---
title: "ചെങ്ങോടുമല ; ഇ.സിക്ക് വേണ്ടി ക്വാറി കമ്പനി കേന്ദ്രത്തില്‍ അപേക്ഷ നല്‍കി "
english_title: "chengodumala; The quarry company applied to the center for EC"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26961/chengodumala-the-quarry-company-applied-to-the-center-for-ec"
published_at: "2022-02-17T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e63bce4e69_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ചെങ്ങോടുമല ; ഇ.സിക്ക് വേണ്ടി ക്വാറി കമ്പനി കേന്ദ്രത്തില്‍ അപേക്ഷ നല്‍കി 

> **Lead Summary:** **കൂട്ടാലിട: **ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതിക്ക് വേണ്ടി ഡെല്‍റ്റ റോക്‌സ് പ്രൊഡക്റ്റ് ഉടമ തോമസ് ഫിലിപ്പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള പരിസ്ഥിതിയാഘാത നിര്‍ണയ സമിതിക്ക് അപേക്ഷ നല്‍കി.

## Article Content

**കൂട്ടാലിട: **ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതിക്ക് വേണ്ടി ഡെല്‍റ്റ റോക്‌സ് പ്രൊഡക്റ്റ് ഉടമ തോമസ് ഫിലിപ്പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള പരിസ്ഥിതിയാഘാത നിര്‍ണയ സമിതിക്ക് അപേക്ഷ നല്‍കി.

2021 നവംബര്‍ 2 ആണ് അപേക്ഷ നല്‍കിയത്. ഡിസംബര്‍ 14 ന് ഇത് മിനുട്‌സില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ നടപടികള്‍ വളരെ വേഗത്തില്‍ നടക്കുന്നുമുണ്ട്.

സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ സമിതിയുടെ കാലാവധി കഴിഞ്ഞതുകൊണ്ടാണ് കേന്ദ്രത്തെ സമീപിച്ചതെന്നാണ് കമ്പനി അപേക്ഷയില്‍ പറയുന്നത്. ക്വാറി കമ്പനിക്ക് നാല് വര്‍ഷം മുമ്പ് ജില്ലാ പാരിസ്ഥിതികാഘാത വിലയിരുത്തല്‍ സമിതി പാരിസ്ഥിതി അനുമതി നല്‍കിയിരുന്നു.

എന്നാല്‍ നാട്ടുകാരുടെ ശക്തമായ സമരത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് കലക്ടര്‍ പാരിസ്ഥിതികാനുമതി മരവിപ്പിച്ചു.

തുടര്‍ന്ന് കമ്പനി, സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ സമിതി മുമ്പാകെ ഇ.സിക്കുള്ള അപേക്ഷ നല്‍കി. ഈ അപേക്ഷയില്‍ സംസ്ഥാന വിദഗ്ധ വിലയിരുത്തല്‍ സമിതി ചെങ്ങോടുമല സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചെങ്ങോടുമലയില്‍ ഖനനം പാടില്ലെന്ന് വ്യക്തമാക്കുകയും മല സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

വിദഗ്ധ സമിതിയുടെ ശുപാര്‍ശ പാരിസ്ഥിതി കാഘാത സമിതി ഇതുവരെ അംഗീകരിച്ചിട്ടില്ല. ക്വാറി കമ്പനിയുടെ വാദം കേട്ട ശേഷം തീരുമാനമെടുക്കുമെന്നാണ് പാരിസ്ഥിതികാഘാത വിലയിരുത്തല്‍ സമിതി അറിയിച്ചത്.

എന്നാല്‍ തീരുമാനമെടുക്കും മുമ്പെ സമിതിയുടെ കാലാവധി കഴിഞ്ഞു. ഈ തക്കം മുതലെടുത്താണ് കമ്പനി കേന്ദ്രത്തില്‍ അപേക്ഷ നല്‍കിയത്. ചെങ്ങോടുമല ഖനനത്തിനെതിരെ കഴിഞ്ഞ നാലു വര്‍ഷക്കാലമായി നാട്ടുക്കാര്‍ സമരത്തിലായിരുന്നു.

വിദഗ്ധ സമിതി ഇ.സി നല്‍കാനുള്ള അപേക്ഷ തള്ളാന്‍ ശുപാര്‍ശ ചെയ്തതോടെ നാട്ടുകാര്‍ വലിയ ആശ്വാസത്തിലായിരുന്നു. എന്നാല്‍ വീണ്ടും ഇ.സിക്ക് വേണ്ടിയുള്ള അപേക്ഷയുമായി കമ്പനി കേന്ദ്രത്തെ സമീപിച്ചപ്പോള്‍ നാട്ടുകാര്‍ വലിയ ആശങ്കയിലാണ്.

ക്വാറി കമ്പനി പൊളിച്ച കുടിവെള്ള ടാങ്ക് ചെങ്ങോടുമലയില്‍ പുന:സ്ഥാപിക്കുകയും വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം ചെങ്ങോടുമല സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കുകയും ചെയ്യണമെന്നാണ് സമരസമിതിയുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26961/chengodumala-the-quarry-company-applied-to-the-center-for-ec)