡാര സമര്‍പ്പണം, പൂമൂടല്‍. ഉച്ചക്ക് 12.30 മുതല്‍ അന്നദാനം. വൈകിട്ട് 6 മണി ദീപാരാധന നാമജപം, രാത്രി 7 മണിക്ക് തായമ്പക മൊകേരി രാജേഷ് പണിക്കരും സംഘവും.

ഫെബ്രുവരി 17 തിങ്കള്‍ കാലത്ത് 6 മണിക്ക് പള്ളിയുണര്‍ത്തല്‍, 9 മണി മുതല്‍ ഇളനീര്‍ കുലമുറി. ഉച്ചക്ക് 12.30 ന് അന്നദാനം. വൈകുന്നേരം 5.30 ന് ഇളനീര്‍ കുല വരവ്. കന്നാട്ടി വാര്യക്കുന്നത്ത് ഗുളികന്‍ ദേവസ്ഥാനത്ത് നിന്ന് ആരംഭിക്കുന്നു. 6 മണിക്ക് ഇളനീര്‍ വെപ്പ്. 6.30 ന് കൂളി വെള്ളാട്ട്, 7 മണിക്ക് പൂക്കലശം താലപ്പൊലി ഘോഷയാത്ര, വടക്കുമ്പാട് കല്ലിങ്കല്‍ ദേവസ്ഥാനത്തു നിന്നും വാദ്യമേളങ്ങളുടെയും നൃത്തനൃത്യങ്ങളുടെയും മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ നാട് ഒന്നായി ഒഴുകുന്ന ഘോഷയാത്ര.

രാത്രി 9 മണിക്ക് വെടികെട്ട്. ഭഗവതി തിറ, ഗുളികന്‍ വെള്ളാട്ട് ഗുളികന്‍ തിറ. ഫെബ്രുവരി 18 ചൊവ്വ പുലര്‍ച്ചെ ഒരു മണിക്ക് അമ്പല പറമ്പില്‍ ബിനുവിന്റെ വീട്ടില്‍ നിന്നും ചൂട്ടുവെള്ളിച്ചത്തില്‍ വാദ്യമേളങ്ങളോടെ നടത്തുന്ന തണ്ടാന്‍ വരവ്. തുടര്‍ന്ന് കുട്ടിച്ചാത്തന്‍ തിറ. 4 മണിക്ക് നിഴല്‍ തിറ, കാളി തിറ, ഗുരുതി. കാലത്ത് 8 മണിക്ക് നടക്കുന്ന വാളകം കൂടലോടെ ഈ വര്‍ഷത്തെ തിറ മഹോത്സത്തിന് സമാപനമാവും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/269271/the-punapritstha-thira-mahotsava-celebrations-of-kannatti-vanchikuli-devasthanam-will-begin-tomorrow)