---
title: "പേരാമ്പ്ര പഞ്ചായത്ത് ഫെസ്റ്റ് ബഹിഷ്‌കരിക്കും; യുഡിഎഫ് "
english_title: "Perambra Panchayat to boycott fest; UDF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/270157/perambra-panchayat-to-boycott-fest-udf"
published_at: "2025-02-14T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aedbff0c6fc_rajan_m.jpg"
keywords: []
---

# പേരാമ്പ്ര പഞ്ചായത്ത് ഫെസ്റ്റ് ബഹിഷ്‌കരിക്കും; യുഡിഎഫ് 

> **Lead Summary:** **പേരാമ്പ്ര : **ഭരണവിരുദ്ധ വികാരത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി മാത്രം നടത്തുന്ന പേരാമ്പ്ര പഞ്ചായത്ത് ഫെസ്റ്റ് ബഹിഷ്‌കരിക്കുവാന്‍ പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി തീരുമാനിച്ചതായി യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര : **ഭരണവിരുദ്ധ വികാരത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി മാത്രം നടത്തുന്ന പേരാമ്പ്ര പഞ്ചായത്ത് ഫെസ്റ്റ് ബഹിഷ്‌കരിക്കുവാന്‍ പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി തീരുമാനിച്ചതായി യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വികസന പ്രവര്‍ത്തനങ്ങളും, പദ്ധതി പ്രവര്‍ത്തനങ്ങളും നിശ്ചലമായ ഗ്രാമ പഞ്ചായത്താണ് പേരാമ്പ്ര. എന്നാല്‍ പേരാമ്പ്രയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളെപ്പോലെ തന്നെ ഈ സാമ്പത്തിക വര്‍ഷവും പദ്ധതിയിലെ തുക ചെലവഴിക്കാന്‍ കഴിയാതെ നട്ടം തിരിയുമ്പോളാണ് ഈ ഫെസ്റ്റ് നടത്തുന്നതെന്നും എസ്.സി. വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പും, പഠനമുറിയും നല്‍കുവാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല എന്നും വാര്‍ഡ് ഒന്നിന് ഒരു എസ്.സി. കുടുംബത്തിനും ഒരു ജനറല്‍ കുടുംബത്തിനുമായി വീട് അറ്റകുറ്റപ്പണിക്ക് നല്‍കുന്ന ഒരു ലക്ഷം രൂപ എന്നത് ഈ നിമിഷം വരെ ഒരു രൂപ കൊടുക്കാന്‍ പഞ്ചായത്തിന് സാധിച്ചിട്ടില്ല എന്നും നേതാക്കള്‍ പറഞ്ഞു.

ലൈഫ് ഭവന പദ്ധതി പ്രകാരം എസ്.സി. ജനറല്‍ വിഭാഗങ്ങളായ ഒന്ന് രണ്ട് ഗഡുക്കള്‍ നല്‍കിയ 76 പേര്‍ക്ക് ബാക്കി ഗഡുക്കള്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും നല്‍കാന്‍ പഞ്ചായത്തിന് കഴിയുന്നില്ല. ലൈഫിലെ ബാക്കിവരുന്ന 356 പേരെ എപ്പോള്‍ പരിഗണിക്കുമെന്ന് അറിയില്ല എസ്.സി വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും ജനറല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഈ വര്‍ഷം കക്കൂസ് നല്‍കാന്‍ പഞ്ചായത്തില്‍ പദ്ധതിയില്ല എന്നും അവര്‍ പറഞ്ഞു.

ജലജീവന്‍ തകര്‍ത്ത റോഡ് എന്ന് ശരിയാക്കുമെന്ന് പഞ്ചായത്തിന് അറിയില്ല, പേരാമ്പ്രയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നില്ല, പേരാമ്പ്രയിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുവാന്‍ നടപടിയില്ല, ടൗണിലെ തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കുവാന്‍ യാതൊരു നടപടിയുമില്ല, പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ രാത്രിയായാല്‍ ഒരു വെട്ടം പോലും കാണാന്‍ കഴിയില്ല, സാമൂഹ്യ വിരുദ്ധരുടെയും ലഹരി സംഘങ്ങളുടെയും വിഹാര കേന്ദ്രമാണ് പേരാമ്പ്ര ബസ് സ്റ്റാന്റ്, കര്‍ഷകര്‍ക്ക്‌തെങ്ങിന് നല്‍കേണ്ട വളത്തിന്റെ സബ്‌സിഡി പോലും നല്‍കാന്‍ ഗ്രാമ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ തരത്തിലുമുള്ള കുടിവെള്ള പദ്ധതികള്‍ക്കും ഉപയോഗിക്കാവുന്ന സി.എഫ്.സി. ഫണ്ട് 40 ലക്ഷം നരിക്കുലാപുഴയില്‍ വിതറിയതുകൊണ്ട് എന്ത് നേട്ടമുണ്ടായതെന്നും കോളനികള്‍ക്ക്...പാവങ്ങള്‍ക്ക്... കൃഷിക്കാര്‍ക്ക്....വിദ്യാര്‍ത്ഥികള്‍ക്ക്....വയോജനങ്ങള്‍ക്ക്...സ്ത്രീകള്‍ക്ക് വേണ്ടി എന്തു ചെയ്യാന്‍ ഗ്രാമ പഞ്ചായത്തിന് കഴിഞ്ഞു എന്നും. കഴിഞ്ഞ നാലു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഒന്നും പറയാനില്ലാത്തപ്പോള്‍ പാട്ടു കൊണ്ടും ഡാന്‍സ് കൊണ്ടും 4 വര്‍ഷത്തെ വികസന മുരടിപ്പ് മാറ്റാന്‍ കഴിയുമോ. ടി.പി. രാമകൃഷ്ണന്‍ മന്ത്രിയായപ്പോള്‍ പേരാമ്പ്രയില്‍ നടത്തിയ നിയോജക മണ്ഡലം ഫെസ്റ്റ് ലക്ഷങ്ങള്‍ പൊടിപൊടിച്ചു നടത്തിയില്ലേ, പല പ്രാവശ്യം അതിന്റെ കണക്കിന്റെ കാര്യം ചോദിച്ചു. ഇത് വരെ നിയോജക മണ്ഡലം ഫെസ്റ്റിന്റെ വരവ് - ചെലവ് കണക്ക് അവതരിപ്പിച്ചിട്ടില്ല എന്നും അവര്‍ പറഞ്ഞു.

ഞങ്ങള്‍ കലയെ സ്‌നേഹിക്കുന്നു.... യഥാര്‍ത്ഥ സത്യത്തെ തുറന്നു കാണിക്കാന്‍.... ഫെസ്റ്റ് യു.ഡി. എഫ്. ബഹിഷ്‌കരിക്കുന്നു എന്നും ഫെസ്റ്റിനു 50 ലക്ഷം മുടക്കാന്‍ നോക്കുന്ന പഞ്ചായത്ത് ഒന്ന് ചിന്തിക്കുക... പാവപ്പെട്ട സാധാരണക്കാര്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ പ്രയാസപ്പെടുമ്പോള്‍ ആര്‍ക് വേണ്ടി.... എന്തിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കി നടക്കുന്ന ഫെസ്റ്റ് മനസ്സിരുത്തി ചിന്തിക്കുക എന്നും നേതാക്കള്‍ പറഞ്ഞു.

രാജന്‍ മരുതേരി, പുതുക്കുടി അബ്ദുറഹിമാന്‍, കെ.പി റസാഖ്, കെ.സി രവീന്ദ്രന്‍, പി.എസ് സുനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/270157/perambra-panchayat-to-boycott-fest-udf)