---
title: "ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം; രുഗ്മിണി സ്വയംവര ഘോഷയാത്ര നടത്തി"
english_title: "Srimad Bhagavata Saptaha Yajna; Rugmini Swayamvara took out the procession"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/271722/srimad-bhagavata-saptaha-yajna-rugmini-swayamvara-took-out-the-procession"
published_at: "2025-02-20T23:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b76f6ead601_1aere.JPG"
keywords: []
---

# ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം; രുഗ്മിണി സ്വയംവര ഘോഷയാത്ര നടത്തി

> **Lead Summary:** **പേരാമ്പ്ര: **മരുതേരി ചെറുകാശി ശിവക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി യജ്ഞത്തിലെ 5-ാം ദിവസം രുഗ്മിണി സ്വയംവര ഘോഷയാത്ര സംഘടിപ്പിച്ചു. മരുതേരി പുളീക്കണ്ടി മീപ്പുര മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ചെറുകാശി ശിവ ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു. യജ്ഞാചാര്യന്‍ പഴേടം വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് 7 ദിവസത്തെ യജ്ഞം നടക്കുന്നത്.

## Article Content

**പേരാമ്പ്ര: **മരുതേരി ചെറുകാശി ശിവക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി യജ്ഞത്തിലെ 5-ാം ദിവസം രുഗ്മിണി സ്വയംവര ഘോഷയാത്ര സംഘടിപ്പിച്ചു. മരുതേരി പുളീക്കണ്ടി മീപ്പുര മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ചെറുകാശി ശിവ ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു. യജ്ഞാചാര്യന്‍ പഴേടം വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് 7 ദിവസത്തെ യജ്ഞം നടക്കുന്നത്.

ശ്രീകൃഷ്ണ വിഗ്രഹവുമായി വന്ന രുഗ്മിണിയോടൊപ്പം തകിലും, ഉണ്ണി കണ്ണനും മുത്തുകുടയേന്തിയ ബാലികമാരും അമ്മമാരും താലപ്പൊലിയേന്തിയ കൊച്ചു കുട്ടികളും അകമ്പടിയായി ഉണ്ടായിരുന്നു. ഘോഷയാത്രക്ക് വി.കെ രമേശന്‍, രാജന്‍ മരുതേരി, അനിരുദ്ദന്‍, എം.എന്‍ സതീശന്‍, ടി. നിധീഷ്, പി.ഇ രവീന്ദ്രന്‍, എം.കെ ദിനേശന്‍, ടി സുബീഷ്, കെ. രജീഷ്, പി. കുഞ്ഞികൃഷ്ണന്‍, എം.കെ കൃഷ്ണന്‍, രാഘവന്‍ പൊയില്‍, ഇ.കെ നാരായണി, കെ. ഇന്ദിര, രാധ ശിവപാദം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഹിന്ദുപുരാണങ്ങളനുസരിച്ച് ഭഗവാന്‍ ശ്രീകൃഷ്ണന്റെ പ്രധാന പത്‌നിയാണ് രുഗ്മിണി. വിദര്‍ഭ രാജ്യത്തെ രാജാവായിരുന്ന ഭീഷ്മകന്റെ പുത്രിയായിരുന്നു ഇവര്‍. രുഗ്മി മൂത്ത സഹോദരനും. രുഗ്മിണിയുടെ ആഗ്രഹപ്രകാരം ശ്രീകൃഷ്ണന്‍ ഇവരെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. ശ്രീകൃഷ്ണന്റെ 16,008 ഭാര്യമാരില്‍ പ്രഥമയും പ്രധാനിയുമായിരുന്നു രുഗ്മിണി. ശ്രീകൃഷ്ണന്റെ രാജ്യമായ ദ്വാരകയിലെ രാജ്ഞിയും ഇവര്‍ തന്നെയായിരുന്നു. ഐശ്വര്യദേവതയായ ലക്ഷ്മിയുടെ അവതാരമായാണ് രുഗ്മിണിയെ പുരാണങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പതിനാറാമത്തെ വയസ്സില്‍ ആയിരുന്നു രുഗ്മിണിയുടെ വിവാഹം. അതി സുന്ദരിയായ രുഗ്മിണിയുടെ സഹോദരന്‍ മഹാ പരാക്രമിയും പരശുരാമ ശിഷ്യനും ആയ രുഗ്മി ആയിരുന്നു. മനസ്സ് കൊണ്ട് തന്റെ പുത്രിയെ കൃഷ്ണന് കൊടുക്കാന്‍ ആഗ്രഹിച്ച ഭീഷ്മക രാജാവ് പക്ഷെ 'പരശുരാമനില്‍' നിന്നും ഭാര്‍ഗവാസ്ത്രം നേടിയ രുഗ്മിയുടെ ചെയ്തികളെ എന്നും ഭയന്നിരുന്നു.

അതിനാല്‍ രുഗ്മിയുടെ ആഗ്രഹത്തിന് വഴങ്ങി മകളെ ശിശുപാലനു നല്‍കാനുള്ള തീരുമാനം അദ്ദേഹത്തിന് എടുക്കേണ്ടി വന്നു. താന്‍ കൃഷ്ണനെ അല്ലാതെ അന്യനെ വരിക്കയില്ലെന്ന് രുഗ്മിണി ഒരു ബ്രഹ്‌മണന്‍ മുഖേന കൃഷ്ണനെ അറിയിക്കയാല്‍ സ്വയംവര സമയത്ത് അദ്ദേഹം വന്നു. ബലാല്‍ അവളെ തേരില്‍ കയറ്റി കൊണ്ടുപോയി. സകല രാജാക്കന്മാരും സ്വയംവരത്തിനു വന്നിരുന്നു. രാജാക്കന്മാരുടെ നിര്‍ബന്ധ പ്രകാരം കൃഷ്ണനെ തടയുവാന്‍ വേണ്ടി അവിടെ ഒരു ഭയങ്കര യുദ്ധം അരങ്ങേറുന്നു.

ഒറ്റയ്ക്ക് രുഗ്മിണീ രാജകുമാരിയുമായി മുന്‍പോട്ട് പോയ കൃഷ്ണനോട് രുഗ്മി ഒറ്റയ്ക്കാണ് ഏറ്റുമുട്ടിയത്. പരശുരാമ ശിഷ്യനായ രുഗ്മിയെ കൃഷ്ണന്‍ തോല്പിക്കുകയും രുഗ്മിണിയുടെ അപേക്ഷ മാനിച്ചു വധിക്കാതെ ജീവന്‍ ദാനം നല്‍കി വിടുകയും ചെയ്തു. കൃഷ്ണനെ പിന്തുടര്‍ന്ന രാജാക്കന്മാരും ആയി ബാലരാമനും സാത്യകിയും ഉള്‍പ്പെടുന്ന യാദവ സൈന്യം ഏറ്റുമുട്ടുകയും ജരാസന്ദനോടൊപ്പം അവരെ എല്ലാവരെയും പരാജയപ്പെടുത്തുകയും ചെയ്തു.

കൃഷ്ണന് രുഗ്മിണിയില്‍ പത്ത് പുത്രന്മാരും ഒരു പുത്രിയുമുണ്ടായിട്ടുണ്ട്. കൃഷ്ണന്‍ സ്വര്‍ഗ്ഗാരോഹണം പ്രാപിച്ചതിനു ശേഷം രുക്മിണി ചിതയില്‍ ചാടി മരിച്ചു എന്നാണ് ഐതിഹ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/271722/srimad-bhagavata-saptaha-yajna-rugmini-swayamvara-took-out-the-procession)