---
title: "ഗ്യാസ് ലീക്കായി തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി"
english_title: "The fire was caused by a gas leak, causing panic at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/274023/the-fire-was-caused-by-a-gas-leak-causing-panic-at-perambra"
published_at: "2025-03-02T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c494eef0f3a_aswe.jpg"
keywords: []
---

# ഗ്യാസ് ലീക്കായി തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി

> **Lead Summary:** **പേരാമ്പ്ര: **കല്ലോട് തച്ചറത്ത്കണ്ടി ഓമന അമ്മയുടെ വീട്ടിലെ ഗാര്‍ഹിക എല്‍പിജി ഗ്യാസ് ലീക്കായി തീ പടര്‍ന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. എല്‍പിജി കണക്ഷനില്‍ റഗുലേറ്ററിന് സമീപം പൈപ്പ് ലീക്കായാണ് തീ പടര്‍ന്നത്. രണ്ട് ദിവസം മുമ്പ് മാറ്റിനിറച്ച് കണക്റ്റ് ചെയ്ത സിലിണ്ടര്‍ ആണ് എന്നത് ജനങ്ങളില്‍ കൂടുതല്‍ പരിഭ്രാന്തി പരത്തി.

## Article Content

**പേരാമ്പ്ര: **കല്ലോട് തച്ചറത്ത്കണ്ടി ഓമന അമ്മയുടെ വീട്ടിലെ ഗാര്‍ഹിക എല്‍പിജി ഗ്യാസ് ലീക്കായി തീ പടര്‍ന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. എല്‍പിജി കണക്ഷനില്‍ റഗുലേറ്ററിന് സമീപം പൈപ്പ് ലീക്കായാണ് തീ പടര്‍ന്നത്. രണ്ട് ദിവസം മുമ്പ് മാറ്റിനിറച്ച് കണക്റ്റ് ചെയ്ത സിലിണ്ടര്‍ ആണ് എന്നത് ജനങ്ങളില്‍ കൂടുതല്‍ പരിഭ്രാന്തി പരത്തി.

ചണച്ചാക്ക് നനച്ചിട്ട് തീ പ്രതിരോധിക്കാന്‍ സമീപവാസികള്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഉടന്‍ പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ വിവരം അറിയിക്കുകയായിരുന്നു. നിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമന്റെ നേതൃത്വത്തില്‍ ഒരു യൂണിറ്റ് സ്ഥലത്തെത്തി റെഗുലേറ്റര്‍ ഓഫ് ചെയ്ത് തീ അണച്ചു. ഫയര്‍ & റെസ്‌ക്യു ഓഫീസര്‍മാരായ കെ.കെ ഗിരീഷ്, പി.സി ധീരജ്‌ലാല്‍, എം.കെ ജിഷാദ്, ഹോംഗാര്‍ഡ് പി മുരളീധരന്‍ എന്നിവരാണ് യൂണിറ്റില്‍ ഉണ്ടായിരുന്നത്.

നാട്ടുകാര്‍ക്ക് എല്‍പിജി അഗ്‌നിബാധ ഉണ്ടായാല്‍ ചെയ്യേണ്ട പ്രാഥമിക പ്രവര്‍ത്തനങ്ങളെ കുറിച്ച് പി.സി പ്രേമന്‍ ലഘുവിവരണം നല്‍കി. എല്‍പിജി ലീക്ക് കണ്ടാല്‍ റെഗുലേറ്റര്‍ ഓഫ് ചെയ്ത് സുരക്ഷാ അടപ്പ് ഇട്ട് കെട്ടിടത്തിന് വെളിയിലേക്ക് മാറ്റുക. ഓരോ ഉപയോഗശേഷവും റെഗുലേറ്റര്‍ ഓഫ് ചെയ്യുക. രാത്രിയില്‍ റെഗുലേറ്റര്‍ ഓഫ് ചെയ്‌തെന്ന് ഉറപ്പുവരുത്തുക. ഐഎസ്‌ഐ മുദ്രയുള്ളതും അംഗീകൃതവുമായ ഉപകരണങ്ങളും റെഗുലേറ്ററും ഉപയോഗിക്കുക. അപകടസാധ്യത കാണുന്ന പക്ഷം ഗ്യാസ് ഏജന്‍സിയേയും, അഗ്‌നി രക്ഷാസേനയേയും വിവരം അറിയിക്കുക.

ഒരു കെട്ടിടത്തില്‍ ലീക്കുണ്ടായാല്‍ സമീപവാസികളെ വിവരം ധരിപ്പിക്കുക. ആവശ്യമായ സുരക്ഷാമുന്‍കരുതലുകളെടുക്കുക തുടങ്ങിയ വിവരങ്ങള്‍ നാട്ടുകാരുമായി സേന പങ്കുവെച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/274023/the-fire-was-caused-by-a-gas-leak-causing-panic-at-perambra)